അടിച്ച രണ്ട് സിക്സിലും രോഹിത് സഞ്ജുവിന് താഴെ; വീഴാതെ മലയാളി!
Cricket
അടിച്ച രണ്ട് സിക്സിലും രോഹിത് സഞ്ജുവിന് താഴെ; വീഴാതെ മലയാളി!
Sudev A
Friday, 15th May 2026, 3:30 pm

ഐ.പി.എല്ലില്‍ കഴിഞ്ഞ ദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്സിനെതിരെ തകര്‍പ്പന്‍ വിജയമാണ് മുംബൈ ഇന്ത്യന്‍സ് സ്വന്തമാക്കിയത്. പഞ്ചാബിന്റെ സെക്കന്റ് ഹോം ഗ്രൗണ്ടായ ധര്‍മശാല ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈയുടെ വിജയം.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് അടിച്ചെടുത്തത്. മറുപടി ബാറ്റിങ്ങില്‍ 19.5 ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ ലക്ഷ്യം മറികടന്നു.

മത്സരത്തില്‍ മുംബൈയ്ക്ക് വേണ്ടി 33 പന്തില്‍ ആറ് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 75* റണ്‍സാണ് തിലക് വര്‍മ അടിച്ചെടുത്തത്. 227.27 എന്ന പ്രഹര ശേഷിയില്‍ ബാറ്റ് ചെയ്താണ് താരം മുംബൈയെ വിജയത്തിലെത്തിച്ചത്.

റിയാന്‍ റിക്കിള്‍ട്ടണ്‍ 48 റണ്‍സ് നേടി മികച്ച പ്രകടനം നടത്തി. അവസാന ഘട്ടത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടി വില്‍ ജാക്‌സ് ടീമിനായി നിര്‍ണായക സംഭാവന നല്‍കി. മുന്‍ നായകന്‍ രോഹിത് ശര്‍മ 26 പന്തില്‍ 25 റണ്‍സാണ് നേടിയത്. രണ്ട് സിക്‌സുകളാണ് താരം സ്വന്തമാക്കിയത്.

രോഹിത് ശർമ. Photo: IndianPremierLeague/x.com

ഈ രണ്ട് സിക്‌സുകള്‍ക്ക് പിന്നാലെ രോഹിത് ഒരു വമ്പന്‍ ലിസ്റ്റില്‍ മികച്ച മുന്നേറ്റവും നടത്തി. ഐ.പി.എല്ലില്‍ 200+ റണ്‍സ് ചെയ്‌സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന നാലാമത്തെ താരമായി മാറിയാണ് രോഹിത് മുന്നേറിയത്. 38 സിക്‌സുകളാണ് താരം അടിച്ചു കൂട്ടിയത്.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ഇതിഹാസം ആന്ദ്രേ റസലിനെ മറികടന്നാണ് രോഹിത്തിന്റെ മുന്നിലുള്ളത്. രോഹിത്തിന്റെ മുന്നിലുള്ളത് മലയാളി താരം സഞ്ജു സാംസണാണ്. 40 സിക്‌സുകളാണ് സഞ്ജു ചെയ്സിങ്ങില്‍ നേടിയത്.

ഐ.പി.എല്ലില്‍ 200+ റണ്‍സ് ചെയ്‌സ് ചെയ്യുന്ന മത്സരങ്ങളില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന താരം, സിക്‌സുകളുടെ എണ്ണം

നിക്കോളാസ് പൂരന്‍-46

അഭിഷേക് ശര്‍മ-41

സഞ്ജു സാംസണ്‍-40

രോഹിത് ശര്‍മ-38

ആന്ദ്രേ റസല്‍-36

കെ.എല്‍ രാഹുല്‍-36

അതേസമയം മുംബൈ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ വീഴ്ത്തി ഷര്‍ദുല്‍ താക്കൂര്‍ തിളങ്ങി. ദീപക് ചഹര്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ കോര്‍ബിന്‍ ബോഷ്, രാജ് ബാവ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

ആദ്യം ബാറ്റ് ചെയ്ത പഞ്ചാബിനായി മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് പ്രഭ്‌സിമ്രാന്‍ സിങ്ങായിരുന്നു. 32 പന്തില്‍ നാല് സിക്‌സും ആറ് ഫോറും ഉള്‍പ്പെടെ 57 റണ്‍സാണ് താരം നേടിയത്. 17 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടെ 38 റണ്‍സ് നേടി അസ്മത്തുള്ള ഒമര്‍സായിയും മികവ് പുലര്‍ത്തി.

പഞ്ചാബിന് വേണ്ടി ബൗളിങ്ങില്‍ രണ്ട് വിക്കറ്റ് നേടി അസ്മത്തുള്ള ഒമര്‍സായി മികവ് പുലര്‍ത്തിയപ്പോള്‍ മാര്‍ക്കോ യാന്‍സന്‍, യുസ്വേന്ദ്ര ചഹല്‍ എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Content Highlight: Rohit Sharma set a huge record in ipl chasing matches

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.