'സെഞ്ച്വറിക്കും' മുകളില്‍ ഹിറ്റ്മാന്‍; ചരിത്ര നേട്ടത്തില്‍ ഡേവിഡ് വാര്‍ണറും രോഹിത്തിനൊപ്പം!
Sports News
'സെഞ്ച്വറിക്കും' മുകളില്‍ ഹിറ്റ്മാന്‍; ചരിത്ര നേട്ടത്തില്‍ ഡേവിഡ് വാര്‍ണറും രോഹിത്തിനൊപ്പം!
ശ്രീരാഗ് പാറക്കല്‍
Friday, 26th December 2025, 7:16 am

വിജയ് ഹസാരെ ട്രോഫിയിലെ ആദ്യ മത്സരത്തില്‍ സിക്കിമിനെതിരെ തകര്‍പ്പന്‍ വിജയമായിരുന്നു മുംബൈ സ്വന്തമാക്കിയിരുന്നത്. ജയ്പൂരില്‍ നടന്ന മത്സരത്തില്‍ എട്ട് വിക്കറ്റിന്റെ വിജയമായിരുന്നു മുംബൈ സ്വന്തമാക്കിയത്. മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത സിക്കിം ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 236 റണ്‍സാണ് നേടിയത്. എന്നാല്‍ വെറും രണ്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ വിജയലക്ഷ്യം മറികടക്കുകയായിരുന്നു.

ഏറെ കാലത്തിന് ശേഷം ടൂര്‍ണമെന്റിലേക്ക് തിരിച്ചെത്തിയ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് പ്രകടനത്തിന്റെ കരുത്തിലാണ് മുംബൈ വിജയക്കുതിപ്പ് നടത്തിയത്. ഓപ്പണിങ്ങില്‍ 94 പന്തില്‍ നിന്ന് 18 ഫോറും ഒമ്പത് സിക്‌സും ഉള്‍പ്പെടെ 155 റണ്‍സായിരുന്നു രോഹിത്ത് അടിച്ചെടുത്തത്. 164.89 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

ഇതോടെ ലിസ്റ്റ് എ ക്രിക്കറ്റില്‍ രോഹിത് ഒരു തകര്‍പ്പന്‍ നേട്ടവും സ്വന്തമാക്കിയിരിക്കുകയാണ്. ലിസ്റ്റ് എ ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ തവണ 150+ റണ്‍സ് നേടുന്ന താരം എന്ന നേട്ടമാണ് രോഹിത് സ്വന്തമാക്കിയത്. ഒമ്പത് തവണയാണ് രോഹിത് ഈ നേട്ടത്തിലെത്തിയത്. മാത്രമല്ല ഈ നേട്ടത്തില്‍ മുന്‍ ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണര്‍ക്കൊപ്പമാണ് രോഹിത് സ്ഥാനം പിടിച്ചത്.

ലിസ്റ്റ് എയില്‍ മാത്രമല്ല രോഹിത് തന്റെ പ്രതാപം നിലനിര്‍ത്തിയത്. അന്താരാഷ്ട്ര ഏകദിനത്തില്‍ ഏറ്റവും കൂടുതല്‍ 150+ റണ്‍സ് നേടുന്ന താരവും രോഹിത്താണ്.

എന്തുതന്നെയായാലും താരങ്ങള്‍ ആഭ്യന്തര മത്സരങ്ങള്‍ കളിക്കണമെന്ന ബി.സി.സി.ഐ നിലപാടിനെ സ്വാഗതം ചെയ്തുകൊണ്ട് ആദ്യ മത്സരത്തില്‍ തന്നെ തന്റെ ഫോം കാണിച്ചുകൊടുക്കാന്‍ രോഹിത്തിന് സാധിച്ചിരിക്കുകയാണ്. അതേസമയം സൂപ്പര്‍ താരം വിരാട് കോഹ്‌ലിയും ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സെഞ്ച്വറി നേടി തിളങ്ങിയിരുന്നു.

ഇരുവരേയും കൂടാതെ ടൂര്‍ണമെന്റില്‍ ആദ്യ ദിനം നടന്ന മത്സരങ്ങളില്‍ 22 താരങ്ങളായിരുന്നു സെഞ്ച്വറി നേടിയത്. വിജയ് ഹസാരെ ട്രോഫിയുടെ ചരിത്രത്തില്‍ ആദ്യമായായിരുന്നു ഇത്രയധികം താരങ്ങള്‍ ആദ്യ മത്സരങ്ങളില്‍ സെഞ്ച്വറി നേടുന്നത്.

അതേസമയം ടൂര്‍ണമെന്റില്‍ ഇന്ന് (ഡിസംബര്‍ 26) നടക്കുന്ന രണ്ടാം മത്സരത്തില്‍ മുംബൈ ഉത്തരാഖണ്ഡിനേയാണ് നേരിടുന്നത്. ജയ്പൂരാണ് വേദി.

 

Content Highlight: Rohit Sharma In Great Record Achievement In List A Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ