റൊണാള്‍ഡൊയെ മറികടന്ന് ഗോള്‍കീപ്പര്‍ക്ക് അവാര്‍ഡ്: പൊട്ടിത്തെറിച്ച് ആരാധകര്‍
Football
റൊണാള്‍ഡൊയെ മറികടന്ന് ഗോള്‍കീപ്പര്‍ക്ക് അവാര്‍ഡ്: പൊട്ടിത്തെറിച്ച് ആരാധകര്‍
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 3rd June 2022, 9:20 pm

എക്കാലത്തേയും മികച്ച ഫുഡ്‌ബോള്‍ കളിക്കാരിലൊരാളാണ് പോര്‍ച്ചുഗല്‍ താരം ക്രിസ്‌റ്റ്യേനൊ റൊണാള്‍ഡൊ. പ്രിമിയര്‍ ലീഗ് ക്ലബ്ബായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് വേണ്ടിയാണ് താരം ഇപ്പോള്‍ പന്ത് തട്ടുന്നത്. കഴിഞ്ഞ കൊല്ലമായിരുന്നു റോണൊ തന്റെ പഴയ ക്ലബ്ബായ മാഞ്ചസ്റ്ററിലേക്കെത്തുന്നത്.

മികച്ച പ്രകടനമായിരുന്നു താരം യുണൈറ്റഡിന് വേണ്ടി കാഴ്ചവെച്ചത്. എന്നാല്‍ ഈ സീസണിലെ മികച്ച കളിക്കാരനായി യുണൈറ്റഡ് റോണൊയെ തെരഞ്ഞെടുത്തില്ല. എല്ലാ കൊല്ലവും ആ സീസണിലെ മികച്ച കളിക്കാരന് ക്ലബ്ബ് നല്‍കുന്ന അവാര്‍ഡ് ഇത്തവണ ലഭിച്ചത് ഗോള്‍കീപ്പറായ ഡി ഗേക്കാണ്.

ട്വീറ്റിലൂടെയാണ് യുണൈറ്റഡ് അവാര്‍ഡ് പ്രഖ്യാപനം നടത്തിയത്. എന്നാല്‍ നല്ല പ്രതികരണമല്ല ഫാന്‍സിന്റെ ഭാഗത്ത് നിന്നും യുണൈറ്റഡിന് ലഭിക്കുന്നത്.

റൊണാള്‍ഡൊ, ഫ്രഡ് എന്നിവരെ പിന്തള്ളിയാണ് ഗോള്‍കീപ്പര്‍ അവാര്‍ഡ് നേടിയെടുത്തത്. എന്നാല്‍ ട്വിറ്ററില്‍ കനത്ത പ്രക്ഷോഭമാണ് റൊണാള്‍ഡൊ ആരാധകര്‍ നടത്തുന്നത്. റോണൊയാണ് അവാര്‍ഡ് അര്‍ഹിക്കുന്നതെന്നും ഡി ഗേ അവാര്‍ഡ് തട്ടിയെടുത്താതണെന്നുമാണ് റോണൊ ഫാന്‍സിന്റെ വാദം.

ഈ സീസണില്‍ 38 കളിയില്‍ നിന്നും 24 ഗോളാണ് താരം മാഞ്ചസ്റ്ററിനായി അടിച്ചത്. ക്ലബ്ബിന് വേണ്ടി ഏറ്റവും കൂടുതല്‍ ഗോള്‍ നേടിയതും താരം തന്നെ. എന്നാല്‍ ഒരു ടീമെന്ന നിലയില്‍ യുണൈറ്റഡ് മറക്കാന്‍ ആഗ്രഹിക്കുന്ന സീസണാണ് 2021-22 സീസണ്‍.

പ്രിമിയര്‍ ലീഗില്‍ 58 പോയിന്റുമായി തങ്ങളുടെ ഏറ്റവും മോശം സീസണുമായിട്ടായാണ് ടീം ലീഗ് അവസാനിപ്പിച്ചത്. ഒരു ട്രോഫി പോലും നേടാന്‍ യുണൈറ്റഡിന് സാധിച്ചില്ലായിരുന്നു. പ്രിമിയര്‍ ലീഗില്‍ ആദ്യ നാലില്‍ ഇടം പിടിക്കാന്‍ സാധിക്കാതിരുന്നത് കൊണ്ട് അടുത്ത സീസണില്‍ ചാമ്പ്യന്‍സ് ലീഗ് കളിക്കാന്‍ സാധിക്കില്ല.

 

റെക്കോഡ് വെച്ച് നോക്കിയാല്‍ ഡി ഗേക്ക് ശരാശരിയിലും താഴെ നില്‍ക്കുന്ന സീസണാണ് ഈ സീസണ്‍. 46 കളികളില്‍ ഗോള്‍കീപ്പറായി നിന്ന സ്പാനിഷ് താരം 66 ഗോളാണ് വിട്ട് നല്‍കിയത്. വെറും 10 കളിയില്‍ മാത്രമേ താരത്തിന് ക്ലീന്‍ ഷീറ്റ് നേടാന്‍ സാധിച്ചിട്ടുള്ളു.

എന്തായാലും റൊണാള്‍ഡൊ ഫാന്‍സും യുണൈറ്റഡ് ഫാന്‍സും യുണൈറ്റഡിന്റെ ട്വിറ്റര്‍ അക്കൗണ്ടില്‍ ഡി ഗേക്കെതിരെ തിരിഞ്ഞിരിക്കുകയാണ്.

Content Highlights: Ronaldo fans turned against David dea gea and Manchester united