'വിരാടിനെക്കാളും മികച്ച ബാറ്റര്‍ രോഹിത് ശര്‍മ'
Sports News
'വിരാടിനെക്കാളും മികച്ച ബാറ്റര്‍ രോഹിത് ശര്‍മ'
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 3rd February 2023, 1:54 pm

ഇന്ത്യന്‍ ക്രിക്കറ്റിലെ ബാറ്റിങ് നിരയിലെ ഏറ്റവും മികച്ച ബാറ്റര്‍മാരാണ് വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും. ഇന്ത്യ അവസാനമായി ഐ.സി.സി കിരീടമുയര്‍ത്തിയ 2013 ചാമ്പ്യന്‍സ് ട്രോഫി ടീമിലും ഇരുവരും അംഗങ്ങളായിരുന്നു. ഏറ്റവുമധികം ഏകദിന സെഞ്ച്വറിയടിച്ച ബാറ്റര്‍മാരില്‍ രണ്ടാമനാണ് കോഹ്‌ലി. ലോകക്രിക്കറ്റിലെ വമ്പന്മാരായ ടീമുകളിലൊന്നിനെ നയിക്കുന്ന ക്യാപ്റ്റനാണ് രോഹിത്. ഇരുവരില്‍ ആരാണ് കൂടുതല്‍ മികച്ചവന്‍ എന്ന തര്‍ക്കം പലപ്പോഴും ഉയരാറുണ്ട്.

ഈ ചര്‍ച്ചയെ സജീവമാക്കി രംഗത്ത് വന്നിരിക്കുന്നത് മുന്‍ പാക് പേസര്‍ സൊഹൈല്‍ ഖാന്‍. വിരാട് നല്ല ബാറ്ററാണെന്നും എന്നാല്‍ രോഹിത്താണ് അവനെക്കാളും മികച്ചവനെന്നുമാണ് സൊഹൈല്‍ ഖാന്‍ പറഞ്ഞത്. ‘വിരാട് കോഹ്‌ലി ഒരു മികച്ച ബാറ്ററാണ്. എന്നാല്‍ കോഹ്‌ലിയെക്കാള്‍ മികച്ചവന്‍ രോഹിത് ശര്‍മയാണ്. സാങ്കേതികപരമായി നോക്കുകയാണെങ്കില്‍ രോഹിത്തിനാണ് മികവ് കൂടുതല്‍. പത്ത് പന്ത്രണ്ട് വര്‍ഷമായി രോഹിത് ലോക ക്രിക്കറ്റ് ഭരിക്കുകയാണ്,’ സൊഹൈല്‍ ഖാന്‍ പറഞ്ഞു.

2015 ലോകകപ്പില്‍ അഡ്‌ലെയ്ഡ് ഓവലില്‍ വെച്ച് നടന്ന ഇന്ത്യ പാകിസ്ഥാന്‍ മത്സരത്തിനിടെ കോഹ്‌ലിയുമായി നടന്ന വാക്കുതര്‍ക്കത്തെ കുറിച്ചും സൊഹൈല്‍ ഖാന്‍ കഴിഞ്ഞ ദിവസം പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു.

വിരാട് എന്റെയടുത്ത് വന്നിട്ട് നിങ്ങള്‍ ക്രിക്കറ്റിലേക്ക് ഇപ്പോള്‍ വന്നതല്ലേ ഇള്ളൂ, എന്നിട്ടും ഇത്രയധികം സംസാരിക്കുന്നുവോ എന്ന് ചോദിച്ചുവെന്നാണ് സൊഹൈല്‍ ഖാന്‍ പറഞ്ഞത്. വിരാടിന് മറുപടിയായി, മകനേ നീ അണ്ടര്‍ 19 കളിക്കുന്ന സമയത്ത് നിന്റെ അച്ഛന്‍ (സ്വയം പരാമര്‍ശിച്ച്) ടെസ്റ്റ് പ്ലെയര്‍ ആയിരുന്നു എന്നാണ് താന്‍ പറഞ്ഞതെന്നും സൊഹൈല്‍ പറഞ്ഞിരുന്നു. 2006-2007 കാലഘട്ടത്തില്‍ നിരവധി ടെസ്റ്റ് മത്സരങ്ങള്‍ കളിച്ചിരുന്ന സമയത്ത് കാല്‍മുട്ടിന് പരിക്കേറ്റ് ക്രിക്കറ്റില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടി വന്ന സമയവും ഇതിനോട് ചേര്‍ത്ത് താരം പറഞ്ഞിരുന്നു.

അതേസമയം ഫെബ്രുവരി ഒമ്പതിന് ആരംഭിക്കുന്ന ഓസ്‌ട്രേലിയന്‍ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യയെ നയിക്കുന്നത് രോഹിത്താണ്. ന്യൂസിലാന്‍ഡുമായുള്ള ടി-20 പരമ്പരയില്‍ ഇല്ലാതിരുന്ന വിരാട് കോഹ്‌ലി, രോഹിത് ശര്‍മ, മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നീ മുതിര്‍ന്ന താരങ്ങള്‍ ഓസ്‌ട്രേലിയന്‍ പര്യടനത്തില്‍ ടീമിനൊപ്പം ചേരും.

നാല് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പരയില്‍ മികച്ച മാര്‍ജിനില്‍ വിജയിക്കാനായാല്‍ ഐ.സി.സി. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിലേക്ക് ഇന്ത്യക്ക് യോഗ്യത നേടാനാവും.

Content Highlight: Rohit Sharma is a better batsman than Virat kohli, says sohail khan