മഹാ പ്രളയത്തിന്റെ കഥ പറയുന്ന 'രൗദ്രം'; ഫസ്റ്റ് ലുക്ക് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ടൊവീനോ
Movie Day
മഹാ പ്രളയത്തിന്റെ കഥ പറയുന്ന 'രൗദ്രം'; ഫസ്റ്റ് ലുക്ക് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി ടൊവീനോ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 10th June 2019, 7:21 pm

കൊച്ചി: കൊച്ചി : കേരളം അതിജീവിച്ച മഹാപ്രളയത്തിന്റെ കഥ പറഞ്ഞ് ജയരാജ് രചനയും സംവിധാനവും നിര്‍വഹിച്ച രൗദ്രം 2018. പോസ്റ്റര്‍ യുവനടന്‍ ടോവിനോ തോമസ് തന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. പ്രളയത്തെയും പ്രകൃതിയുടെ രൗദ്രതയെയും പ്രമേയമാക്കിയ ചിത്രത്തില്‍ വൃദ്ധദമ്പതികളുടെ വേഷത്തിലെത്തുന്ന രഞ്ജി പണിക്കര്‍, കെപിഎസി ലീല എന്നിവരാണ് പ്രധാന കഥാപാത്രങ്ങള്‍. പ്രളയകാലത്ത് മധ്യതിരുവിതാംകൂറില്‍ നടന്ന യഥാര്‍ഥ സംഭവങ്ങളെ അടിസ്ഥാനമാക്കിയാണ് ചിത്രത്തിന്റെ തിരക്കഥ.

പ്രകൃതിയുടെ സംഹാര രൗദ്രതാളത്തിനുമുന്നില്‍ നിസഹായരാകുന്ന മനുഷ്യരുടെ കഥയാണ് രൗദ്രം 2018 പറയുന്നതെന്ന് പോസ്റ്റര്‍ പങ്കുവച്ചുകൊണ്ട് ടോവിനോ എഴുതുന്നു. പ്രളയത്തിന്റെ ദുരിതാശ്വാസ, രക്ഷാപ്രവര്‍ത്തനങ്ങളില്‍ നേരിട്ടു പങ്കെടുത്ത ഒരാളെന്ന് നിലയില്‍, യാതനകള്‍ക്കിടയിലും മലയാളി സമൂഹം കാഴ്ച്ചവച്ച ധൈര്യത്തെയും ശക്തിയേയും കൂട്ടായ്മയേയും ഈ അവസരത്തില്‍ താന്‍ അഭിനന്ദിക്കുകയാണെന്നും ടോവിനോ കൂട്ടിച്ചേര്‍ക്കുന്നു.

ജയരാജിന്റെ നവരസ പരമ്പരയിലെ ഏഴാമത്തെ ചിത്രമായ രൗദ്രത്തില്‍ സബിത ജയരാജ്, സരയൂ, ബിനു പപ്പന്‍ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. പ്രകൃതി പിക്ച്ചേഴ്സിന്റെ ബാനറില്‍ ഡോ.സുരേഷ് കുമാര്‍ മുട്ടത്താണ് രൗദ്രത്തിന്റെ നിര്‍മാതാവ്. നിഖില്‍ എസ് പ്രവീണ്‍ ഛായഗ്രഹണവും ജിനു ശോഭ ചിത്രസംയോജനവും സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതവും നിര്‍വഹിക്കുന്നു. അഡ്വ. കെ. ബാലചന്ദ്രന്‍ നിലമ്പൂര്‍ (എക്സിക്യൂട്ടിവ് പ്രൊഡ്യൂസര്‍), സജി കോട്ടയം (പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍), സുനില്‍ ലാവണ്യ (പ്രൊഡക്ഷന്‍ ഡിസൈന്‍), അരുണ്‍ പിള്ള, ലിബിന്‍ (മേക്ക്-അപ്പ്), സുലൈമാന്‍ (കോസ്റ്റിയൂം), രംഗനാഥ് രവി (സൗണ്ട് ഡിസൈന്‍), വാസുദേവന്‍ കൊരട്ടിക്കര (വിഎഫ്എക്സ്), ജയേഷ് പടിച്ചല്‍ (സ്റ്റില്‍),മ.മി.ജോ. (ഡിസൈന്‍) എന്നിവര്‍ അണിയറയിലുണ്ട്.

നവരസപരമ്പരയിലെ ആറാമത്തെ ചിത്രമായ ഭയാനകത്തിന് ദേശീയ, സംസ്ഥാന പുരസ്‌കാരങ്ങളും, ബേയ്ജിങ്, മാഡ്രിഡ് അന്താരാഷ്ട്ര ചലച്ചിത്രമേളകളിലുള്‍പ്പെടെ പുരസ്‌കാരങ്ങളും ലഭിച്ചിരുന്നു.