ഇന്ത്യന്‍ വന്മതില്‍ തകര്‍ക്കാന്‍ രോഹിത്; കളത്തിലിറങ്ങിയാല്‍ പിറക്കുക ചരിത്രനേട്ടം
Cricket
ഇന്ത്യന്‍ വന്മതില്‍ തകര്‍ക്കാന്‍ രോഹിത്; കളത്തിലിറങ്ങിയാല്‍ പിറക്കുക ചരിത്രനേട്ടം
സുദേവ് എ
Tuesday, 16th June 2026, 8:17 am

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ മൂന്ന് ഏകദിന മത്സരങ്ങളുടെ പരമ്പരയിലെ രണ്ടാം മത്സരം ജൂണ്‍ 17നാണ് നടക്കുന്നത്. ആദ്യ മത്സരം വിജയിച്ച ആത്മവിശ്വാസത്തിലായിരിക്കും ശുഭ്മന്‍ ഗില്ലും സംഘവും കളത്തിലിറങ്ങുക.

ഏകാനാ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ വിജയിക്കാന്‍ സാധിച്ചാല്‍ ഇന്ത്യയ്ക്ക് പരമ്പര സ്വന്തമാക്കാനാവും. മറുഭാഗത്ത് പരമ്പര കൈവിടാതിരിക്കാന്‍ അഫ്ഗാനിസ്ഥാനും വിജയം അനിവാര്യമാണ്.

രോഹിത് ശർമ

ഈ മത്സരത്തിനിറങ്ങുമ്പോള്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മക്ക് ഒരു വമ്പന്‍ നേട്ടം സ്വന്തമാക്കാനുള്ള അവസരവുമുണ്ട്. ഇന്ത്യക്കായി ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച താരങ്ങളുടെ പട്ടികയില്‍ നാലാം സ്ഥാനത്തേക്ക് മുന്നേറാനാണ് രോഹിത്തിന് സാധിക്കുക.

നിലവില്‍ മൂന്ന് ഫോര്‍മാറ്റുകളിലുമായി 509 മത്സരങ്ങിലാണ് രോഹിത് കളത്തിലിറങ്ങിയത്. ഇത്ര തന്നെ മത്സരങ്ങള്‍ കളിച്ച രാഹുല്‍ ദ്രാവിഡിനെയാണ് രോഹിത്തിന് മറികടക്കാന്‍ സാധിക്കുക.

ഇന്ത്യക്ക് വേണ്ടി 283 ഏകദിനങ്ങളിലും 67 ടെസ്റ്റുകളിലും കളത്തിലിറങ്ങിയ രോഹിത് 159 മത്സരങ്ങളില്‍ ടി-20യിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. മറുഭാഗത്ത് ദ്രാവിഡ് 344 ഏകദിനങ്ങളും 164 ടെസ്റ്റുകളിലുമാണ് കളത്തിലിറങ്ങിയത്. ഒരു ടി-20 മത്സരവും ദ്രാവിഡ് കളിച്ചു.

രാഹുൽ ദ്രാവിഡ്

അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കായി ഏറ്റവുമധികം മത്സരങ്ങള്‍ കളിച്ച താരം സച്ചിന്‍ ടെന്‍ഡുല്‍ക്കറാണ്. 664 മത്സരങ്ങളിലാണ് സച്ചിന്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞത്. 559 മത്സരങ്ങളുമായി വിരാട് കോഹ്‌ലി രണ്ടാമതും 538 മത്സരങ്ങളോടെ എം.എസ് ധോണി മൂന്നാം സ്ഥാനത്തുമുണ്ട്.

അതേസമയം ധര്‍മശാലയില്‍ നടന്ന ആദ്യ മത്സരത്തില്‍ ഏഴ് വിക്കറ്റിന്റെ വിജയമായിരുന്നു അഫ്ഗാനെതിരെ ഇന്ത്യ സ്വന്തമാക്കിയത്. രണ്ടാം മത്സരത്തിലും ഇന്ത്യ വിജയിച്ചു കയറുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

ജൂണ്‍ 20നാണ് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും ഏകദിനം നടക്കുന്നത്. ചെന്നൈയിലെ എം. എ. ചിദംബരം സ്റ്റേഡിയത്തിലാണ് മത്സരം. 2027 ഏകദിന ലോകകപ്പിനുള്ള തയ്യാറെടുപ്പിന് തുടക്കം കുറിക്കുന്ന ആദ്യ പരമ്പരയായതിനാല്‍ ഇരുടീമുകളും ഈ സീരീസ് വളരെ പ്രാധാന്യത്തോടെയാണ് കാണുന്നത്.

ഇന്ത്യന്‍ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), രോഹിത് ശര്‍മ, യശസ്വി ജെയ്സ്വാള്‍, ശ്രേയസ് അയ്യര്‍(വൈസ് ക്യാപ്റ്റന്‍), കെ.എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍, ഹര്‍ദിക് പാണ്ഡ്യ, നിതീഷ് കുമാര്‍ റെഡ്ഡി, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, അര്‍ഷീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ഗുര്‍ണൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, പ്രിന്‍സ് യാദവ്.

അഫ്ഗാനിസ്ഥാന്‍ സ്‌ക്വാഡ്

മുഹമ്മദ് നബി, ഹഷ്മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), റഹ്‌മത്ത് ഷാ, ഫരീദ് അഹമ്മദ്, റാഷിദ് ഖാന്‍, ഇക്രം അലിഖില്‍ (വിക്കറ്റ് കീപ്പര്‍), അസ്മത്തുള്ള ഒമര്‍സായ്, ഇബ്രാഹിം സദ്രാന്‍, ദര്‍വീഷ് അബ്ദുള്‍ റസൂലി, നങ്കേയാലിയ ഖരോട്ടെ, ഖൈസ് അഹമ്മദ്, സിയാവുര്‍ റഹ്‌മാന്‍, റഹ്‌മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സെദിഖുള്ള അടല്‍, ബിലാല്‍ സാമി, മുഹമ്മദ് സലീം, അല്ലാഹ് ഗസന്‍ഫാര്‍, ബഷീര്‍ അഹമ്മദ്.

 

Content Highlight: Rohit Sharma set to break Rahul Dravid’s record in international cricket

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.