സിനിമയുടെ ടൈറ്റില്‍ മുതല്‍ കൂവല്‍ തുടങ്ങി, നായിക പുറത്തിറങ്ങിയപ്പോള്‍ ടിക്കറ്റ് കീറിയെറിഞ്ഞു, അവള്‍ വിചാരിച്ചത് അഭിനന്ദിക്കുകയാണെന്ന്: റോഷന്‍ ആന്‍ഡ്രൂസ്
Film News
സിനിമയുടെ ടൈറ്റില്‍ മുതല്‍ കൂവല്‍ തുടങ്ങി, നായിക പുറത്തിറങ്ങിയപ്പോള്‍ ടിക്കറ്റ് കീറിയെറിഞ്ഞു, അവള്‍ വിചാരിച്ചത് അഭിനന്ദിക്കുകയാണെന്ന്: റോഷന്‍ ആന്‍ഡ്രൂസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 13th November 2022, 7:16 pm

റോഷന്‍ ആന്‍ഡ്രൂസിന്റെ സംവിധാനത്തിലൊരുങ്ങിയ ഏറ്റവും മികച്ച ചിത്രങ്ങളിലൊന്നാണ് നോട്ട്ബുക്ക്. ശ്രീദേവി, റോമ, പാര്‍വതി എന്നീ നടിമാരെ മലയാളത്തിന് സമ്മാനിച്ച സിനിമ കൂടിയാണ് നോട്ട്ബുക്ക്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് ദിനത്തില്‍ തിയേറ്ററില്‍ നിന്നും കൂവലാണ് കിട്ടിയതെന്ന് പറയുകയാണ് എഡിറ്റോറിയല്‍ യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ റോഷന്‍ ആന്‍ഡ്രൂസ്.

‘ലോകത്തില്‍ ഏറ്റവും കൂടുതല്‍ കൂവല്‍ കിട്ടിയ സംവിധായകന്‍ ആരാണെന്ന് ചോദിച്ചാല്‍ ഞാനാണ്. എന്നെപ്പോലെ കൂവല്‍ കിട്ടിയ സംവിധായകന്‍ വേറെ കാണില്ല. കാരണം ഉദയനാണ് താരം കഴിഞ്ഞ് നോട്ട്ബുക്ക് കാണാനായി കവിത തിയേറ്ററില്‍ ഞാനും ഭാര്യയും കൂടിയാണ് പോയത്. ഭാര്യ അന്ന് ഗര്‍ഭിണിയാണ്.

സിനിമയുടെ ടൈറ്റില്‍ മുതല്‍ കൂവലായിരുന്നു. പ്രധാനപ്പെട്ട മൂന്ന് നടന്മാരുടെ സിനിമ ഇറങ്ങിയ സമയത്താണ് ഞാന്‍ ഈ മൂന്ന് പെണ്‍കുട്ടികളുമായി വരുന്നത്. അതിലൊന്ന് മലയാളം അറിയാത്ത പെണ്‍കുട്ടിയായിരുന്നു, റോമ.

അവള്‍ സിനിമ കഴിഞ്ഞ് തിയേറ്ററില്‍ നിന്നും ഇറങ്ങിപ്പോകുമ്പോള്‍ ടിക്കറ്റ് കീറി മേലേക്ക് എറിഞ്ഞിട്ട് നീ ഒരുകാലത്തും നന്നാവില്ലെന്ന് ആളുകള്‍ പറഞ്ഞു. പടത്തിലെ അഭിനയം കണ്ടിട്ട് ടിക്കറ്റ് എറിഞ്ഞ് അഭിനന്ദിക്കുകയാണെന്നാണ് ഇവള്‍ വിചാരിച്ചത്. സാര്‍ ടിക്കറ്റൊക്കെ എറിഞ്ഞ് എല്ലാവരും എന്നെ ഭയങ്കരമായി അഭിനന്ദിക്കുകയാണെന്ന് എന്നോട് വന്ന് പറഞ്ഞു. അഭിനന്ദിച്ചതല്ല, നശിച്ചുപോകട്ടെ എന്ന് പറഞ്ഞ് എറിഞ്ഞതാണെന്ന് ഞാന്‍ പറഞ്ഞു,’ റോഷന്‍ ആന്‍ഡ്രൂസ് പറഞ്ഞു.

ഷാഹിദ് കപൂറിനെ നായകനാക്കിയുള്ള ബോളിവുഡ് ചിത്രമാണ് ഇനി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനത്തില്‍ പുറത്തിറങ്ങാനൊരുങ്ങുന്നത്. ബോബി-സഞ്ജയ് ആയിരിക്കും ചിത്രത്തിന്റെ തിരക്കഥ നിര്‍വഹിക്കുന്നത്.

ബ്രഹ്മാസ്ത്രയുടെ സഹ സംഭാഷണ എഴുത്തുകാരനായ ഹുസൈന്‍ ദലാലാണ് റോഷന്‍ ആന്‍ഡ്രൂസ് ചിത്രത്തിനായി സംഭാഷണങ്ങള്‍ ഒരുക്കുന്നത്. പുതിയ ചിത്രത്തിലൂടെ താന്‍ എത്രയും വേഗം തിരിച്ചുവരുമെന്നും റോഷന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പില്‍ പറയുന്നു.

Content Highlight: Roshan Andrews says that he got negative reaction  from the theater on the release of notebook movie