രാജസ്ഥാനെ തല്ലിയൊതുക്കി അഭിഷേക്; കിങ് തലപ്പത്തുള്ള റെക്കോഡില്‍ രണ്ടാമന്‍!
IPL
രാജസ്ഥാനെ തല്ലിയൊതുക്കി അഭിഷേക്; കിങ് തലപ്പത്തുള്ള റെക്കോഡില്‍ രണ്ടാമന്‍!
ഫസീഹ പി.സി.
Saturday, 25th April 2026, 11:07 pm

ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മിലുള്ള മത്സരം സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. നിലവില്‍ 14 ഓവറുകള്‍ പിന്നിടുമ്പോള്‍ ഹൈദരാബാദ് മൂന്ന് വിക്കറ്റിന് 180 റണ്‍സെടുത്തിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡിയും (എട്ട് പന്തില്‍ 14) ഹെന്റിക് ക്ലാസനുമാണ് (11 പന്തില്‍ 12) ക്രീസിലുള്ളത്.

മത്സരത്തില്‍ അര്‍ധ സെഞ്ച്വറി നേടിയാണ് അഭിഷേക് ശര്‍മ തിരികെ നടന്നത്. 29 പന്തില്‍ 57 റണ്‍സായിരുന്നു താരത്തിന്റെ സമ്പാദ്യം. ഒരു സിക്സും 11 ഫോറുമടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

അഭിഷേക് ശർമ.Photo: iplt20.com

മറ്റൊരു മത്സരത്തില്‍ കൂടെ 30+ സ്‌കോര്‍ കണ്ടെത്തിയതോടെ ഒരു സൂപ്പര്‍ നേട്ടവും അഭിഷേക് നേടിയെടുത്തു. ഐ.പി.എല്ലില്‍ 200+ റണ്‍സ് ചെയ്സില്‍ ഏറ്റവും കൂടുതല്‍ 30+ റണ്‍സ് നേടുന്ന രണ്ടാമത്തെ താരമെന്ന് നേട്ടമാണ് ഓപ്പണര്‍ കുറിച്ചത്. ഇത് പത്താം തവണയാണ് ടൂര്‍ണമെന്റില്‍ ഇടം കൈയ്യന്‍ ബാറ്റര്‍ ഒരു 200+ റണ്‍സ് ചെയ്സില്‍ 30ന് മുകളില്‍ റണ്‍സ് നേടുന്നത്.

ഈ ലിസ്റ്റില്‍ വിരാട് കോഹ്ലിയാണ് ഒന്നാമത്. 22 ഇന്നിങ്‌സില്‍ 11 തവണയാണ് താരം 200 + റണ്‍സ് ചെയ്സില്‍ 30 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുള്ളത്.

അഭിഷേകിന് പുറമെ ഇഷാന്‍ കിഷനെയും (31 പന്തില്‍ 74) ട്രാവിസ് ഹെഡിനെയുമാണ് (അഞ്ച് പന്തില്‍ ആറ്) ഹൈദരാബാദിന് നഷ്ടമായത്. രാജസ്ഥനായി ജോഫ്ര ആര്‍ച്ചര്‍ രണ്ട് വിക്കെടുത്തപ്പോള്‍ ഡൊണോവന്‍ ഫെരേര ഒരു വിക്കറ്റും സ്വന്തമാക്കി.

വൈഭവ് സൂര്യവംശി.Photo: espncricinfo.com

നേരത്തെ ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ റോയല്‍സ് ആറ് വിക്കറ്റിന് 228 റണ്‍സെടുത്തിരുന്നു. വൈഭവ് സൂര്യവംശി 37 പന്തില്‍ 103 റണ്‍സെടുത്തപ്പോള്‍ ധ്രുവ് ജുറെല്‍ 35 പന്തില്‍ 51 റണ്‍സ് നേടി. ഡൊണോവന്‍ ഫെരേര 16 പന്തില്‍ 33 റണ്‍സ് സ്‌കോര്‍ ചെയ്ത് ഭേദപ്പെട്ട പ്രകടനം നടത്തി.

ഹൈദരബാദിനായി ഇഷാന്‍ മലിംഗ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി. പാറ്റ് കമ്മിന്‍സ്, നിതീഷ് കുമാര്‍ റെഡ്ഡി, പ്രഫുല്‍ ഹിംഗെ, സാകിബ് ഹുസൈന്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതമെടുത്തു.

Content Highlight: IPL 2026: RR vs SRH: Abhishek Sharma became second batter to score most 30+ runs in 200+ run chase in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി