ഐ.പി.എല്ലില്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റവാങ്ങുന്ന മുംബൈ ഇന്ത്യന്‍സിന് സന്തോഷവാര്‍ത്ത. പരിക്കേറ്റ സൂപ്പര്‍ താരം രോഹിത് ശര്‍മ അടുത്ത മത്സരത്തില്‍ ടീമിന് വേണ്ടി കളിക്കുമെന്നാണ് റിപ്പോര്‍ട്ട്.
വലത് കൈത്തണ്ടയിലെ പരിക്കില്‍ നിന്ന് നിലവില്‍ സുഖം പ്രാപിച്ചുകൊണ്ടിരിക്കുന്ന മുന്‍ മുംബൈ നായകന്‍ ഏപ്രില്‍ 29ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരെ നടക്കുന്ന ഹോം മത്സരത്തില്‍ കളിക്കുമെന്നാണ് സൂചന.
ഏപ്രില്‍ 12ന് റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരായ മുംബൈയുടെ ഹോം മത്സരത്തിനിടെ പരിക്കേറ്റതിനെ തുടര്‍ന്നായിരുന്നു രോഹിത് പുറത്തായത്. അതിനുശേഷം പഞ്ചാബ് കിങ്സ്, ഗുജറാത്ത് ടൈറ്റന്‍സ്, ചെന്നെ സൂപ്പര്‍ കിങ്സ് എന്നിവര്‍ക്കെതിരായ മൂന്ന് മത്സരങ്ങളില്‍ അദ്ദേഹം കളിച്ചിരുന്നില്ല.
മുംബൈയുടെ പരിശീലകരുമൊത്ത് രോഹിത് തന്റെ ഫിറ്റ്‌നസില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ‘പൂര്‍ണ ഫിറ്റ്‌നസിലേക്ക് തിരിച്ചെത്താന്‍ രോഹിത് കഠിനാധ്വാനം ചെയ്യുന്നുണ്ട്,’ ക്രിക്ക്ബസിനോട് മുംബൈ വൃത്തം പറഞ്ഞു.
സീസണില്‍ മികച്ച തുടക്കം ലഭിച്ചെങ്കിലും നിലവില്‍ നാല് മത്സരങ്ങളില്‍ നിന്ന് 165 എന്ന സ്‌ട്രൈക്ക് റേറ്റില്‍ ഒരു അര്‍ധ സെഞ്ച്വറിയുള്‍പ്പെടെ 137 റണ്‍സ് അദ്ദേഹം നേടിയിട്ടുണ്ട്. എന്നിരുന്നാലും തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങി മോശം പ്രകടനം കാഴ്ചവെക്കുന്ന മുംബൈയ്ക്ക് വരും മത്സരങ്ങള്‍ ഏറെ നിര്‍ണായകമാണ്. അതിനാല്‍ കരുത്തപരായ ഹൈദരാബാദിനെതിരെ രോഹിത് തിരിച്ചെത്തുമെന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്.
മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 208 റണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈക്ക് മുന്നില്‍ വെച്ചുനീട്ടിയത്. എന്നാല്‍ മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ 104 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. ഇതോടെ ചെന്നൈ സീസണിലെ മൂന്നാം വിജയം സ്വന്തമാക്കി. വിജയത്തോടെ പോയിന്റ് ടേബിളില്‍ അഞ്ചാം സ്ഥാനത്തേക്ക് ഉയരാനും മഞ്ഞപ്പടയ്ക്ക് സാധിച്ചു.
Content Highlight: Rohit Sharma likely to play for Mumbai in the match against Sunrisers Hyderabad on April 29