ഏഷ്യന്‍ ക്രിക്കറ്റ് മാമാങ്കത്തിനുള്ള കാത്തിരിപ്പിലാണ് ക്രിക്കറ്റ് ആരാധകര്‍. 2026ല്‍ ഇന്ത്യയും ശ്രീലങ്കയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ടി-20 ലോകകപ്പിനുള്ള കര്‍ട്ടന്‍ റെയ്‌സര്‍ കൂടിയാണ് 2025 ഏഷ്യാ കപ്പ്. യു.എ.ഇയാണ് ഇത്തവണ ടൂര്‍ണമെന്റിന് ആതിഥേയത്വം വഹിക്കുന്നത്. അബുദാബി, ദുബായ് എന്നിവിടങ്ങളിലാണ് ഇത്തവണ മത്സരം ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.
സെപ്റ്റംബര്‍ ഒമ്പത് മുതല്‍ 28 വരെയാണ് ടൂര്‍ണമെന്റ് അരങ്ങേറുന്നത്. രണ്ട് ഗ്രൂപ്പുകളിലായി എട്ട് ടീമുകള്‍ ഏഷ്യയുടെ രാജാക്കന്‍മാരാകാന്‍ കച്ചമുറുക്കും.
ഈ ടൂര്‍ണമെന്റില്‍ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ഇന്ത്യന്‍ ടീമിന്റെ ഭാഗമാകില്ല. 2025 ഏഷ്യാ കപ്പ് ടി-20 ഫോര്‍മാറ്റിലാണ് കളിക്കുന്നത് എന്നതുതന്നെ കാരണം.
2024 ടി-20 ലോകകപ്പ് വിജയത്തിന് പിന്നാലെ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും അന്താരാഷ്ട്ര തലത്തില്‍ നിന്നും ഷോര്‍ട്ടര്‍ ഫോര്‍മാറ്റിനോട് വിടപറഞ്ഞിരുന്നു. ലോകകപ്പ് ചൂടിയ അതേ വേദിയില്‍ തന്നെയായിരുന്നു രോഹിത്തും വിരാടും തങ്ങളുടെ പടിയിറക്കം പ്രഖ്യാപിച്ചത്. ഇവര്‍ക്ക് പുറമെ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയും ലോകകപ്പ് വിജയത്തിന് പിന്നാലെ അന്താരാഷ്ട്ര ടി-20യില്‍ നിന്നും വിരമിച്ചിരുന്നു.
രോഹിത് ശര്‍മ | വിരാട് കോഹ്‌ലി | രവീന്ദ്ര ജഡേജ
ഏഷ്യാ കപ്പിനായി ഇവര്‍ വിരമിക്കല്‍ പിന്‍വലിച്ച് തിരിച്ചുവരുമെന്ന് കരുതുക വയ്യ. സൂര്യകുമാര്‍ യാദവിന് കീഴില്‍ കരുത്തുറ്റ നിരയാണ് ടി-20യില്‍ കളത്തിലിറങ്ങുന്നത്. വിരാടും രോഹിത്തും അവശേഷിപ്പിച്ച ലെഗസി പിന്തുടരുന്ന യുവതാരങ്ങള്‍ ഇന്ത്യയെ കിരീടത്തിലേക്ക് നയിക്കാന്‍ പോന്നവര്‍ തന്നെയാണ്.
എന്നാല്‍ ടി-20 ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചിട്ടില്ലെങ്കിലും സൂപ്പര്‍ പേസര്‍ ജസ്പ്രീത് ബുംറയും ഏഷ്യാ കപ്പ് കളിക്കാനുള്ള സാധ്യതകള്‍ കുറവാണ്. താരത്തിന്റെ വര്‍ക്ക് ലോഡ് ക്രമീകരിക്കുന്നതിന്റെ ഭാഗമായാണിത്. വെസ്റ്റ് ഇന്‍ഡീസിനോടും സൗത്ത് ആഫ്രിക്കയോടുമുള്ള ബൈലാറ്ററല്‍ സീരീസുകള്‍ കണക്കിലെടുത്താണ് ബുംറയ്ക്ക് വിശ്രമം അനുവദിക്കണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകളുയരുന്നത്.
ജസ്പ്രീത് ബുംറ
അതേസമയം, ടൂര്‍ണമെന്റില്‍ ഗ്രൂപ്പ് എ-യിലാണ് ഇന്ത്യ സ്ഥാനം പിടിച്ചിരിക്കുന്നത്. പതിവുകള്‍ തെറ്റിക്കാതെ പാകിസ്ഥാനും ഗ്രൂപ്പ് എ-യില്‍ തന്നെയുണ്ട്.
സെപ്റ്റംബര്‍ 14നാണ് ആരാധകര്‍ കാത്തിരിക്കുന്ന ഇന്ത്യ – പാകിസ്ഥാന്‍ പോരാട്ടം. പഹല്‍ഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പാകിസ്ഥാനെതിരെ കളിത്തിലിറങ്ങുമോ എന്ന് കണ്ടുതന്നെ അറിയണം.
ഇക്കഴിഞ്ഞ വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് ഓഫ് ലെജന്‍ഡ്സില്‍ ഇന്ത്യ ചാമ്പ്യന്‍സ് പാകിസ്ഥാന്‍ ചാമ്പ്യന്‍സിനെതിരെ കളിച്ചിരുന്നില്ല. ഗ്രൂപ്പ് ഘട്ടത്തില്‍ ഇരുവരും തമ്മിലുള്ള മത്സരം ഉപേക്ഷിക്കുകയും സെമി ഫൈനലില്‍ നിന്ന് ഇന്ത്യ പിന്മാറുകയും ചെയ്തു.
ഏഷ്യാ കപ്പില്‍ ഫൈനലടക്കം മൂന്ന് മത്സരങ്ങളില്‍ ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരാനുള്ള സാധ്യതകളുമുണ്ട്.