പകുതി പ്രായം മാത്രമുള്ള നടിയുമായി റൊമാന്‍സ്, ധുരന്ധറിലെ രണ്ടാം ഗാനത്തിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനും ബോളിവുഡിനും വിമര്‍ശനം
Indian Cinema
പകുതി പ്രായം മാത്രമുള്ള നടിയുമായി റൊമാന്‍സ്, ധുരന്ധറിലെ രണ്ടാം ഗാനത്തിന് പിന്നാലെ രണ്‍വീര്‍ സിങ്ങിനും ബോളിവുഡിനും വിമര്‍ശനം
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 29th November 2025, 1:38 pm

സിനിമാലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ധുരന്ധര്‍. വന്‍ ബജറ്റിലൊരുങ്ങുന്ന സ്‌പൈ ആക്ഷന്‍ ത്രില്ലറിന്റെ ഓരോ അപ്‌ഡേറ്റും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നതായിരുന്നു. കഴിഞ്ഞദിവസം ചിത്രത്തിലെ പുതിയ ഗാനം അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. അര്‍ജിത് സിങ് ആലപിച്ച ‘ഗെഹ്‌രാ ഹുവാ’ എന്ന ഗാനം ഇതിനോടകം ചാര്‍ട്ബസ്റ്ററായി മാറി.

എന്നാല്‍ ഗാനം ഹിറ്റായതിന് പിന്നാലെ നായകനായ രണ്‍വീര്‍ സിങ്ങിന് നേരെയും സംവിധായകന്‍ ആദിത്യ ധറിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരിക്കുകയാണ്. നായകനായ രണ്‍വീര്‍ സിങ്ങും നായികയായ സാറാ അര്‍ജുനും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങളാണ് വിമര്‍ശനത്തിന് വിധേയമായിരിക്കുന്നത്. ഇരുവരും തമ്മിലുള്ള പ്രായ വ്യത്യാസമാണ് ചര്‍ച്ചാവിഷയം.

Sara Arjun/ Screen grab/ Saregama Music

40 വയസുള്ള രണ്‍വീര്‍ സിങ്ങും 20കാരിയായ സാറാ അര്‍ജുനും തമ്മിലുള്ള റൊമാന്‍സ് രംഗങ്ങള്‍ അസ്വസ്ഥതയുണ്ടാക്കുന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. സംവിധായകന് കാസ്റ്റിങ്ങിന്റെ കാര്യത്തില്‍ കുറച്ച് ശ്രദ്ധ നല്കാമായിരുന്നെന്ന് പലരും അഭിപ്രായം പങ്കുവെച്ചു. ബോളിവുഡിന് ഇത് എന്ത് സംഭവിച്ചെന്നാണ് പലരും ചോദിക്കുന്നത്.

എന്നാല്‍ ബോളിവുഡില്‍ മാത്രമല്ല ഇത്തരത്തില്‍ പ്രായക്കുറവുള്ള നടിമാരെ നായികയായി തെരഞ്ഞെടുക്കുന്നതെന്ന് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. വീര സിംഹ റെഡ്ഡിയില്‍ 65കാരനായ ബാലകൃഷ്ണയുടെ നായികയായി 32 വയസുള്ള ശ്രുതി ഹാസനെ തെരഞ്ഞെടുത്തത്, രവി തേജയുടെ നായികമാരായി ശ്രീ ലീല, ഭാഗ്യശ്രീ ബോര്‍സെ എന്നിവരെ തെരഞ്ഞെടുത്തതും വിമര്‍ശനത്തിന് വിധേയമാകുന്നുണ്ട്.

Sara Arjun/ Screen grab/ Saregama Music

തങ്ങളുടെ പ്രായത്തിനൊത്ത നായികമാര്‍ക്കൊപ്പം അഭിനയിക്കാന്‍ നായകന്മാരാണ് തീരുമാനമെടുക്കേണ്ടതെന്നും ചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്. ധുരന്ധറിന്റെ ടൈറ്റില്‍ ടീസര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ രണ്‍വീറും സാറയും തമ്മിലുള്ള റൊമാന്‍സ് ചര്‍ച്ചയായിരുന്നു. ദൈവത്തിരുമകള്‍, ആന്‍മരിയ കലിപ്പിലാണ് തുടങ്ങിയ സിനിമകളില്‍ ബാലതാരമായി ശ്രദ്ധ നേടിയ നടിയാണ് സാറാ അര്‍ജുന്‍.

യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്യുന്ന ധുരന്ധര്‍ ഡിസംബര്‍ അഞ്ചിന് തിയേറ്ററുകളിലെത്തും. രണ്‍വീറിന് പുറമെ വന്‍ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. അര്‍ജുന്‍ രാംപാല്‍, അക്ഷയ് ഖന്ന, മാധവന്‍, സഞ്ജയ് ദത്ത് എന്നിവര്‍ ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. രണ്ട് ഭാഗങ്ങളിലായാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.

Content Highlight: Romance between Ranveer Singh and Sara Arjun in Dhurandhar criticized by social media