'ഫൈനൽസ് ഹീറോ'; ഐ.പി.എല്ലിലെ അപൂർവ റെക്കോഡുമായാണ് ഹിറ്റ്‌മാന്റെ വരവ്
Cricket
'ഫൈനൽസ് ഹീറോ'; ഐ.പി.എല്ലിലെ അപൂർവ റെക്കോഡുമായാണ് ഹിറ്റ്‌മാന്റെ വരവ്
ഫസീഹ പി.സി.
Tuesday, 17th March 2026, 4:30 pm

ക്രിക്കറ്റ് ലോകം ഐ.പി.എല്‍ ആവേശങ്ങളിലേക്ക് കടക്കുകയാണ്. മാര്‍ച്ച് 28നാണ് ക്രിക്കറ്റ് മാമാങ്കത്തിന് അരങ്ങുണരുന്നത്. ഡിഫന്‍ഡിങ് ചാമ്പ്യമാരായ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍.സി.ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്.ആര്‍.എച്ച്) തമ്മിലാണ് ആദ്യ മത്സരം. ആര്‍.സി.ബിയുടെ തട്ടകമായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

ടൂര്‍ണമെന്റ് മുന്നേറവെ പത്ത് ടീമുകള്‍ പരസ്പരം പോരടിക്കും. എല്ലാ ടീമുകള്‍ക്കും കപ്പെന്ന ഒറ്റ ലക്ഷ്യം മാത്രം. അതിനാല്‍ വെടിക്കെട്ട് തന്നെ പ്രതീക്ഷിച്ചാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്നത്.

ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകര്‍ക്കിടയില്‍ ടൂര്‍ണമെന്റിലെ പല റെക്കോഡുകളും സ്റ്റാറ്റസുകളും ചര്‍ച്ചയാവുകയാണ്. അത്തരത്തില്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്ന ഒന്നാണ് ഐ.പി.എല്‍ ഫൈനലില്‍ ഇതുവരെ തോല്‍വി അറിയാത്ത താരങ്ങളുടെ റെക്കോഡ്.

രോഹിത് ശര്‍മ. Photo: Mumbai Indians

ഈ ലിസ്റ്റില്‍ മുന്നിലുള്ളത് മുംബൈ താരം രോഹിത് ശര്‍മയാണ്. താരം ഇതുവരെ ആറ് ഫൈനലുകളിലാണ് കളിച്ചത്. മുന്‍ ഇന്ത്യന്‍ നായകന്‍ ഐ.പി.എല്ലില്‍ ആദ്യ ഫൈനല്‍ കളിക്കുന്നത് 2009ലാണ്. ഡെക്കാന്‍ ചാര്‍ജേഴ്സിന് ഒപ്പമായിരുന്നു ഇത്. ആ സീസണില്‍ ആര്‍.സി.ബിയെ തകര്‍ത്ത് ഡെക്കാന്‍ കപ്പുയര്‍ത്തി.

ബാക്കി അഞ്ച് തവണയും രോഹിത് ഫൈനലില്‍ ഇറങ്ങിയത് മുംബൈക്കൊപ്പമായിരുന്നു. 2013, 2015, 2017, 2019, 2020 വര്‍ഷങ്ങളിലായിരുന്നു ദിൽസേ ആര്‍മിക്കൊപ്പം താരത്തിന്റെ ഫൈനല്‍. ഈ വര്‍ഷങ്ങളിലെല്ലാം വലം കൈയ്യന്‍ ബാറ്റര്‍ മുംബൈയെ ഫൈനലില്‍ ജയിപ്പിച്ച് കിരീടം സമ്മാനിച്ചു. ഇതോടെ ഐ.പി.എല്‍ ഫൈനലില്‍ 100 ശതമാനം വിജയം നേടാന്‍ താരത്തിന് സാധിച്ചു.

കൃണാല്‍ പാണ്ഡ്യ. Photo: Royal Challengers Bengaluru

രോഹിത്തിന് പിന്നില്‍ നാല് വിജയവുമായി കൃണാല്‍ പാണ്ഡ്യയാണ്. മുംബൈക്കൊപ്പം രണ്ട് തവണയും കഴിഞ്ഞ വര്‍ഷം ആര്‍. സി. ബിക്കൊപ്പവും ഫൈനല്‍ കളിച്ച താരം വിജയം സ്വന്തമാക്കി. അടുത്തതായി ജസ്പ്രീത് ബുംറയും സൂര്യകുമാർ യാദവുമാണുള്ളത്. മുംബൈക്കൊപ്പം മൂന്ന് തവണ ഫൈനലിൽ ഇറങ്ങിയ ഇരുവരും എല്ലാ മത്സരങ്ങളിലും വിജയിച്ചു.

ഐ.പി.എല്‍ ഫൈനലുകളില്‍ തോല്‍വി അറിയാത്ത താരങ്ങള്‍, എണ്ണം

രോഹിത് ശര്‍മ – 6

കൃണാല്‍ പാണ്ഡ്യ – 4

ജസ്പ്രീത് ബുംറ – 3

സൂര്യകുമാര്‍ യാദവ് – 3

ക്വിന്റണ്‍ ഡി കോക്ക് – 2

ഋതുരാജ് ഗെയ്ക്വാദ് – 2

ഗൗതം ഗംഭീര്‍ – 2

ജോസ് ഹെയ്‌സല്‍വുഡ് – 2

ഇഷാന്‍ കിഷന്‍ – 2

Content Highlight: Rohit Sharma top the list of players who never lost any IPL Final

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി