ന്യൂസിലാന്‍ഡിന്റെ ഇന്ത്യന്‍ പര്യടനത്തിലെ ഏകദിന പരമ്പര ഇന്ന് ആരംഭിക്കുകയാണ്. മൂന്ന് മത്സരങ്ങളുടെ പരമ്പരയിലെ ആദ്യ മത്സരത്തിന് വഡോദര അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയമാണ് വേദി. ഒടുവില്‍ കളിച്ച പരമ്പരകളില്‍ സ്വന്തമാക്കിയ മികച്ച വിജയം തന്നെയാണ് കിവികള്‍ക്കെതിരെ കളിത്തിലറങ്ങുമ്പോഴും ആരാധകര്‍ക്ക് പ്രതീക്ഷ നല്‍കുന്നത്.
സൂപ്പര്‍ താരങ്ങളായ രോഹിത് ശര്‍മയുടെയും വിരാട് കോഹ്‌ലിയുടെയും മികച്ച ഫോം തന്നെയാണ് ഇന്ത്യയുടെ കരുത്ത്. ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഏകദിന പരമ്പരയില്‍ രോഹിത് ശര്‍മയും സൗത്ത് ആഫ്രിക്കയുടെ ഇന്ത്യന്‍ പര്യടനത്തില്‍ വിരാട് കോഹ്‌ലിയുമായിരുന്നു പരമ്പരയുടെ താരങ്ങള്‍.
2027 ലോകപ്പ് ലക്ഷ്യമിട്ട് ബാറ്റ് വീശുന്ന ഇരുവരും തങ്ങളുടെ പ്രൈം ടൈമിനെ അനുസ്മരിപ്പിക്കുന്ന പ്രകടനമാണ് പുറത്തെടുക്കുന്നത്. ഓപ്പണിങ്ങില്‍ രോഹിത്തും വണ്‍ ഡൗണില്‍ വിരാടും അടിത്തറയൊരുക്കുന്ന ഇന്നിങ്‌സ് കെട്ടിപ്പൊക്കേണ്ട ചുമതല മാത്രമാണ് പിന്നാലെയെത്തുന്നവര്‍ക്ക് ഉണ്ടാകാറുള്ളത്.
മുപ്പതുകളിലും രോഹിത് ശര്‍മ എത്രത്തോളം അപകടകാരിയാണെന്ന് വ്യക്തമാക്കുന്നതാണ് താരത്തിന്റെ സ്റ്റാറ്റുകള്‍. ഈ പതിറ്റാണ്ടില്‍ ആദ്യ പത്ത് ഓവറിനകം തന്നെ ഏറ്റവുമധികം അര്‍ധ സെഞ്ച്വറി നേടിയ താരമാണ് രോഹിത്.
രോഹിത് ശര്‍മ. Photo: BCCI/x.com
അഞ്ച് തവണയാണ് 2020 മുതല്‍ രോഹിത് ആദ്യ പത്ത് ഓവറിനുള്ളില്‍ തന്നെ അര്‍ധ സെഞ്ച്വറി നേടിയത്. ഈ റെക്കോഡില്‍ ഒന്നാമനും രോഹിത് തന്നെയാണ്.
നാല് സെഞ്ച്വറികളുമായി ഓസ്‌ട്രേലിയന്‍ സൂപ്പര്‍ ഓപ്പണര്‍ ട്രാവിസ് ഹെഡാണ് പട്ടികയിലെ രണ്ടാമന്‍. മൂന്ന് തവണ ഈ നേട്ടവുമായി ഡേവിഡ് വാര്‍ണര്‍ മൂന്നാമനായി ലിസ്റ്റില്‍ ഇടം നേടിയിട്ടുണ്ട്.
ന്യൂസിലാന്‍ഡിനെതിരെയും സമാന പ്രകടനം പുറത്തെടുക്കാന്‍ രോഹിത് ശര്‍മയ്ക്ക് സാധിക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്. നിലവില്‍ ഏകദിന ഫോര്‍മാറ്റില്‍ മാത്രമാണ് രോഹിത് ഇന്ത്യന്‍ ജേഴ്‌സി അണിയുന്നത്. ഇക്കാരണം കൊണ്ട് തന്നെ തന്റെ നൂറ് ശതമാനവും രോഹിത് പുറത്തെടുക്കുമെന്നാണ് ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നത്.