എന്തിനാണ് നിങ്ങള്‍ ആയിരം ഗോളുകള്‍ നേടാന്‍ ആഗ്രഹിക്കുന്നത്?; വീണ്ടും ചര്‍ച്ചയായി റൊണാള്‍ഡോയുടെ മറുപടി
ഫുട്‌ബോള്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ഗോളുകള്‍ സ്വന്തമാക്കുന്ന താരമെന്ന തകര്‍പ്പന്‍ റെക്കോഡ് സ്വന്തമാക്കിയാണ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ മുന്നേറുന്നത്. നിലവില്‍ അല്‍ നസറിന് വേണ്ടി സൗദി പ്രോ ലീഗില്‍ കളിക്കുന്ന പോര്‍ച്ചുഗല്‍ താരം 957 ഗോളുകളാണ് കരിയറില്‍ ഇതുവരെ നേടിയത്.
1000 ഗോള്‍ സ്വന്തമാക്കുക എന്ന റൊണാള്‍ഡോയുടെ സ്വപ്‌ന റെക്കോഡിലേക്ക് ഇനി 43 ഗോളുകളുടെ ദൂരം മാത്രമാണ് ഉള്ളത്. എന്നാല്‍ റോണോയ്ക്ക് ഈ നേട്ടം കൈവരിക്കാന്‍ സാധിക്കുമോ എന്നാണ് ഫുട്‌ബോള്‍ ലോകം ഉറ്റുനോക്കുന്നത്.

ക്രിസ്റ്റ്യാനോ
എന്നാല്‍ കഴിഞ്ഞ ഒക്ടോബറില്‍ റൊണാള്‍ഡോ കനാല്‍ ഇലവന് നല്‍കിയ ഒരു അഭിമുഖത്തില്‍ ഫുട്‌ബോള്‍ തുടരുമോ എന്ന ചോദ്യത്തിന് നല്‍കിയ മറുപടി ആരാധകര്‍ വീണ്ടും ഏറ്റെടുത്തിരിക്കുകയാണ്. തന്റെ കുടുംബം പോലും വിരമിക്കാനായില്ലേ എന്ന് ചോദിച്ചെന്നും എന്നാല്‍ താന്‍ ചെയ്യുന്ന നല്ല കാര്യം തുടരുമെന്നുമാണ് റോണോ പറഞ്ഞത്.
‘എന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെയുള്ള ആളുകള്‍ ‘നിങ്ങള്‍ കളി നിര്‍ത്തേണ്ട സമയമായി എന്ന് എന്നോട് പറയാറുണ്ട്’. ‘നിങ്ങള്‍ എല്ലാം ചെയ്തു കഴിഞ്ഞു. എന്തിനാണ് നിങ്ങള്‍ ആയിരം ഗോളുകള്‍ നേടാന്‍ ആഗ്രഹിക്കുന്നത്?’ എന്നൊക്കെ എന്നോട് ചോദിക്കും.
പക്ഷേ എനിക്ക് അങ്ങനെ തോന്നുന്നില്ല. ഞാന്‍ ഇപ്പോഴും നല്ല കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്നാണ് വിശ്വസിക്കുന്നത്, ഞാന്‍ എന്റെ ക്ലബ്ബിനെയും ദേശീയ ടീമിനെയും സഹായിക്കുന്നു, അപ്പോള്‍ എന്തുകൊണ്ട് എനിക്ക് മുന്നോട്ട് പോയിക്കൂടാ?,’ റൊണാള്‍ഡോ കനാല്‍ 11നോട് ചോദിച്ചു.