കിങ് വാഴുന്ന സിംഹാസനത്തില്‍ വാര്‍ണറിനൊപ്പം ഹിറ്റ്മാന്‍; ലഖ്‌നൗവിനെ പറത്തി വമ്പന്‍ നേട്ടത്തില്‍ രോഹിത്
Cricket
കിങ് വാഴുന്ന സിംഹാസനത്തില്‍ വാര്‍ണറിനൊപ്പം ഹിറ്റ്മാന്‍; ലഖ്‌നൗവിനെ പറത്തി വമ്പന്‍ നേട്ടത്തില്‍ രോഹിത്
ശ്രീരാഗ് പാറക്കല്‍
Tuesday, 5th May 2026, 4:15 pm

ഐ.പി.എല്ലില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്സിനെതിരെ മുംബൈ ഇന്ത്യന്‍സ് തകര്‍പ്പന്‍ വിജയം സ്വന്തമാക്കിയിരുന്നു. സ്വന്തം തട്ടകമായ വാംഖഡെ സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആറ് വിക്കറ്റിനാണ് മുംബൈ വിജയം നേടിയത്.

മത്സരത്തില്‍ ലഖ്‌നൗ ഉയര്‍ത്തിയ 228 റണ്‍സിന്റെ കൂറ്റന്‍ ടോട്ടലാണ് മുംബൈ എട്ട് പന്ത് അവശേഷിക്കെ നാല് വിക്കറ്റ് നഷ്ടത്തില്‍ മറികടന്നത്. സീസണില്‍ തങ്ങളുടെ മൂന്നാം വിജയമാണ് മുംബൈ സ്വന്തമാക്കുന്നത്.

രോഹിത് ശര്‍മയുടെയും റയാന്‍ റിക്കല്‍ട്ടണിന്റെയും അര്‍ധ സെഞ്ച്വറി മികവിലാണ് മുംബൈ ജയിച്ചുകയറിയത്. രോഹിത് 44 പന്തില്‍ ആറ് ഫോറും ഏഴ് സിക്സും ഉള്‍പ്പെടെ 84 റണ്‍സാണ് അടിച്ചെടുത്തത്. ഇത് രോഹിത്തിന്റെ ഐ.പി.എല്‍ കരിയറിലെ 49ാം അര്‍ധ സെഞ്ച്വറിയാണിത്.

ഇതിന് പിന്നാലെ ഒരു വെടിക്കെട്ട് റെക്കോഡ് ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തെത്താനും രോഹിത്തിന് സാധിച്ചിരിക്കുകയാണ്. ഐ.പി.എല്ലില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന രണ്ടാമത്തെ താരമാകാനാണ് രോഹിത്തിന് സാധിച്ചത്. ഈ ലിസ്റ്റില്‍ മുന്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണറിനൊപ്പമാണ് രോഹിത് ഇടം നേടിയത്.

എ.പി.എല്ലില്‍ ഒരു ടീമിന് വേണ്ടി ഏറ്റവും കൂടുതല്‍ 50+ സ്‌കോര്‍ നേടുന്ന താരങ്ങള്‍

(താരം, എണ്ണം, ടീം)

വിരാട് കോഹ്‌ലി – 74 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

രോഹിത് ശര്‍മ – 42 – മുംബൈ ഇന്ത്യന്‍സ്

ഡേവിഡ് വാര്‍ണര്‍ – 42 – സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

എ.ബി. ഡി വില്ലിയേഴ്‌സ് – 39 – റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു

സുരേഷ് റെയ്‌ന – 34 – ചെന്നൈ സൂപ്പര്‍ കിങ്‌സ്

സൂര്യകുമാര്‍ യാദവ് – 31 – മുംബൈ ഇന്ത്യന്‍സ്

റിക്കല്‍ട്ടണ്‍ 32 പന്തില്‍ 83 റണ്‍സ് നേടിയാണ് തിളങ്ങിയത്. ആറ് ഫോറും എട്ട് സിക്‌സും അടങ്ങുന്നതാണ് താരത്തിന്റെ ഇന്നിങ്സ്. കളിയിലെ താരവും റിക്കല്‍ട്ടണായിരുന്നു.

ബാറ്റിങ്ങില്‍ ലഖ്‌നൗവിന് മൂന്നാം ഓവറില്‍ തന്നെ ജോഷ് ഇംഗ്ലിസിനെ നഷ്ടപ്പെട്ടിരുന്നു. 13 റണ്‍സിനാണ് താരം കൂടാരം കയറിയത്. പിന്നീട് മിച്ചല്‍ മാര്‍ഷിന്റെയും നിക്കോളാസ് പൂരന്റെയും വെടിക്കെട്ട് ബാറ്റിങ്ങാണ് ലഖ്‌നൗവിനെ കൂറ്റന്‍ ടോട്ടലിലേക്ക് നയിച്ചത്.

21 പന്തുകളില്‍ നിന്നും 63 റണ്‍സാണ് നിക്കോളാസ് പൂരന്‍ നേടിയത്. ഒരു ഫോറും എട്ട് കൂറ്റന്‍ സിക്‌സും അടങ്ങുന്നതായിരുന്നു വിന്‍ഡീസ് താരത്തിന്റെ പ്രകടനം. മിച്ചല്‍ മാര്‍ഷ് 44 റണ്‍സും ഹിമന്ത് സിങ് 40 റണ്‍സും ഏയ്ഡന്‍ മാര്‍ക്രം 31 റണ്‍സും നേടി ടീമിന് കൂറ്റന്‍ ടോട്ടല്‍ സമ്മാനിക്കുന്നതില്‍ നിര്‍ണായകമായി.

ബൗളിങ്ങില്‍ മുംബൈക്ക് വേണ്ടി കോര്‍ബിന്‍ ബോഷ് രണ്ട് വിക്കറ്റുകളും അള്ളാഹ് ഗസന്‍ഫര്‍, വില്‍ ജാക്സ്, രഘു ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റും വീഴ്ത്തി.

 

Content Highlight: Rohit Sharma In Great Record Achievement In IPL

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ