അവിശ്വസനീയം, ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
Sports News
അവിശ്വസനീയം, ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്; തുറന്ന് പറഞ്ഞ് രോഹിത് ശര്‍മ
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 29th August 2025, 10:59 pm

17 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലായിരുന്നു ഇന്ത്യ വീണ്ടും ടി-20 ലോക കിരീടം ചൂടിയത്. 2024 ഇല്‍ രോഹിത് ശര്‍മയുടെ നേതൃത്വത്തില്‍ ആയിരുന്നു ഇന്ത്യ കിരീടത്തില്‍ മുത്തമിട്ടത്. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ലോകകപ്പ് ഓര്‍മ്മകളെക്കുറിച്ച് പങ്കുവെക്കുകയാണ് ഇന്ത്യന്‍ ടി-20 നായകന്‍ രോഹിത് ശര്‍മ.

‘ഒരു മത്സരം പോലും പരാജയപ്പെടാതെ ലോകകപ്പ് നേടുന്നത് ഒരു വലിയ നേട്ടമാണ്. അന്ന് ടീമിനായി എല്ലാവരും ഒരുമിച്ച് നിന്ന് സംഭാവനകള്‍ ചെയ്തു. ഞങ്ങള്‍ ലോകകപ്പ് നേടി മുംബൈയില്‍ തിരിച്ചെത്തിയപ്പോള്‍ ആഘോഷങ്ങള്‍ അവിശ്വസനീയമായിരുന്നു, ആ സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. ഞങ്ങള്‍ അത് വീണ്ടും നേടി,’ രോഹിത് ശര്‍മ അഭിമുഖത്തില്‍ പറഞ്ഞു.

സൗത്ത് ആഫ്രിക്കയ്ക്ക് എതിരായ ഫൈനല്‍ മത്സരത്തില്‍ അക്‌സര്‍ പട്ടേലും വിരാട് കോഹ്‌ലിയും മികച്ച പ്രകടനമായിരുന്നു കാഴ്ചവെച്ചത്. ഇരുവരും ചേര്‍ന്ന് നാലാം വിക്കറ്റില്‍ 72 റണ്‍സിന്റെ കൂട്ടുകെട്ടാണ് പടുത്തുയര്‍ത്തിയത്. വിരാട് 59 പന്തില്‍ നിന്ന് 76 റണ്‍സാണ് നേടിയത്. കളിയിലെ താരവും വിരാട് ആയിരുന്നു.

മത്സരത്തില്‍ ഇന്ത്യയ്ക്കുവേണ്ടി മികച്ച ബൗളിങ് പ്രകടനം കാഴ്ചവച്ചത് ഹര്‍ദിക് പാണ്ഡ്യയായിരുന്നു. മൂന്നു വിക്കറ്റ് കളാണ് താരം സ്വന്തമാക്കിയത്. നിര്‍ണായകമായ അവസാന ഓവറില്‍ കളി വരുതിയിലാക്കിയത് പാണ്ഡ്യയുടെ മികവായിരുന്നു. സൂപ്പര്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ് എന്നിവര്‍ രണ്ട് വിക്കറ്റും നേടിയിരുന്നു. എട്ട് മത്സരങ്ങളില്‍ നിന്ന് 15 വിക്കറ്റുകള്‍ സ്വന്തമാക്കിയ ബംറയായിരുന്നു പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റ് അവാര്‍ഡ് സ്വന്തമാക്കിയത്.

അതേസമയം 2025ലെ ഏഷ്യാ കപ്പിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് പ്രേമികള്‍. സെപ്റ്റംബര്‍ ഒമ്പതിന് ആരംഭിക്കുന്ന ടൂര്‍ണമെന്റിനുള്ള തയ്യാറെടുപ്പിലാണ് ഇന്ത്യന്‍ ടീമും. ഇതോടെ 15 അംഗ സ്‌ക്വാഡിനെ ഇന്ത്യ നേരത്തെ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. വിരാടും രോഹിത്തും ടി-20യില്‍ നിന്ന് വിരമിച്ച ശേഷമുള്ള ആദ്യ ടൂര്‍ണമെന്റാണിത്.

2025 ഏഷ്യാകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്

സൂര്യ കുമാര്‍ യാദവ് (ക്യാപ്റ്റന്‍), ശുഭ്മന്‍ ഗില്‍ (വൈസ് ക്യാപ്റ്റന്‍), അഭിഷേക് ശര്‍മ, തിലക് വര്‍മ, ഹാര്‍ദിക് പാണ്ഡ്യ, ശിവം ദുബെ, അക്‌സര്‍ പട്ടേല്‍, ജിതേഷ് ശര്‍മ (വിക്കറ്റ് കീപ്പര്‍), ജസ്പ്രീത് ബുംറ, അര്‍ഷ്ദീപ് സിങ്, വരുണ്‍ ചക്രവര്‍ത്തി, കുല്‍ദീപ് യാദവ്, സഞ്ജു സാംസണ്‍, ഹര്‍ഷിത് റാണ, റിങ്കു സിങ്‌

Content Highlight: Rohit Sharma Talking About 2024 T-20World Cup