ഇവര്‍ക്കിനി ഒരു ലോകകപ്പ് ഇല്ല; ക്രിസ്റ്റ്യാനോയേയും നെയ്മറിനേയും കുറിച്ച് റൊണാള്‍ഡോ നസാരിയോ
Football
ഇവര്‍ക്കിനി ഒരു ലോകകപ്പ് ഇല്ല; ക്രിസ്റ്റ്യാനോയേയും നെയ്മറിനേയും കുറിച്ച് റൊണാള്‍ഡോ നസാരിയോ
ശ്രീരാഗ് പാറക്കല്‍
Friday, 17th July 2026, 8:35 pm

പോര്‍ച്ചുഗല്‍ സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെക്കുറിച്ച് സംസാരിച്ച് മുന്‍ ലോകകപ്പ് ജേതാവും ബ്രസീലിയന്‍ ഇതിഹാസവുമായ റൊണാള്‍ഡോ നസാരിയോ. ക്രിസ്റ്റിയാനോയ്ക്ക് ഇനി ലോകകപ്പ് കളിക്കാനുള്ള ശരീരിക നിലവാരം ഉണ്ടാകില്ലെന്ന് നസാരിയോ പറഞ്ഞു. മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നിങ്ങളുടെ ശരീരമാണ് നിങ്ങളോട് പറയുകയെന്നും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും അത്തരമൊരു ഘട്ടത്തിലെയെന്ന് താന്‍ കരുതുന്നുവെന്നും നസാരിയോ പറഞ്ഞു.

‘സാധാരണയായി, ഇനി മുന്നോട്ട് പോകാന്‍ കഴിയില്ലെന്ന് നിങ്ങളുടെ ശരീരം തന്നെയാണ് നിങ്ങളോട് പറയുക. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും നെയ്മറും അത്തരമൊരു ഘട്ടത്തിലെത്തിയിട്ടുണ്ടെന്നാണ് ഞാന്‍ കരുതുന്നത്.

ക്രിസ്റ്റ്യാനോ റൊണാൾഡോ. Photo: WhoScored/x.com

റൊണാള്‍ഡോയ്ക്ക് ഇപ്പോഴും സൗദി അറേബ്യന്‍ ലീഗില്‍ കളിക്കാന്‍ കഴിഞ്ഞേക്കാം. എന്നാല്‍ ലോകകപ്പില്‍ കളിക്കണമെങ്കില്‍ അത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നിങ്ങള്‍ മനസിലാക്കും, കാരണം അവിടെ വളരെ ഉയര്‍ന്ന ഫിറ്റ്‌നസ് ആവശ്യമാണ്.

ഫുട്‌ബോളിനോട് നമുക്ക് വലിയ സ്‌നേഹവും അഭിനിവേശവും ഉണ്ടാകും. എക്കാലവും ഫുട്‌ബോള്‍ കളിക്കണമെന്ന ആഗ്രഹം ഉണ്ടെങ്കിലും, ഒടുവില്‍ നമുക്കുവേണ്ടി തീരുമാനം എടുക്കുന്നത് നമ്മുടെ ശരീരം തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു,’ ഇ.എസ്.പി.എന്‍ ബ്രസീലില്‍ റെസെന്‍ഹ ഡോ എന്ന പരിപാടിയില്‍ സംസാരിക്കുകയായിരുന്നു നസാരിയോ.

നെയ്മർ

2026ലെ ലോകകപ്പില്‍ റൗണ്ട് ഓഫ് 16ല്‍ സ്‌പെയ്‌നിനെതിരെ പരാജയപ്പെട്ടാണ് പോര്‍ച്ചുഗല്‍ പുറത്തായത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു സ്‌പെയ്‌നിന്റെ വിജയം. 41ാം വയസില്‍ തന്റെ ആറാം ലോകകപ്പില്‍ കളിച്ച ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ടൂര്‍ണമെന്റില്‍ മൂന്ന് ഗോളുകള്‍ നേടി ശ്രദ്ധേയമായ പ്രകടനമാണ് പുറത്തെടുത്തത്.

ഗ്രൂപ്പ് ഘട്ടത്തില്‍ ഉസ്‌ബെക്കിസ്ഥാനെതിരെ ഇരട്ടഗോള്‍ നേടിയ അദ്ദേഹം പിന്നീട് ക്രൊയേഷ്യക്കെതിരെയും ഒരു പെനാല്‍റ്റി ഗോള്‍ നേടി. ഇതോടെ ലോകകപ്പ് ചരിത്രത്തില്‍ ആറ് വ്യത്യസ്ത പതിപ്പുകളില്‍ ഗോള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടവും പോര്‍ച്ചുഗലിന്റെ എക്കാലത്തെയും ഉയര്‍ന്ന ലോകകപ്പ് ഗോള്‍ വേട്ടക്കാരനെന്ന റെക്കോഡും റൊണാള്‍ഡോ സ്വന്തമാക്കി. 11 ഗോളുകളാണ് റൊണാള്‍ഡോ ലോകകപ്പ് ചരിത്രത്തില്‍ നിന്ന് സ്വന്തമാക്കിയത്.

സ്‌പെയ്‌നിനെതിരായ മത്സരത്തിന് മുന്നോടിയായി റൊണാള്‍ഡോ തന്റെ അവസാന ലോകകപ്പാണ് 2026ലേത് എന്ന് പറഞ്ഞിരുന്നു. ഇനി സൗദി പ്രോ ലീഗില്‍ തിരിച്ചെത്താനാകും താരം ലക്ഷ്യമിടുന്നത്. ഇതുവരെ 976 ഗോളുകളാണ് റൊണാള്‍ഡോ നേടിയത്. 1000 ഗോള്‍ നേട്ടത്തിലേക്കാണ് റൊണാള്‍ഡോയുടെ ലക്ഷ്യം.

അതേസമയം റൗണ്ട് ഓഫ് 16ല്‍ നോര്‍വേയോട് പുറത്തായാണ് ബ്രസീല്‍ മടങ്ങിയത്. ഇതോടെ സൂപ്പര്‍ താരം നെയ്മര്‍ ജൂനിയറും തന്റെ കരിയറിന്റെ അവസാന ഘട്ടത്തിലാണെന്ന് പറഞ്ഞിരുന്നു.

Content Highlight: Ronaldo Nazario Talking About Neymar And Cristiano Ronaldo

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ