കണ്‍സ്റ്റിസ്റ്റന്റ് രോഹിത്; ഐ.പി.എല്ലിന്റെ റണ്‍വേട്ടക്കാരനായ കോഹ്‌ലിക്കുപോലുമില്ലാത്ത നേട്ടവുമായാണ് ഹിറ്റ്മാന്റെ വരവ്!
Cricket
കണ്‍സ്റ്റിസ്റ്റന്റ് രോഹിത്; ഐ.പി.എല്ലിന്റെ റണ്‍വേട്ടക്കാരനായ കോഹ്‌ലിക്കുപോലുമില്ലാത്ത നേട്ടവുമായാണ് ഹിറ്റ്മാന്റെ വരവ്!
ഫസീഹ പി.സി.
Sunday, 22nd March 2026, 1:35 pm

ഐ.പി.എല്‍ 2026നുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. ഈ കാത്തിരിപ്പ് അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രമാണുള്ളത്. മാര്‍ച്ച് 28 മുതലാണ് 19ാം സീസണിന് തുടക്കമാവുന്നത്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവും (ആര്‍. സി. ബി) സണ്‍റൈസേഴ്സ് ഹൈദരാബാദും (എസ്. ആര്‍. എച്ച്) തമ്മിലുള്ള മത്സരത്തോടെയാണ് ഈ സീസണിന് തിരശീലയുയരുക. ആര്‍.സി.ബിയുടെ ഹോം ഗ്രൗണ്ടായ ചിന്നസ്വാമി സ്റ്റേഡിയമാണ് വേദി.

ഈ സീസണിന് അരങ്ങുണരുമ്പോള്‍ ആരാധകരുടെ ഹിറ്റ്മാന്‍ മറ്റാര്‍ക്കുമില്ലാത്ത ഒരു സൂപ്പര്‍ നേട്ടവുമായാണ് കളത്തിലെത്തുന്നത്. ഇതുവരെയുള്ള എല്ലാ സീസണിലും 200 + സ്‌കോര്‍ നേടിയ ഏക താരമെന്ന ഖ്യാതിയുമാണ് താരം പുതിയ സീസണില്‍ ബാറ്റേന്തുന്നത്.

രോഹിത് ശര്‍മ. Photo: Mumbai Indians/x.com

ടൂര്‍ണമെന്റിന്റെ എല്ലാ സീസണുകളിലും കളത്തിലെത്തിയിട്ടുണ്ടെങ്കിലും ഒരിക്കല്‍ പോലും രോഹിത് ശര്‍മയ്ക്ക് ഓറഞ്ച് ക്യാപ് സ്വന്തമാക്കാനായിട്ടില്ല. എന്നാല്‍, 18 എഡിഷനുകളിലും താരത്തിന്റെ ബാറ്റില്‍ നിന്ന് 200ലധികം റണ്‍സ് പിറന്നിട്ടുണ്ട്. ഐ.പി.എല്ലില്‍ എക്കാലത്തെയും ഉയര്‍ന്ന റണ്‍വേട്ടക്കാരനായ വിരാട് കോഹ്‌ലിക്ക് പോലും ഇങ്ങനെ റണ്‍സെടുക്കാന്‍ സാധിച്ചിട്ടില്ല.

വിരാട് 17 സീസണുകളിലാണ് 200+ സ്‌കോര്‍ എടുത്തിട്ടുള്ളത്. എം.എസ്. ധോണിയും ശിഖര്‍ ധവാനും ഇരുവരും പിന്നിലുള്ളത്. ഇരുവരും 14 സീസണുകളിലാണ് 200 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്തിട്ടുളത്. അപ്പോഴും ആര്‍ക്കും തൊടാന്‍ കഴിയാതെ ഹിറ്റ്മാന്‍ സിംഹാസനം വാഴുകയാണ്.

വിരാട് കോഹ്‌ലി. Photo: Royal Challengers Bengaluru/x.com

ഐ.പി.എല്ലിന്റെ ആദ്യ സീസണ്‍ മുതല്‍ കളിക്കുന്ന രോഹിത് 2008ല്‍ 404 റണ്‍സാണ് അടിച്ചെടുത്തത്. ആ എഡിഷനില്‍ ഡെക്കാന്‍ ചാര്‍ജേഴ്സിന്റെ താരമായ അടുത്ത രണ്ട് സീസണിനും ടീമിനായി മികച്ച പ്രകടനം നടത്തി. രണ്ടാം സീസണില്‍ 362 റണ്‍സെടുത്ത മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ 2010ല്‍ 404 റണ്‍സും തന്റെ അക്കൗണ്ടിലെത്തിച്ചു.

2011ല്‍ മുംബൈയിലേക്ക് ചേക്കേറിയ രോഹിത് ആ സീസണ്‍ ഒട്ടും മോശമാക്കിയില്ല. 433 റണ്‍സായിരുന്നു ആ സീസണിലെ സമ്പാദ്യം. അടുത്ത വര്‍ഷം താരം ഒന്നുകൂടി മെച്ചപ്പെടുത്തി. മുംബൈ ജേഴ്‌സിയിലിറങ്ങിയ ഹിറ്റ്മാന്‍ 538 റണ്‍സാണ് അടിച്ചെടുത്തത്.

പിന്നീട് ഓരോ എഡിഷനിലും രോഹിത് തന്റെ ക്ലാസ് തെളിയിച്ചു. ഈ ഓരോ വര്‍ഷവും താരം 200ന് മുകളില്‍ സ്‌കോര്‍ ചെയ്തു. ഇതിനിടയില്‍ മുംബൈയുടെ നായകനായപ്പോഴും ഇതേ ഫോം തുടര്‍ന്നു. ഇപ്പോള്‍ ക്യാപ്റ്റന്‍സി ഇല്ലാതെ കളിക്കാന്‍ എത്തുമ്പോഴും താരം ബാറ്റിങ്ങില്‍ തിളങ്ങുമെന്ന് തന്നെയാണ് ആരാധകരുടെ പ്രതീക്ഷ.

രോഹിത് ശര്‍മ. Photo: Shebas/x.com

രോഹിത് ശര്‍മയുടെ ഓരോ സീസണിലെയും സ്‌കോറുകള്‍

2008 – 404

2009 – 362

2010 – 404

2011 – 372

2012 – 433

2013 – 538

2014 – 390

2015 – 482

2016 – 489

2017 – 333

2018 – 286

2019 – 405

2020 – 332

2021 – 381

2022 – 268

2023 – 332

2024 – 417

2025 – 418

 

Content Highlight: Rohit Sharma is the only player to score 200+ runs in every season in IPL

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി