'വണ്‍ ലാസ്റ്റ് ടൈം'; രോഹിത് നല്‍കിയത് വിരമിക്കല്‍ സൂചനയോ?
Sports News
'വണ്‍ ലാസ്റ്റ് ടൈം'; രോഹിത് നല്‍കിയത് വിരമിക്കല്‍ സൂചനയോ?
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 26th October 2025, 9:37 pm

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പര അവസാനിച്ചതോടെ ഇന്ത്യന്‍ സൂപ്പര്‍ താരം രോഹിത് ശര്‍മ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച ഒരു പോസ്റ്റ് ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുകയാണ്. സിഡ്‌നി വിമാനത്താവളത്തില്‍ തന്റെ ചിത്രത്തോടൊപ്പം ‘ വണ്‍ ലാസ്റ്റ് ടൈം, സൈനിങ് ഓഫ് ഫ്രം സിഡ്‌നി’ (അവസാനമായി ഒരിക്കല്‍ കൂടി സിഡ്നിയില്‍ നിന്ന് സൈന്‍ ഓഫ് ചെയ്യുന്നു) എന്നായിരുന്നു താരം എഴുതിയത്.

എന്നാല്‍ രോഹിത് പങ്കുവെച്ച ഈ പോസ്റ്റ് താരത്തിന്റെ വിരമിക്കല്‍ സൂചനയാണെന്നാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്. നവംബര്‍ 30ന് ആരംഭിക്കുന്ന സൗത്ത് ആഫ്രിക്കയ്‌ക്കെതിരായ ഏകദിന പരമ്പര മുന്നിലുള്ളപ്പോഴാണ് രോഹിത്തിന്റെ പോസ്റ്റ് എന്നതും ആരാധകരില്‍ ആശങ്ക ഉളവാക്കുന്നതാണ്. കാരണം പ്രോട്ടിയാസിനെതിരായ പരമ്പരയ്ക്ക് ശേഷം ഇന്ത്യയ്ക്ക് അന്താരാഷ്ട്ര ഏകദിന് മത്സരങ്ങളില്‍ നിന്ന് വലിയ ഇടവേളയുണ്ട്.

അതേസമയം സൂപ്പര്‍ താരം വിരാട് രോഹിത് ശര്‍മയുടേയും വിരാട് കോഹ്ലിയുടേയും തകര്‍പ്പന്‍ പ്രകടനത്തിന്റെ മികവിലാണ് ഇന്ത്യ ഓസീസിനെതിരായ പരമ്പരയില്‍ ആശ്വാസ വിജയം സ്വന്തമാക്കിയത്.


മത്സരത്തില്‍ രോഹിത് ശര്‍മ 125 പന്തില്‍ 13 ഫോറും മൂന്ന് സിക്സും ഉള്‍പ്പെടെ 121 റണ്‍സാണ് പുറത്താകാതെ നേടിയത്. തന്റെ 33ാം ഏകദിന സെഞ്ച്വറിയാണ് രോഹിത് സിഡ്നിയില്‍ സ്വന്തമാക്കിയത്.

മാത്രമല്ല പരമ്പരയിലെ താരമാകാനും രോഹിത്തിന് സാധിച്ചിരുന്നു. 21 ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 202 റണ്‍സാണ് പരമ്പരയില്‍ നിന്ന് രോഹിത് സ്വന്തമാക്കിയത്. കഴിഞ്ഞ രണ്ട് മത്സരങ്ങളിലും പൂജ്യത്തിന് പുറത്തായ വിരാട് അവസാന മത്സരത്തില്‍ 81 പന്തില്‍ നിന്ന് ഏഴ് ഫോര്‍ ഉള്‍പ്പെടെ 74* റണ്‍സും നേടിയും തിളങ്ങി.

അതേസമയം ഓസ്‌ട്രേലിയക്കെതിരായ അഞ്ച് ടി-20 മത്സരങ്ങള്‍ അടങ്ങുന്ന പരമ്പരയ്ക്കായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ടി-20 പരമ്പര ഒക്ടോബര്‍ 29നാണ് ആരംഭിക്കുന്നത്. സൂര്യകുമാര്‍ യാധവാണ് ടി-20 ക്യാപ്റ്റന്‍.

Content Highlight: Rohit Sharma hints at retirement