അഫ്രീദിയെ നോട്ടമിട്ട് വീണ്ടും രോഹിത്തിറങ്ങുന്നു; ലക്ഷ്യം മറ്റൊരു സിംഹാസനം!
Cricket
അഫ്രീദിയെ നോട്ടമിട്ട് വീണ്ടും രോഹിത്തിറങ്ങുന്നു; ലക്ഷ്യം മറ്റൊരു സിംഹാസനം!
ഫസീഹ പി.സി.
Thursday, 8th January 2026, 7:25 pm

ഇന്ത്യയും ന്യൂസിലാന്‍ഡും തമ്മിലുള്ള ഏകദിന പരമ്പരയ്ക്ക് ഇനി ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. ജനുവരി 11നാണ് പരമ്പര ആരംഭിക്കുക. വഡോദരയാണ് പരമ്പരയിലെ ആദ്യ ഏകദിനത്തിന്റെ വേദി.

ഈ മത്സരത്തില്‍ ഇന്ത്യ ഇറങ്ങുമ്പോള്‍ മുന്‍ നായകന്‍ രോഹിത് ശര്‍മയുടെ വെടിക്കെട്ട് ബാറ്റിങ് ഒരിക്കല്‍ കൂടി കാണാനുള്ള അവസരം കൂടിയാണ് ആരാധകര്‍ക്കുള്ളത്. ആദ്യം ഓസ്ട്രേലിയയിലും പിന്നീട് സൗത്ത് ആഫ്രിക്കക്ക് എതിരെയും തകര്‍ന്നാടിയ ഹിറ്റ്മാന്‍ കിവികള്‍ക്ക് നേരെയും ഉണ്ടാവുമെന്ന് കായിക പ്രേമികളുടെ പ്രതീക്ഷകള്‍.

രോഹിത് ശര്‍മ. Photo: BCCI/x.com

ബ്ലാക്ക് ക്യാപ്‌സിനെ നേരിടാന്‍ മൈതാനത്തിറങ്ങുമ്പോള്‍ രോഹിത്തിനെ കാത്ത് ഒരു സൂപ്പര്‍ നേട്ടവുമുണ്ട്. ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ ഏറ്റവും കൂടുതല്‍ സിക്‌സ് നേടുന്ന താരമെന്ന പട്ടമാണ് ഇന്ത്യന്‍ ഓപ്പണര്‍ക്ക് മുന്നിലുള്ളത്.

ഇതിനായി രോഹിത്തിന് വേണ്ടതാകട്ടെ വെറും നാല് സിക്‌സറുകളും. താരം ഇതുവരെ ഏകദിനത്തില്‍ ന്യൂസിലാന്‍ഡിന് എതിരെ 47 സിക്‌സുകളാണ് നേടിയത്. നിലവില്‍ ഈ ലിസ്റ്റില്‍ മുമ്പില്‍ പാക് താരം ഷാഹിദ് അഫ്രീദിയാണ്. താരം 50 സിക്‌സുകളാണ് ബ്ലാക്ക് ക്യാപ്സിനെതിരെ അടിച്ചിട്ടുള്ളത്.

ഈ പരമ്പരയില്‍ നാല് തവണ പന്ത് ഗാലറിയില്‍ എത്തിക്കാന്‍ സാധിച്ചാല്‍ രോഹിത്തിന് സിക്‌സര്‍ വേട്ടയില്‍ ഒരിക്കല്‍ കൂടി അഫ്രീദിയെ സിംഹാസനത്തില്‍ നിന്ന് പടിയിറക്കാന്‍ സാധിക്കും. നേരത്തെ, പ്രോട്ടിയാസിന് എതിരെ പരമ്പരയില്‍ ഏകദിനത്തിലെ സിക്‌സ് വേട്ടയില്‍ പാക് താരത്തെ മറികടന്ന് രോഹിത് ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു.

ഷാഹിദ് അഫ്രീദി. Photo: Mufaddal Vohra/x.com

ന്യൂസിലാന്‍ഡിനെതിരെ ഏറ്റവും കൂടുതല്‍ ഏകദിന സിക്‌സ് നേടുന്ന താരം

(താരം – ടീം – സിക്‌സ് എന്നീ ക്രമത്തില്‍)

ഷാഹിദ് അഫ്രീദി – പാക്കിസ്ഥാന്‍ – 50

രോഹിത് ശര്‍മ – ഇന്ത്യ – 47

ക്രിസ് ഗെയ്ല്‍ – വെസ്റ്റ് ഇന്‍ഡീസ് – 45

സനത് ജയസൂര്യ – ശ്രീലങ്ക – 41

ജോസ് ബട്‌ലര്‍ – ഇംഗ്ലണ്ട് – 29

അതേസമയം, മൂന്ന് ഏകദിനങ്ങളാണ് ന്യൂസിലാന്‍ഡിന് എതിരെയുള്ള പരമ്പരയില്‍
ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്. ജനുവരി 11ന് ശേഷം 14, 18 തീയതികളിലാണ് മറ്റ് രണ്ട് മത്സരങ്ങള്‍ അരങ്ങേറുക. രാജ്കോട്ടും ഇന്‍ഡോറുമാണ് ഈ മത്സരത്തിന്റെ വേദികള്‍.

Content Highlight: Rohit Sharma needs 4 six to top the list of players with most ODI sixes against New Zealand by surpassing Shahid Afridi

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍ ട്രെയ്‌നി