ഒരു നടനെന്ന നിലയില്‍ ഒരു കോക്കസില്‍ അഥവാ ഒരു ഗ്രൂപ്പില്‍ ചേരേണ്ടത് ആവശ്യമാണെന്നും മലയാള സിനിമയില്‍ പലര്‍ക്കും നല്ല സിനിമകള്‍ ലഭിക്കുന്നത് ഇത്തരത്തിലാണെന്നും നടന്‍ റോഷന്‍ ബഷീര്‍. ആനന്ദിനി ബാല സംവിധാനം ചെയ്ത് ഹണി റോസ് കേന്ദ്രകഥാപാത്രമായെത്തുന്ന റേച്ചല്‍ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു താരം.
‘എല്ലാവരും എന്നോട് ചോദിക്കുന്ന കാര്യമാണ് ദൃശ്യം പോലൊരു ചിത്രം കിട്ടിയിട്ടും എന്തുകൊണ്ട് സിനിമയിലൊരു ബന്ധം ഉണ്ടാക്കാനോ ഗ്രൂപ്പുകളില്‍ ചേരാനോ പറ്റിയില്ലെന്ന്. ഒരു കോക്കസ് ഉണ്ടാക്കിയെടുക്കുക എന്നത് ഒരു നടനെ സംബന്ധിച്ചിച്ച് വളരെ ഹെല്‍പ്ഫുള്ളായ കാര്യമാണ്. ചാന്‍സ് ചോദിക്കുന്ന പോലെ തന്നെ ഒരു സര്‍ക്കിള്‍ ഉണ്ടാക്കിയെടുക്കുക എന്നതും എന്റെ വീക്കായ കാര്യമാണ്. സിനിമയില്‍ ഒരു സര്‍ക്കിള്‍ ഉണ്ടാക്കി അവരുടെ കൂടെയിരുന്ന് സിനിമയെക്കുറിച്ച് ചര്‍ച്ച ചെയ്യുന്നതും അതിലൂടെ ഒരു അവസരം കിട്ടുന്നതും നല്ല കാര്യമാണ്.
എന്റെ നല്ല സുഹൃത്താണ് ചന്തു സലീംകുമാര്‍, ഞങ്ങള്‍ റേച്ചലില്‍ ഒരുമിച്ചഭിനയിച്ചിട്ടുണ്ട്. ചന്തുവിന് ഈ പരിപാടി നന്നായറിയാം. അദ്ദേഹം ആ കോക്കസില്‍ പോയി പെട്ടതുകൊണ്ടാണ് ഇപ്പോള്‍ ലൈം ലൈറ്റില്‍ നില്‍ക്കാന്‍ സാധിക്കുന്നത്. അത്തരത്തില്‍ ഇറങ്ങിചെല്ലാന്‍ എനിക്കറിയില്ല. മാത്രമല്ല പലരും എന്നെ ആദ്യം കാണുമ്പോള്‍ കരുതുന്നത് എനിക്ക് വലിയ ആറ്റിറ്റിയൂഡ് ആണ് എന്നാണ്, ഇത് ബ്രേക്ക് ചെയ്യാന്‍ എനിക്ക് പലപ്പോഴും കഴിയാറില്ല,’ താരം പറയുന്നു.
ദൃശ്യം 2 വിന്റ വിജയത്തിന് അഭിനന്ദനമറിയിക്കാന്‍ ജിത്തു ജോസഫിനെ വിളിച്ചപ്പോള്‍ നീയിവിടെ ഇല്ലേ എന്നാണ് അദ്ദേഹം ചോദിച്ചതെന്നും പലരും തന്നെ കുറിച്ച് മറന്നുപോയെന്നും താരം പറയുന്നു. ആദ്യകാലങ്ങളില്‍ ചാന്‍സ് ചോദിക്കാന്‍ മടിയുള്ള ആളായിരുന്നു താനെന്നും ഇപ്പോള്‍ അതില്‍ നിന്നെല്ലാം മാറി സംവിധായകരോടെല്ലാം അവസരം ചോദിക്കാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.
2010 ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തിലൂടെയാണ് റോഷന്‍ ബഷീര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. റെഡ് വൈന്‍, ടൂറിസ്റ്റ് ഹോം, സര്‍വ്വോപരി പാലാക്കാരന്‍ തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചിട്ടുണ്ട്. ആനന്ദിനി ബാലയുടെ സംവിധാനത്തില്‍ ഡിസംബര്‍ 12 ന് പുറത്തിറങ്ങുന്ന റേച്ചല്‍ ആണ് താരത്തിന്റെ പുതിയ ചിത്രം. ചിത്രത്തില്‍ ഹണി റോസ്, ബാബുരാജ്, ജാഫര്‍ ഇടുക്കി തുടങ്ങിയവരും പ്രധാന വേഷത്തിലെത്തുന്നു.
Content Highlight: roshan basheer talks about the need for a caucus in cinema