ബാലതാരമായി സിനിമാലോകത്തേക്കെത്തിയ നടനാണ് രൂപേഷ് പീതാംബരന്‍. സ്ഫടികത്തില്‍ മോഹന്‍ലാലിന്റെ ചെറുപ്പമവതരിപ്പിച്ച രൂപേഷ് തന്റെ രണ്ടാം വരവില്‍ സംവിധായകനായും തിളങ്ങിയിരുന്നു. തീവ്രം, യൂ ടൂ ബ്രൂട്ടസ് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തത് രൂപേഷായിരുന്നു. ദുല്‍ഖറിന്റെ കരിയറിലെ രണ്ടാമത്തെ ചിത്രമായ തീവ്രം റിലീസ് സമയത്ത് ശ്രദ്ധിക്കപ്പെട്ടിരുന്നില്ല.
എന്നാല്‍ വര്‍ഷങ്ങള്‍ക്ക് ശേഷം തീവ്രം സിനിമാപ്രേമികളുടെ ഫേവറെറ്റുകളിലൊന്നായി മാറി. കാലം തെറ്റിയിറങ്ങിയ സിനിമയെന്നാണ് പലരും തീവ്രത്തെ വിശേഷിപ്പിച്ചത്. ദുല്‍ഖറിനൊപ്പം ശ്രീനിവാസന്‍, അനു മോഹന്‍, വിനയ് ഫോര്‍ട്ട് എന്നിവരും ചിത്രത്തില്‍ പ്രധാനവേഷം കൈകാര്യം ചെയ്തിരുന്നു. ചിത്രത്തിന്റെ പരാജയത്തെക്കുറിച്ച് സംസാരിക്കുകയാണ് രൂപേഷ് പീതാംബരന്‍.
ആദ്യപകുതി എല്ലാവര്‍ക്കും ഇഷ്ടമായെന്നും കൈയടി ലഭിക്കുന്ന പോയിന്റിലാണ് ഇന്റര്‍വെല്ലെന്നും രൂപേഷ് പീതാംബരന്‍ പറഞ്ഞു. റിവേഴ്‌സ് സ്‌ക്രീന്‍പ്ലേയില്‍ സിനിമ അവതരിപ്പിക്കുക എന്നതായിരുന്നു തന്റെ മനസിലെന്നും അക്കാരണം കൊണ്ടാണ് ദുല്‍ഖര്‍ ഈ ചിത്രത്തിന് ഓക്കെ പറഞ്ഞതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്മെന്റ്‌സിനോട് സംസാരിക്കുകയായിരുന്നു രൂപേഷ്.
‘ഫസ്റ്റ് ഹാഫിലെ ബ്ലൂ ടോണ്‍ ആര്‍ക്കും ദഹിച്ചില്ല. എല്ലാവര്‍ക്കും അത് അസ്വസ്ഥതയുണ്ടാക്കി. പല സീനിലും ആര്‍ക്കും ഒന്നും കാണാന്‍ പറ്റിയിരുന്നില്ല. എന്റെ കയ്യിലിരിപ്പാണത്. ആരെയും കുറ്റം പറയുന്നില്ല. ത്രില്ലര്‍ മോഡിലാണ് ഫസ്റ്റ് ഹാഫ് തീരുന്നത്. പക്ഷേ, സെക്കന്‍ഡ് ഹാഫ് തുടങ്ങുമ്പോള്‍ ദുല്‍ഖറിന്റെ ഫ്‌ളാഷ്ബാക്കാണ് കാണിക്കുന്നത്.
റൊമാന്‍സും കോമഡിയും പിന്നീട് കാമുകി മരിക്കുകയും ചെയ്തതിന് ശേഷമാണ് പഴയ ട്രാക്കിലേക്ക് പോകുന്നത്. തിയേറ്ററിലിരുന്ന് പടം കണ്ടവര്‍ക്ക് സെക്കന്‍ഡ് ഹാഫിന്റെ തുടക്കം അക്‌സപ്റ്റ് ചെയ്യാനായില്ല. അവര്‍ കണ്ടുകൊണ്ടിരുന്ന പടത്തിന്റെ ട്രാക്ക് തന്നെ മാറി. ഫ്‌ളാഷ്ബാക്കിലെ കോമഡി ഒരെണ്ണം പോലും വര്‍ക്കായില്ല. പലരും എഴുന്നേറ്റ് നിന്ന് കൂവുകയായിരുന്നു.
എല്ലാം ഞാനാണ് എഴുതിയത്. അതൊക്കെ ഓവര്‍ ദി ടോപ്പ് ഐറ്റമായിരുന്നു. ആരും ചിരിച്ചില്ലെന്ന് മാത്രമല്ല, പടത്തിനെ അത് ബാധിക്കുകയും ചെയ്തു. പടം തീരുന്ന സമയത്തും കൈയടി കിട്ടിയിരുന്നു. പക്ഷേ, ഇടയില്‍ വന്ന കുറച്ച് സമയം കൈയീന്ന് പോയതാണ് തിരിച്ചടിയായത്. അത് ഞാന്‍ അംഗീകരിക്കുന്നുണ്ട്,’ രൂപേഷ് പീതാംബരന്‍ പറയുന്നു.
Content Highlight: Roopesh Peethambaran about the failure of Theevram movie