കിവികള്‍ക്കെതിരെ നിറം മങ്ങിയ രോഹിത്; 2027 ലോകകപ്പ് ഒരു സ്വപ്നമായി അവശേഷിക്കുമോ?
Cricket
കിവികള്‍ക്കെതിരെ നിറം മങ്ങിയ രോഹിത്; 2027 ലോകകപ്പ് ഒരു സ്വപ്നമായി അവശേഷിക്കുമോ?
ഫസീഹ പി.സി.
Tuesday, 20th January 2026, 4:49 pm

ന്യൂസിലാന്റിന് എതിരെയുള്ള പരമ്പര രോഹിത് ശര്‍മയെയും അദ്ദേഹത്തിന്റെ ആരാധകരെയും സംബന്ധിച്ച് വളരെ നിരാശപ്പെടുത്തുന്നതായിരുന്നു. കിവികള്‍ക്ക് എതിരെ ഹിറ്റ്മാന്‍ ഷോ ഉണ്ടായില്ലെന്നതാണ് അതിന് കാരണം. ഓസ്ട്രേലിയയിലും സൗത്ത് ആഫ്രിക്കക്ക് എതിരെയും താരം വെടിക്കെട്ട് നടത്തി വിരുന്നൊരുക്കിയിരുന്നു.

അന്നത്തെ പോലെ മറ്റൊരു മിന്നും ബാറ്റിങ് പ്രതീക്ഷിച്ചാണ് കിവികള്‍ക്ക് എതിരെയുള്ള പരമ്പരക്കായി ആരാധകരെത്തിയത്. എന്നാല്‍, ഈ പരമ്പര അവസാനിക്കുന്നത് മുന്‍ നായകന്റെ വെടിക്കെട്ട് കാത്തിരുന്നവരെ സങ്കടപ്പെടുത്തിയാണ്.

ടെസ്റ്റില്‍ നിന്ന് പടിയിറങ്ങിയതിന് ശേഷം മാസങ്ങള്‍ക്കിപ്പുറം ഓസ്ട്രേലിയന്‍ പര്യടനത്തിലാണ് ഇന്ത്യന്‍ കുപ്പായത്തില്‍ രോഹിത് കളത്തിലിറങ്ങിയത്. ആദ്യ മത്സരത്തില്‍ ചെറിയ സ്‌കോറിന് പുറത്തായെങ്കിലും താരം അടുത്ത മത്സരങ്ങളില്‍ താണ്ഡവമാടി.

രോഹിത് ശര്‍മ. Photo: BCCI/x.com

രണ്ടാം ഏകദിനത്തില്‍ അര്‍ധ സെഞ്ച്വറിയുമായി രോഹിത് ഫോമിലേക്ക് തിരിച്ചെത്തി. പിന്നീട് പരമ്പരയിലെ അവസാനത്തെയും മൂന്നാമത്തെയും മത്സരത്തിലും താരം തന്റെ മികവ് തുടര്‍ന്നു. ഈ ഏകദിനത്തില്‍ സെഞ്ച്വറിയടിച്ച് പുറത്താവാതെ നിന്ന് മെന്‍ ഇന്‍ ബ്ലൂവിന് വിജയം സമ്മാനിച്ചു.

പ്രോട്ടിയാസിനെ നേരിട്ടപ്പോളും രോഹിത് രണ്ട് അര്‍ധ സെഞ്ച്വറിയുമായി നിറഞ്ഞാടി. ആദ്യത്തെയും അവസാനത്തെയും ഏകദിനങ്ങളിലാണ് 38 കാരന്‍ തിളങ്ങിയത്. പ്രോട്ടിയാസിനെതിരെ രണ്ടാം ഏകദിനത്തില്‍ മാത്രമാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് കാലിടറിയത്.

രോഹിത് ശര്‍മ. Photo: BCCI/x.com

ഇതേ മികവ് തന്നെ രോഹിത് കിവീസിനെതിരെയും പുറത്തെടുക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും ഒറ്റ മത്സരത്തില്‍ പോലും ആരാധകര്‍ക്ക് അതിന് ഭാഗ്യമുണ്ടായില്ല. പരമ്പരയിലെ മൂന്ന് ഏകദിനങ്ങളില്‍ 26, 24, 11 എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോര്‍. എത്ര കുറഞ്ഞ സ്‌കോര്‍ എടുക്കുമ്പോഴും സിക്‌സടിക്കുന്ന ഹിറ്റ്മാന്‍ ഈ പരമ്പരയില്‍ അതിലും പിശുക്ക് കാട്ടി.

മൂന്ന് മത്സരങ്ങളില്‍ രണ്ട് സിക്‌സ് മാത്രമാണ് രോഹിത് അടിച്ചത്. ഒപ്പം തന്നെ അഗ്രസീവ് ബാറ്റിങ്ങിന് പേര് കേട്ട താരം തന്റെ ഗിയര്‍ മാറ്റുന്ന കാഴ്ചക്കും ആരാധകര്‍ സാക്ഷിയായി. ഞങ്ങളുടെ ഹിറ്റ്മാന് ഇത് എന്തുപറ്റിയെന്നാണ് ആരാധകര്‍ ഒന്നടങ്കം ചോദിക്കുന്നത്.

വിരാട് കോഹ്‌ലിയും രോഹിത് ശർമയും. Photo: BCCI/x.com

ഒപ്പം, വിരാട് കോഹ്‌ലി ഇങ്ങനെ കളിക്കളവും ആരാധകരുടെ മനസും കീഴടക്കി മുന്നേറുമ്പോള്‍ രോഹിത് നിറം മങ്ങുന്നത് വലിയ സങ്കടമാണ് ക്രിക്കറ്റ് പ്രേമികളില്‍ ഉണ്ടാക്കുന്നത്. ഇരുവരെയും ഒന്നിച്ച് 2027 ഏകദിന ലോകകപ്പില്‍ കാണാന്‍ കൊതിക്കുന്നവര്‍ക്ക് വലിയ ആശങ്കയാണ് താരത്തിന്റെ ഈ പ്രകടനങ്ങള്‍.

തരം കിട്ടിയാല്‍ ടീമില്‍ നിന്ന് രോഹിത്തിനെയും കോഹ്‌ലിയെയും പുറത്താക്കാന്‍ നില്‍ക്കുന്നവര്‍ ഒരുപാടുണ്ട്. അതിനാല്‍ തന്നെ ഈ ഫോം ലോകകപ്പ് നേടി ഇരുവരും ഒന്നിച്ച് പടിയിറങ്ങുന്ന തങ്ങളുടെ സ്വപ്നം നടക്കാതെ പോവുമോ എന്നാണ് ആരാധകരുടെ ആശങ്ക.

Content Highlight: Rohit Sharma can’t deliver big innings against New Zealand in ODI; will it affect his 2027 ODI World Cup dream

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി