റൗഡി എന്നും റൗഡിയായിരിക്കണമെന്നില്ല; പൊലീസ് സ്റ്റേഷനുകളില്‍ റൗഡി പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ട: ഹൈക്കോടതി
Kerala News
റൗഡി എന്നും റൗഡിയായിരിക്കണമെന്നില്ല; പൊലീസ് സ്റ്റേഷനുകളില്‍ റൗഡി പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ട: ഹൈക്കോടതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 1st July 2025, 10:56 pm

കൊച്ചി: പൊലീസ് സ്റ്റേഷനുകളില്‍ റൗഡി പട്ടിക പരസ്യമായി പ്രദര്‍ശിപ്പിക്കേണ്ടതില്ലെന്ന് ഹൈക്കോടതി. പട്ടിക പൊലീസ് ഉദ്യോഗസ്ഥരുടെ അറിവിലേക്ക് വേണ്ടിയുള്ളതാണെന്നും കോടതി പറഞ്ഞു. പരസ്യമായി പട്ടിക പ്രദര്‍ശിപ്പിക്കുമ്പോള്‍ പ്രതികളുടെ സ്വകാര്യത ലംഘിക്കപ്പെടുന്നുവെന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് മാത്രം പ്രവേശനമുള്ളയിടത്ത് വെക്കാനുള്ളതാണ് ഇത്തരം പട്ടികകളെന്നും ജസ്റ്റിസ് കുഞ്ഞികൃഷ്ണന്‍ പറഞ്ഞു.

ഫോര്‍ട്ട് കൊച്ചി പൊലീസ് സ്റ്റേഷനില്‍ പ്രദര്‍ശിപ്പിച്ചിരുന്ന തന്റെ പേരും ഫോട്ടോയും നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒരാള്‍ നല്‍കിയ ഹരജിയിലാണ് കോടതിയുടെ പരാമര്‍ശം. നേരത്തെ ഇയാളെ കോടതി വെറുതെ വിട്ടിരുന്നു.

റൗഡി എന്നും റൗഡിയയായി തന്നെ തുടരണമെന്നില്ലെന്നും കുറ്റവാളിയെ നേരായ മാര്‍ഗത്തിലേക്ക് നയിക്കാന്‍ സമൂഹത്തിന് കടമയുണ്ടെന്നും കോടതി ചൂണ്ടിക്കാട്ടി.

കൂടാതെ റിപ്പര്‍ ജയാനന്ദന് തന്റെ പുസ്തക പ്രകാശനത്തില്‍ പങ്കെടുക്കാന്‍ പരോള്‍ അനുവദിച്ചത്, ഇയാള്‍ മാനസാന്തരത്തിന്റെ പാതയിലാണെന്ന് ബോധ്യപ്പെട്ടതിനാലാണെന്നും കോടതി പറഞ്ഞു.

രാമായണം രചിച്ച വാത്മീകി സപ്തര്‍ഷികളുടെ ഉപദേശം സ്വീകരിക്കുന്നതുവരെ കൊള്ളസംഘത്തിലെ അംഗമായിരുന്നുവെന്നാണ് ഐതിഹ്യമെന്നും കോടതി പരാമര്‍ശിച്ചു. പ്രസ്തുത പരാമര്‍ശത്തിന് പിന്നാലെ രണ്ടാഴ്ചക്കകം ഹരജിക്കാരന്റെ ചിത്രവും പേരും സ്റ്റേഷനില്‍ നിന്ന് നീക്കം ചെയ്യണമെന്നും കോടതി നിര്‍ദേശിച്ചു.

Content Highlight: Rowdy list should not be displayed publicly in police stations: High Court