ചരിത്രം! ഡബ്ല്യു.പി.എല്ലില്‍ ഇങ്ങനെയൊരു ടീമാദ്യം
WPL
ചരിത്രം! ഡബ്ല്യു.പി.എല്ലില്‍ ഇങ്ങനെയൊരു ടീമാദ്യം
ഫസീഹ പി.സി.
Monday, 19th January 2026, 11:58 pm

വനിതാ പ്രീമിയര്‍ ലീഗില്‍ (ഡബ്ല്യു.പി.എല്‍) യു.പി. വോറിയേഴ്‌സിനെ കീഴ്പ്പെടുത്തി ആര്‍.സി.ബി തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. മത്സരത്തില്‍ 61 റണ്‍സിനാണ് ടീം വോറിയേഴ്‌സിനെ പരാജയപ്പെടുത്തിയത്. വിജയത്തോടെ മുന്‍ ചാമ്പ്യമാര്‍ ഈ സീസണില്‍ പ്ലേ ഓഫിലേക്ക് പ്രവേശിച്ച ആദ്യ ടീമായി മാറി.

ആര്‍.സി.ബി ഉയര്‍ത്തിയ 179 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന വോറിയേഴ്‌സിന് 117 റണ്‍സ് മാത്രമാണ് എടുത്തത്. അതോടെ 2026 സീസണില്‍ കളിച്ച എല്ലാ മത്സരത്തിലും വിജയിക്കാന്‍ ടീമിന് സാധിച്ചു. സീസണിലെ അഞ്ചാം വിജയമാണ് ടീം ഇന്ന് നേടിയെടുത്തത്.

ആർ.സി.ബി. Photo: Royal Challengers Bengaluru/x.com

അതോടെ ഡബ്ല്യു.പി.എല്ലില്‍ തുടര്‍ച്ചയായി ആറ് വിജയങ്ങള്‍ നേടുന്ന ആദ്യ ടീമെന്ന നേട്ടവും ആര്‍.സി.ബി കരസ്ഥമാക്കി. ഈ സീസണിലെ അഞ്ച് മത്സരങ്ങള്‍ക്ക് പുറമെ 2025 സീസണിലെ അവസാന മത്സരവും ടീം ജയിച്ചിരുന്നു. കൂടാതെ, ഈ സീസണില്‍ പരാജയമറിയാതെ കുതിപ്പ് നടത്തിയതോടെയാണ് ആര്‍.സി.ബിയുടെ ഈ നേട്ടം.

കഴിഞ്ഞ സീസണില്‍ തങ്ങളുടെ അവസാന മത്സരത്തില്‍ ആര്‍.സി.ബി മുംബൈ ഇന്ത്യന്‍സിനെ തോല്‍പ്പിച്ചിരുന്നു. പിന്നാലെ ഈ സീസണിലും മുംബൈയെ സ്മൃതിയുടെ സംഘം മുട്ടുകുത്തിച്ചു. ഒപ്പം ഗുജറാത്ത് ജയന്റ്‌സിനെ രണ്ട് വട്ടവും ദല്‍ഹി ക്യാപിറ്റല്‍സിനെയും ഒരു തവണയും പരാജയപ്പെടുത്തി. ഇപ്പോള്‍ യു.പി. വോറിയേഴ്‌സിന് എതിരെയും വിജയം സ്വന്തമാക്കി. അതോടെ ചരിത്രം സൃഷ്ടിക്കുകയും ചെയ്തു.

അതേസമയം മത്സരത്തില്‍ ഗൗതമി നായിക് മികച്ച പ്രകടനം നടത്തി. താരം 55 പന്തില്‍ 73 റണ്‍സാണ് എടുത്തത്. ഒപ്പം റിച്ച ഘോഷ് (20 പന്തില്‍ 27), സ്മൃതി മന്ഥാന (23 പന്തില്‍ 26) സംഭാവന ചെയ്തു.

വോറിയേഴ്സിനായി കേശവി ഗൗതമും ആഷ്ലി ഗാര്‍ഡനറും രണ്ട് വിക്കറ്റുകള്‍ വീതം എടുത്തപ്പോള്‍ രേണുക സിങ്ങും സോഫി ഡിവൈനും ഓരോ വിക്കറ്റുകള്‍ വീതം നേടി.

മറുപടി ബാറ്റിങ്ങില്‍ ക്യാപ്റ്റന്‍ ആഷ്ലി ഗാര്‍ഡ്നര്‍ 43 പന്തില്‍ 54 റണ്‍സെടുത്തു. അനുഷ്‌ക ശര്‍മ (20 പന്തില്‍ 18), ഭാരതി ഫുല്‍മാലി (15 പന്തില്‍ 14) എന്നിവര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

ആര്‍.സി.ബിക്കായി സയാലി സത്ഘരെ മൂന്ന് വിക്കറ്റും നാദിന്‍ ഡി ക്ലാര്‍ക്ക് രണ്ട് വിക്കറ്റും സ്വന്തമാക്കി. ശ്രേയങ്ക പാട്ടീല്‍, ലൗറന്‍ ബെല്‍, രാധ യാദവ് എന്നിവര്‍ ഓരോ വിക്കറ്റുമായി സംഭാവന ചെയ്തു.

Content Highlight: Royal Challengers Bengaluru became first team to register 6 consecutive win in WPL history

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി