സച്ചിനൊന്നും ചിത്രത്തില്‍ പോലുമില്ല, ഗെയ്‌ലേ നീയും സെയ്ഫല്ല; ചരിത്രനേട്ടത്തില്‍ റെക്കോഡുകളുടെ കളിത്തോഴന്‍
Sports News
സച്ചിനൊന്നും ചിത്രത്തില്‍ പോലുമില്ല, ഗെയ്‌ലേ നീയും സെയ്ഫല്ല; ചരിത്രനേട്ടത്തില്‍ റെക്കോഡുകളുടെ കളിത്തോഴന്‍
ആദർശ് എം.കെ.
Tuesday, 21st July 2026, 6:04 pm

ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തില്‍ നിരാശാജനകമായ പ്രകടനമാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. ടി-20 പരമ്പര വെള്ളയടിച്ച് തോറ്റപ്പോള്‍ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് പൊരുതിയാണ് തോറ്റത്.

ലോര്‍ഡ്‌സില്‍ നടന്ന ഏകദിന പരമ്പരയിലെ സീരീസ് ഡിസൈഡര്‍ മത്സരത്തില്‍ വിജയം മുമ്പില്‍ കണ്ട ശേഷമായിരുന്നു ഇന്ത്യയുടെ തോല്‍വി. രോഹിത് ശര്‍മ ഹിറ്റ്മാന്‍ മോഡിലേക്ക് ഗിയര്‍ ഷിഫ്റ്റ് ചെയ്തും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും വിരാട് കോഹ്‌ലിയും അര്‍ധ സെഞ്ച്വറിയുമായി കട്ടയ്ക്ക് കൂടെ നിന്നെങ്കിലും മറ്റുള്ളവര്‍ക്കൊന്നും തന്നെ ചെയ്യാനില്ലാതെ വന്നതോടെ ഇന്ത്യ തോല്‍വിയിലേക്ക് കൂപ്പുകുത്തി.

വിമര്‍ശനങ്ങളുടെ കൂരമ്പുകളും പേറിയാണ് രോഹിത് ലോര്‍ഡ്‌സിലെ മൂന്നാം മത്സരത്തിനിറങ്ങിയത്. ഇത് ഒരുപക്ഷേ രോഹിത്തിന്റെ അന്താരാഷ്ട്ര കരിയറിലെ അവസാന മത്സരമാകുമെന്ന അഭ്യൂഹങ്ങങ്ങളും നിലനില്‍ക്കെ വെടിക്കെട്ട് സെഞ്ച്വറിയുമായാണ് രോഹിത് തിളങ്ങിയത്.

110 പന്ത് നേരിട്ട താരം 137 റണ്‍സ് അടിച്ചെടുത്തു. ആകാശം തൊട്ട അഞ്ച് സിക്‌സറുകളും എണ്ണം പറഞ്ഞ 17 ഫോറുകളും അടങ്ങുന്നതായിരുന്നു ഹിറ്റ്മാന്റെ ഇന്നിങ്‌സ്.

ഈ പ്രകടനത്തിന് പിന്നാലെ നിരവധി റെക്കോഡുകളും രോഹിത്തിനെ തേടിയെത്തി. ഒരു ഏകദിന ഇന്നിങ്‌സില്‍ അഞ്ചോ അതിലധികമോ സിക്‌സര്‍ നേടുന്ന ഇന്ത്യന്‍ താരങ്ങളുടെ പട്ടികയില്‍ തന്റെ ആധിപത്യം നിലനിര്‍ത്തിയാണ് രോഹിത് ഇത്തവണ കയ്യടികളേറ്റുവാങ്ങിയത്. 21 ഏകദിനങ്ങളിലാണ് രോഹിത് അഞ്ചോ അതിലധികമോ സിക്‌സറുകളടിച്ചെടുത്തത്.

ഇന്ത്യയ്ക്കായി ഏറ്റവുമധികം ഇന്നിങ്‌സുകളില്‍ 5+ സിക്‌സറുകള്‍

(താരം – സിക്‌സര്‍ എന്നീ ക്രമത്തില്‍)

രോഹിത് ശര്‍മ – 21*

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – 8

സൗരവ് ഗാംഗുലി – 7

വിരേന്ദര്‍ സേവാഗ് – 6

വിരാട് കോഹ് ലി – 5

ശ്രേയസ് അയ്യര്‍ – 4

ഹര്‍ദിക് പാണ്ഡ്യ – 4

യുവരാജ് സിങ് – 4

എം.എസ്. ധോണി – 41

അന്താരാഷ്ട്ര തലത്തില്‍ ഇതിഹാസ താരം ക്രിസ് ഗെയ്ല്‍ മാത്രമാണ് ഈ നേട്ടത്തില്‍ രോഹിത്തിന് മുമ്പിലുള്ളത്. 23 ഇന്നിങ്‌സുകളിലാണ് യൂണിവേഴ്‌സല്‍ ബോസിന്റെ ബാറ്റില്‍ നിന്നും അഞ്ചോ അതിലധികമോ സിക്‌സറുകള്‍ ഗ്യാലറിയില്‍ പതിച്ചത്.

ഈ മത്സരത്തില്‍ തന്നെ സിക്‌സറടിച്ച് മറ്റൊരു നേട്ടവും ഹിറ്റ്മാന്‍ സ്വന്തമാക്കിയിരുന്നു. ഏകദനത്തില്‍ ഓപ്പണറുടെ റോളില്‍ കളത്തിലിറങ്ങിയ ഏറ്റവുമധികം സിക്സര്‍ നേടുന്ന താരങ്ങളുടെ പട്ടികിയില്‍ രണ്ടാം സ്ഥാനത്തേക്കുയര്‍ന്നാണ് ഹിറ്റ്മാന്‍ തിളങ്ങിയത്.

രോഹിത് ശര്‍മ

ഈ നേട്ടത്തില്‍ ക്രിസ് ഗെയ്ലിനൊപ്പം രണ്ടാം സ്ഥാനം പങ്കിടുകയാണ് രോഹിത്. 137 സിക്‌സറുമായി ലങ്കന്‍ ഇതിഹാസം സനത് ജയസൂര്യയാണ് ഈ റെക്കോഡില്‍ ഒന്നാമന്‍.

ഏകദിനത്തില്‍ ഏറ്റവുമധികം സിക്സര്‍ നേടിയ ഓപ്പണര്‍

(താരം – ടീം – സിക്സര്‍ എന്നീ ക്രമത്തില്‍)

സനത് ജയസൂര്യ – ശ്രീലങ്ക – 137

രോഹിത് ശര്‍മ – ഇന്ത്യ – 114*

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 114

സച്ചിന്‍ ടെന്‍ഡുല്‍ക്കര്‍ – ഇന്ത്യ – 90

ആദം ഗില്‍ക്രിസ്റ്റ് – ഓസ്ട്രേലിയ – 81

 

Content highlight: Rohit Sharma dominates the list of Most ODI innings for India with 5+ Sixes

ആദർശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.