വരാനിരിക്കുന്നത് കഠിനമായ സമയം; ഒമിക്രോണ്‍ ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളി പറഞ്ഞ് ഐ.എം.എഫ്
World News
വരാനിരിക്കുന്നത് കഠിനമായ സമയം; ഒമിക്രോണ്‍ ഉയര്‍ത്തുന്ന സാമ്പത്തിക വെല്ലുവിളി പറഞ്ഞ് ഐ.എം.എഫ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 10th January 2022, 2:18 pm

വാഷിങ്ടണ്‍: കൊവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ ഒമിക്രോണ്‍ വികസിത രാജ്യങ്ങള്‍ക്ക് ഉയര്‍ത്തുന്ന സാമ്പത്തിക ഭീഷണിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കി ഇന്റര്‍നാഷണല്‍ മോണിറ്ററിങ് ഫണ്ട് (ഐ.എം.എഫ്).

ലോകരാജ്യങ്ങളില്‍, പ്രത്യേകിച്ചും യൂറോപ്യന്‍ രാജ്യങ്ങളില്‍ ഒമിക്രോണ്‍ അനിയന്ത്രിതമായ തോതില്‍ പടര്‍ന്ന് പിടിക്കുന്നത് കാരണം ലോകത്തെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് കുറയുകയും അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് അവരുടെ പലിശനിരക്ക് ഉയര്‍ത്താന്‍ പദ്ധതിയിടുകയും ചെയ്തിരുന്നു.

ഈ പശ്ചാത്തലത്തില്‍ കൂടിയാണ് ഐ.എം.എഫിന്റെ മുന്നറിയിപ്പ് വരുന്നത്.

ഒമിക്രോണ്‍ വ്യാപനം യാതൊരു കുറവുമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ ലോകം ഇനി കാണാന്‍ പോവുന്നത് കഠിനമായ സമയമായിരിക്കുമെന്നും രാജ്യങ്ങളും കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമെന്നുമാണ് ഐ.എം.എഫ് പറയുന്നത്.

ജനുവരി 25ന് ഐ.എം.എഫ് അപ്‌ഡേറ്റ് ചെയ്ത ഇക്കണോമിക് ഫോര്‍കാസ്റ്റ് ഡാറ്റയും പുറത്തുവിടാനിരിക്കുകയാണ്.

ഡിസംബര്‍ പകുതി മുതലാണ് ഒമിക്രോണ്‍ വ്യാപനം ശക്തമായത്. ഇതോടെ ബ്രസീല്‍, ദക്ഷിണാഫ്രിക്ക, റഷ്യ- തുടങ്ങി എമേര്‍ജിംഗ് മാര്‍ക്കറ്റ് രാജ്യങ്ങളെല്ലാം പലിശനിരക്കുകള്‍ വര്‍ധിപ്പിക്കാന്‍ തുടങ്ങിയിരുന്നു. പ്രാദേശിക തലത്തില്‍ വിലവര്‍ധനവും വിദേശ ഫണ്ടുകളിന്മേലുള്ള ആശങ്കയുമായിരുന്നു തീരുമാനത്തിന് പിന്നില്‍.

ഒമിക്രോണ്‍ ലോകം മുഴുവനുമുള്ള ആളുകളെ കൊന്നൊടുക്കുകയാണെന്നും ഇത് നിസാരമായ വകഭേദമാണെന്ന് പറഞ്ഞ് തള്ളിക്കളയരുതെന്നും ലോകാരോഗ്യ സംഘടന നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ഒമിക്രോണ്‍ എന്നത് കൊവിഡിന്റെ അവസാനമായിരിക്കും, ഒടുവിലത്തെ വകഭേദമായിരിക്കും എന്ന് കരുതുന്നത് തെറ്റാണെന്ന് ഡബ്ല്യു.എച്ച്.ഒയുടെ കൊവിഡ് 19 ടെക്നിക്കല്‍ വിഭാഗം മേധാവിയായ മരിയ വാന്‍ കെര്‍കോവും പ്രതികരിച്ചു.

ഫ്രാന്‍സ്, ഗ്രീസ്, ക്രൊയേഷ്യ, നെതര്‍ലാന്‍ഡ്സ്, ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളില്‍ റെക്കോര്‍ഡ് കൊവിഡ് കണക്കുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. പലയിടങ്ങളിലും പ്രതിദിന രോഗികളുടെ എണ്ണം ഒരു ലക്ഷം പിന്നിട്ടിട്ടുണ്ട്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Rough times ahead, IMF’s warning to emerging Economies amid Omicron