ഒരു സെഞ്ച്വറി അടിക്കൂ... നിന്നെ മുംബൈ ഇന്ത്യന്‍സിലെടുക്കാം; ടിം പെയ്‌നിന് രോഹിത് ശര്‍മ്മയുടെ മറുപടി
INDIA VS AUSTRALIA
ഒരു സെഞ്ച്വറി അടിക്കൂ... നിന്നെ മുംബൈ ഇന്ത്യന്‍സിലെടുക്കാം; ടിം പെയ്‌നിന് രോഹിത് ശര്‍മ്മയുടെ മറുപടി
സ്പോര്‍ട്സ് ഡെസ്‌ക്
Friday, 28th December 2018, 10:48 am

മെല്‍ബണ്‍: ബാറ്റിംഗിനിടെ സ്ലെഡ്ജിംഗ് നടത്തിയ ഓസ്‌ട്രേലിയന്‍ ടീം ക്യാപ്റ്റന്‍ ടിം പെയ്‌നിന് രോഹിത് ശര്‍മ്മയുടെ മറുപടി. രണ്ടാം ദിനം ബാറ്റിംഗിനിടെ രോഹിതിനോട് സിക്‌സ് നേടുകയാണെങ്കില്‍ താന്‍ മുംബൈ ഇന്ത്യന്‍സിനെ പിന്തുണയ്ക്കുമെന്നായിരുന്നു പെയ്ന്‍ പറഞ്ഞത്.

എന്നാല്‍ പെയ്ന്‍ മെല്‍ബണില്‍ സെഞ്ച്വറി നേടുകയാണെങ്കില്‍ ഐ.പി.എല്ലില്‍ തന്റെ ടീമായ മുംബൈ ഇന്ത്യന്‍സില്‍ താരത്തെ ഉള്‍പ്പെടുത്തുമെന്ന് രോഹിത് നോണ്‍സ്‌ട്രൈക്ക് എന്‍ഡിലുണ്ടായിരുന്ന അജിങ്ക്യ രഹാനെയോട് പറഞ്ഞു.

കോഹ്‌ലിയും പൂജാരയും പെട്ടെന്ന് പുറത്തായ ശേഷമാണ് രോഹിതും രഹാനെയും ക്രീസില്‍ ഒരുമിച്ചത്. ഇരുവരും ഇന്ത്യന്‍ ഇന്നിംഗ്‌സിനെ മുന്നോട്ടുകൊണ്ടുപോകുന്നതിനിടെയാണ് സ്ലെഡ്ജിംഗുമായി പെയ്ന്‍ എത്തിയത്. രോഹിത് സിക്‌സ് നേടുകയാണെങ്കില്‍ താന്‍ രോഹിതിന്റെ ടീമായ മുംബൈയെ പിന്തുണയ്ക്കും എന്നായിരുന്നു വിക്കറ്റ് കീപ്പര്‍ കൂടിയായ പെയ്ന്‍ പറഞ്ഞത്.

ALSO READ: കംഗാരുക്കളെ ബുംറ എറിഞ്ഞോടിച്ചു; ഇന്ത്യയ്ക്ക് 292 റണ്‍സ് ലീഡ്

എന്നാല്‍ പെയ്‌നിന്റെ സംസാരത്തോട് താന്‍ അപ്പോള്‍ പ്രതികരിച്ചില്ലെന്നും എന്നാല്‍ സഹതാരമായ രഹാനെയോട് ഇതിനെക്കുറിച്ച് സംസാരിച്ചെന്നും രോഹിത് പിന്നീട് പറഞ്ഞു.

“പെയ്‌നിന്റെ സംസാരം ഞാന്‍ കേട്ടിരുന്നു. പക്ഷെ ബാറ്റിംഗില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക എന്നതായിരുന്നു അപ്പോള്‍ എന്റെ ജോലി. എന്നാല്‍ രഹാനെയോട് ഞാന്‍ ഇതിനെക്കുറിച്ച് സംസാരിച്ചു. ഇവിടെ അദ്ദേഹം സെഞ്ച്വറി നേടുകയാണെങ്കില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഉടമകളുമായി സംസാരിച്ച് ഞാന്‍ അദ്ദേഹത്തെ ടീമിലെടുക്കും. അദ്ദേഹം ഒരു മുംബൈ ആരാധകനാണെന്ന് തോന്നുന്നു.”-രോഹിത് പറഞ്ഞു.

WATCH THIS VIDEO: