ആദ്യ മത്സരത്തില്‍ സെഞ്ച്വറി രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്ക്; അടി പതറി ഹിറ്റ്മാന്‍!
Cricket
ആദ്യ മത്സരത്തില്‍ സെഞ്ച്വറി രണ്ടാം മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്ക്; അടി പതറി ഹിറ്റ്മാന്‍!
ശ്രീരാഗ് പാറക്കല്‍
Friday, 26th December 2025, 10:05 am

വിജയ് ഹസാരെ ട്രോഫിയില്‍ മുംബൈയും ഉത്തരാഖണ്ഡുമായുള്ള മത്സരത്തില്‍ ഗോള്‍ഡന്‍ ഡക്കായി സൂപ്പര്‍ താരം രോഹിത് ശര്‍മ. സീസണിലെ രണ്ടാം മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കായി ഓപ്പണിങ് ബാറ്ററായിട്ടായിരുന്നു രോഹിത് കളത്തിലിറങ്ങിയത്.

എന്നാല്‍ നേരിട്ട ആദ്യ പന്തില്‍ തന്നെ പുറത്താകുകയായിരുന്നു രോഹിത്. ഉത്തരാഖണ്ഡിന്റെ ദേവേന്ദ്ര ബോറ എറിഞ്ഞ ആദ്യ ഓവറിലെ അഞ്ചാം പന്തില്‍ സ്‌ട്രൈക്ക് മാറിയെത്തുകയായിരുന്നു രോഹിത്. ജഗ്‌മോഹന്‍ നാഗര്‍കോട്ടിയുടെ കയ്യിലെത്തിയാണ് രോഹിത് മടങ്ങിയത്.

ടൂര്‍ണമെന്റിലെ ആദ്യ മത്സരത്തില്‍ സിക്കിമെനെതിരെ മിന്നും സെഞ്ച്വറി നേടിയതിന് പിന്നാലെയാണ് രോഹിത് ഗോള്‍ഡന്‍ ഡക്കില്‍ കൂടാരം കയറിയത്. ഓപ്പണിങ്ങില്‍ 94 പന്തില്‍ നിന്ന് 18 ഫോറും ഒമ്പത് സിക്സും ഉള്‍പ്പെടെ 155 റണ്‍സായിരുന്നു രോഹിത്ത് സിക്കിമിനെതിരെ അടിച്ചെടുത്തത്. 164.89 എന്ന സ്ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു.

അതേസമയം നിലവില്‍ ജെയ്പൂരില്‍ നടക്കുന്ന മത്സരത്തില്‍ ആറ് ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തിലാണ് മുംബൈ. ഹിറ്റ്മാന്‍ രോഹിത്തിന് പുറമെ ഓപ്പണര്‍ ആംകൃഷ് രഘുവംശിയാണ് പുറത്തായത്. 20 പന്തില്‍ 11 റണ്‍സ് നേടിയാണ് താരം മടങ്ങിയത്. നാഗര്‍ക്കോട്ടിക്കാണ് താരത്തിന്റെ വിക്കറ്റ്.

Content Highlight: Rohit Sharma hits golden duck in Vijay Hazare Trophy

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ