എഡിറ്റര്‍
എഡിറ്റര്‍
‘പൊക്കിള്‍ക്കൊടിപോലും മുറിയ്ക്കാതെ അവനെയും എടുത്ത് ഓടി’ പ്രസവത്തിനിടെ ആക്രമിക്കാനെത്തിയ മ്യാന്‍മര്‍ സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ട കഥ പറഞ്ഞ് റോഹിംഗ്യന്‍ യുവതി
എഡിറ്റര്‍
Saturday 23rd September 2017 12:52pm


മ്യാന്‍മര്‍: ‘പൊക്കില്‍ക്കൊടി പോലും മുറിക്കാതെ ഞാന്‍ അവനെയുമെടുത്ത് ഒാടുകയായിരുന്നു’ ആക്രമിക്കാനെത്തിയ മ്യാന്‍മര്‍ സൈന്യത്തില്‍ നിന്നും രക്ഷപ്പെട്ട കഥ വിവരിക്കുകയാണ് 30 കാരിയായ ഹാമിദയെന്ന റോഹിംഗ്യന്‍ യുവതി.

മ്യാന്‍മറില്‍ സെപ്റ്റംബര്‍ രണ്ടുമുതല്‍ റോഹിംഗ്യകള്‍ക്കെതിരെ ആക്രമണം ശക്തമായ റാഖിണി സംസ്ഥാനത്തെ മൗങ്‌ഡോയിലെ ക്വാച്ചോങ് ഗ്രാമവാസിയാണ് ഹാമിദ. അധികം അകലെയല്ലാതെ സ്‌ഫോടനശബ്ദവും പൊട്ടിത്തെറിയുമൊക്കെ കേള്‍ക്കുമ്പോള്‍ അവര്‍ പൂര്‍ണ ഗര്‍ഭിണിയായിരുന്നു.

‘ഒരുകൂട്ടമാളുകള്‍ ഞങ്ങളുടെ ഗ്രാമത്തിലേക്ക് അതിക്രമിച്ചു കയറി. അവര്‍ ഞങ്ങള്‍ക്കുനേരെ വെടിയുതിര്‍ത്തു. ഓടി രക്ഷപ്പെടുന്നതിടയിലും അവര്‍ ഞങ്ങള്‍ക്കുനേരെ വെടിയുതിര്‍ക്കുന്നുണ്ടായിരുന്നു. അവര്‍ പിന്നീട് ഗ്രാമത്തിനു തന്നെ തീകൊളുത്തി.’ ഹാമിദ ഓര്‍ക്കുന്നു.

ഹാമിദയും ഭര്‍ത്താവും ആറു കുട്ടികളും കാട്ടിലേക്ക് ഓടുകയായിരുന്നു. രണ്ടുദിവസം അവര്‍ കാട്ടില്‍ കഴിഞ്ഞു. അപ്പോഴാണ് പ്രസവവേദന തുടങ്ങിയത്. തന്റെ കുഞ്ഞ് പുറത്തുവരുന്നത് അവര്‍ തിരിച്ചറിഞ്ഞു. പക്ഷെ ഒരു പുതപ്പുപോലും തന്റെ കയ്യില്‍ ഇല്ലല്ലോ എന്നോര്‍ത്ത് അവര്‍ ഭീതിയിലായിരുന്നു. ഒടുക്കം കാട്ടില്‍ തന്നെ കിടന്നു. മൂന്നു മണിക്കൂറിനുശേഷം അവര്‍ ഒരു ആണ്‍കുട്ടിക്ക് ജന്മം നല്‍കി.

ഒന്ന് ആശ്വസിക്കുന്നതിനു മുമ്പേ വീണ്ടും കാട്ടില്‍ നിന്നും ബഹളം കേട്ടു. സൈനികരാണെന്ന് ഭയന്ന് അവര്‍ വീണ്ടും ഓടി. പൊക്കില്‍ക്കൊടി പോലും മുറിക്കാത്ത കുഞ്ഞുമായി.

‘കുട്ടിയെ ചേര്‍ത്തുപിടിച്ച് ഓടുകയായിരുന്നു. അവര്‍ ഞങ്ങളെ പിന്തുടരുകയായിരുന്നു. എനിക്കറിയാം അവരുടെ പക്കല്‍ കത്തിയും തോക്കുമുണ്ട്.’ ഹാമിദ വിവരിക്കുന്നു.

‘എനിക്കു നല്ല വേദനയുണ്ടായിരുന്നു. പക്ഷേ എന്തു ചെയ്യാനാവും? അവര്‍ ഞങ്ങളെ പിടികൂടിയാല്‍ ഞങ്ങളെയും ഈ കുഞ്ഞിനെയും അവര്‍ കൊല്ലും.’ അവര്‍ പറയുന്നു.

എത്രദൂരം അങ്ങനെ ഓടിയെന്ന് തനിക്ക് ഓര്‍മ്മയില്ലെന്നാണ് ഹാമിദ പറയുന്നത്. ഏറെ സമയത്തിനുശേഷം ഒരു സുരക്ഷിത ഇടം കിട്ടിയെന്ന് തോന്നിയപ്പോള്‍ ഹാമിദ അവിടെ ഇരുന്നു. ഭര്‍ത്താവ് ഒരു രണ്ടു മുളക്കഷണങ്ങള്‍ കൂര്‍പ്പിച്ച് പൊക്കിള്‍ക്കൊടി മുറിച്ചു.

മൂന്നുദിവസം കൂടി അവര്‍ ആ കാട്ടില്‍ കഴിഞ്ഞു. വെള്ളമോ ഭക്ഷണമോ ഇല്ലാതെ. ഒടുക്കം ബംഗ്ലാദേശിലേക്ക് യാത്ര തിരിച്ചു.

രണ്ടുദിവസം നടന്നശേഷമാണ് ബംഗ്ലാദേശ് അതിര്‍ത്തിയിലുള്ള നാഫ് നദീതീരത്ത് എത്തിയത്. അവിടെവെച്ച് ഒരു ബോട്ടുടമ അവരെ കൂട്ടിക്കൊണ്ടുപോയി. ഭക്ഷണവും വെള്ളവും നല്‍കി. രണ്ടു രാത്രി അവിടെ കഴിഞ്ഞു. പിന്നീട് ഗംഡമ്മിലെ അഭയാര്‍ത്ഥി ക്യാമ്പിലേക്കു പോയി.

Advertisement