വമ്പന്‍ നേട്ടവുമായി ആര്‍.ആര്‍.ആര്‍; ഏറ്റെടുത്ത് ആരാധകര്‍
Entertainment news
വമ്പന്‍ നേട്ടവുമായി ആര്‍.ആര്‍.ആര്‍; ഏറ്റെടുത്ത് ആരാധകര്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 15th August 2022, 10:13 am

എസ്.എസ് രാജമൗലിയുടെ സംവിധാനത്തില്‍ രാംചരണും ജൂനിയര്‍ എന്‍.ടി.ആറും അഭിനയിച്ച ആര്‍.ആര്‍.ആര്‍ വലിയ വിജയമായിരുന്നു.

2022 മാര്‍ച്ച് 24ന് തിയേറ്ററുകളില്‍ എത്തിയ ചിത്രം സകല കളക്ഷന്‍ റെക്കോഡുകള്‍ തകര്‍ത്താണ് തിയേറ്റര്‍ വിട്ടത്. പിന്നീട് നെറ്റ്ഫ്ലിക്‌സിലൂടെയും ചിത്രത്തിന് വലിയ സ്വീകരണം ലഭിച്ചിരുന്നു.

ഇന്ത്യക്ക് പുറത്ത് ചിത്രം ഏറെ ചര്‍ച്ചയാവുകയും ചെയ്തതാണ്. ഹോളിവുഡ് സംവിധായകരും, സാങ്കേതിക പ്രവര്‍ത്തകരും ഒക്കെ ചിത്രത്തെയും സിനിമയിലെ താരങ്ങളുടെ പ്രകടനത്തെയും പ്രശംസിച്ച് രംഗത്ത് എത്തിയിരുന്നു.

ഇപ്പോഴിതാ ഹോളിവുഡ് മാഗസിന്‍ ആയ ‘വെറൈറ്റി’ ഈ വര്‍ഷം ഓസ്‌കര്‍ നേടിയേക്കാവുന്ന അണ്‍ റാങ്ക്ഡ് പട്ടികയില്‍ ചിത്രത്തിന് ഇടം നല്‍കിയിരിക്കുകയാണ്.

മികച്ച നടന്‍, മികച്ച സിനിമ എന്നീ സാധ്യത പട്ടികളിലാണ് സിനിമയ്ക്ക് മാഗസിന്‍ ഇടം നല്‍കിയിരിക്കുന്നത്. ജൂനിയര്‍ എന്‍ ടി ആറാണ് ‘വെറൈറ്റി’യുടെ മികച്ച നടന്റെ പട്ടികയില്‍ ഇടം നേടിയത്. വെറൈറ്റിയുടെ പട്ടിക ഇതിനകം സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.


ആരാധകരും പട്ടിക ഏറ്റെടുത്ത് കഴിഞ്ഞു. അല്ലൂരി സീതാരാമ രാജു, കൊമരം ഭീം എന്നീ യഥാര്‍ത്ഥ വ്യക്തികളാണ് ആര്‍.ആര്‍.ആറില്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്നത്. രാം ചരണും ജൂനിയര്‍ എന്‍.ടി.ആറും പ്രധാന വേഷത്തില്‍ എത്തിയ ചിത്രത്തില്‍ ആലിയ ഭട്ട് ആയിരുന്നു നായിക.

ബോളിവുഡ് താരം അജയ് ദേവ്ഗണും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയിരുന്നു. ജൂനിയര്‍ എന്‍.ടി.ആര്‍. കൊമരം ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തിയത്. ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിച്ചത്.

നേരത്തെ ഹോളിവുഡ് നടനും തിരക്കഥാകൃത്തുമായ പാറ്റണ്‍ ഓസ്വാള്‍ട്ട് ചിത്രം പരമാവധി ഐമാക്‌സ് ഫോര്‍മാറ്റില്‍ തന്നെ കാണണമെന്ന് ആരാധകരോട് റെക്കമന്‍ഡ് ചെയ്തിരുന്നു.

Content Highlight: RRR and Jr Ntr on the possible list of oscars by variety magazine list viral on social media