തിരുവനന്തപുരം: തട്ടം വിവാദത്തില്‍ ചര്‍ച്ചയായ പള്ളുരുത്തിയിലെ സെന്റ് റീത്താസ് പബ്ലിക് സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ സിസ്റ്റര്‍ ഹെലീന ആല്‍ബിയെ ആദരിക്കാന്‍ റോട്ടറി ക്ലബ്ബ്. ഈ വര്‍ഷത്തെ ഏറ്റവും മികച്ച പ്രിന്‍സിപ്പാളിനുള്ള പുരസ്‌കാരമാണ് ഇവര്‍ സിസ്റ്റര്‍ ഹെലീനക്ക് നല്‍കുന്നത്.
തിരുവനന്തപുരം ഡി.സി.സി അംഗവും മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് ദേശീയ കമ്മിറ്റി അംഗവുമായ ജെ. മോസസ് ജോസഫ് ഡിക്രൂസാണ് സിസ്റ്റര്‍ ഹെലീന ആല്‍ബിക്ക് പുരസ്‌കാരം സമ്മാനിക്കുന്നത്. റോട്ടറി ഇന്റര്‍നാഷണല്‍ എക്‌സലന്‍സ് അവാര്‍ഡുകളിലെ ഏറ്റവും മികച്ച പ്രിന്‍സിപ്പാളിനുള്ള പുരസ്‌കാരമാണ് സിസ്റ്റര്‍ ഹെലീനക്ക് നല്‍കുന്നത്.
റോട്ടറി ക്ലബ്ബിന്റെ ഈ തീരുമാനത്തിനെതിരെ വലിയ തോതിലുള്ള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഒരു വിദ്യാര്‍ത്ഥിയുടെ പഠനത്തിന് തടസം നിന്ന വ്യക്തിയെ എങ്ങനെ ഏറ്റവും മികച്ച പ്രിന്‍സിപ്പാളായി തെരഞ്ഞെടുക്കും, മനസില്‍ അപരമത വിദ്വേഷം പുലര്‍ത്തുന്ന ഇവരെ എങ്ങനെ ആദരിക്കാന്‍ തോന്നുന്നു തുടങ്ങിയ വിമര്‍ശനങ്ങള്‍ ഇവര്‍ക്കെതിരെ ഉയരുന്നുണ്ട്. ഗ്രാമര്‍ തെറ്റാതെ ഇംഗ്ലീഷ് പറയാന്‍ സാധിക്കാത്തതിനാണോ അവാര്‍ഡെന്നും വിമര്‍ശനമുണ്ട്.
പള്ളുരുത്തി സെന്റ് റീത്താസ് സ്‌കൂളിലെ തട്ടം വിവാദത്തില്‍ സ്‌കൂളിന്റെ ഭാഗം വിശദീകരിച്ച് മാധ്യമപ്രവര്‍ത്തകരെ കാണവെ ഇവര്‍ നടത്തിയ അതിനാടകീയമായ പ്രതികരണങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. വ്യാകരണ പിഴവുകളും വ്യക്തതയില്ലാത്ത പ്രയോഗങ്ങളും നിറഞ്ഞതായിരുന്നു ഇവരുടെ വിശദീകരണം.
പ്രധാനാധ്യാപികയുടെ ഇംഗ്ലീഷ് ഇങ്ങനെയാണെങ്കില്‍ അവിടെ പഠിപ്പിക്കുന്ന അധ്യാപകരുടെ അവസ്ഥ എന്താണെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചോദ്യമുയര്‍ന്നിരുന്നു.
ഉയര്‍ന്ന ഫീസ് വാങ്ങി സി.ബി.എസ്.ഇ സിലബസ് പഠിപ്പിക്കുന്ന സ്‌കൂളിന് തീരെ നിലവാരമില്ലെന്നാണ് സോഷ്യല്‍ മീഡിയയുടെ നിരീക്ഷണം. മലയാളികളായ മാധ്യമപ്രവര്‍ത്തകരോട് അധ്യാപിക ഇംഗ്ലീഷില്‍ സംസാരിച്ചത് മുഴുവന്‍ ഗ്രാമര്‍ തെറ്റുകള്‍ നിറഞ്ഞ വാക്യങ്ങളായിരുന്നെന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.
അതേസമയം, ഈ വിവാദങ്ങള്‍ക്ക് പിന്നാലെ എട്ടാം ക്ലാസുകാരി സെന്റ് റീത്താസിലെ പഠനം ഉപേക്ഷിച്ചിരുന്നു. മറ്റൊരു ക്രിസ്ത്യന്‍ മാനേജ്‌മെന്റ് സ്‌കൂളായ ഔവര്‍ ലേഡി കോണ്‍വെന്റ് സ്‌കൂളിലാണ് തുടര്‍പഠനം.
സ്‌കൂളിലെ അധ്യാപകര്‍ തന്നെ വിളിച്ചിരുന്നുവെന്ന് എട്ടാം ക്ലാസുകാരിയുടെ പിതാവ് പറഞ്ഞിരുന്നു. സ്‌കൂളില്‍ എല്ലാ വിശ്വാസങ്ങളെയും ഉള്‍കൊള്ളുന്ന കാഴ്ചപ്പാടാണെന്നും മക്കള്‍ക്ക് ഒരു പ്രയാസവും ഉണ്ടാവില്ലെന്നും ധൈര്യമായി പറഞ്ഞയക്കാമെന്നും അവര്‍ തനിക്ക് ഉറപ്പുതന്നെന്നും രക്ഷിതാവ് കൂട്ടിച്ചേര്‍ത്തു.
ഈ വിവാദത്തിന്റെ തുടക്കം മുതല്‍ക്ക് തന്നെ വിദ്യാര്‍ത്ഥിക്ക് അനുകൂലമായ സമീപനമാണ് സര്‍ക്കാരും വിദ്യാഭ്യാസ വകുപ്പും സ്വീകരിച്ചത്. കുട്ടി സെന്റ് റീത്താസിലെ പഠനം അവസാനിപ്പിച്ചതിന് പിന്നാലെ കേരളത്തിലെ ഏത് സര്‍ക്കാര്‍ വിദ്യാലയത്തിലും പഠിക്കാന്‍ അവസരമൊരുക്കുമെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്തമാക്കിയിരുന്നു.
Content Highlight: Rotary Club to honor the principal of St. Rita’s Public School, who was the subject of discussion in the Thattam controversy.