ഇങ്ങനെ കഠിനമായി പെരുമാറുന്നത് സഞ്ജുവിനോട് മാത്രമാണ്: റോബിന്‍ ഉത്തപ്പ
Cricket
ഇങ്ങനെ കഠിനമായി പെരുമാറുന്നത് സഞ്ജുവിനോട് മാത്രമാണ്: റോബിന്‍ ഉത്തപ്പ
സുദേവ് എ
Tuesday, 7th July 2026, 9:05 pm

സിംബാബ്വേക്കെതിരെയുള്ള മൂന്ന് ടി-20 മത്സരങ്ങളുടെ പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ടീമില്‍ മലയാളി താരം സഞ്ജു സാംസണ് ഇടം നേടാന്‍ സാധിച്ചില്ല. 2026 ടി-20 ലോകകപ്പില്‍ മികച്ച പ്രകടനം നടത്തിയിട്ടും സഞ്ജുവിനെ ഇന്ത്യ ഈ പരമ്പരയില്‍ ഉള്‍പ്പെടുത്താതെ പോവുകയായിരുന്നു. ഇപ്പോള്‍ സഞ്ജുവിനെ ഒഴിവാക്കിയതിനെതിരെ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ.

സഞ്ജുവിനോട് മാത്രമാണ് ഇങ്ങനെ പെരുമാറുന്നതെന്നാണ് ഉത്തപ്പ പറഞ്ഞത്. ഇപ്പോള്‍ ഇന്ത്യന്‍ ടീം സെലക്ഷനില്‍ വ്യക്തതയില്ലെന്നും ഉത്തപ്പ വ്യക്തമാക്കി. തന്റെ യുട്യൂബ് ചാനലിലൂടെ സംസാരിക്കുകയായിരുന്നു ഉത്തപ്പ.

‘സഞ്ജുവിനോട് മാത്രമാണ് ഇങ്ങനെ കഠിനമായി പെരുമാറുന്നതെന്ന് തോന്നുന്നു. നാല് മാസം മുമ്പാണ് അദ്ദേഹം ടീമിന് ലോകകപ്പ് നേടിക്കൊടുത്തത്. അദ്ദേഹത്തിന് വിശ്രമം നല്‍കിയതാണെന്നാണ് പറഞ്ഞിട്ടുണ്ട്. അത് ശരിയായിരിക്കാം. രണ്ട് പ്രധാന ബൗളര്‍മാര്‍ക്ക് പരിക്കേറ്റതും ഒരു മോശം മത്സരവും കാരണം സഞ്ജുവിനെ ടീമില്‍ നിന്ന് പുറത്താക്കുന്നത് ശരിയാണോ? അതാണ് എന്റെ ചോദ്യം. ഇപ്പോള്‍ ടീം സെലക്ഷനില്‍ വ്യക്തതയില്ല. പല തീരുമാനങ്ങളും പെട്ടെന്ന് എടുക്കുന്നത് പോലെയാണ് തോന്നുന്നത്.

ഒരു ലോകകപ്പ് നേടിയ താരമായതിനാല്‍ ടീമിലെ സഞ്ജുവിന്റെ സ്ഥാനം ചര്‍ച്ച ചെയ്യപ്പെടേണ്ട കാര്യമല്ല. അത് മനസിലാക്കാന്‍ ബുദ്ധിമുട്ടാണ്. ഇങ്ങനെയാണെങ്കില്‍ അടുത്ത കുറച്ച് വര്‍ഷങ്ങളില്‍ എപ്പോഴാണ് അദ്ദേഹത്തിന് ടീമില്‍ സ്ഥിരതയുണ്ടെന്ന് തോന്നുക. ഒരു ലോകകപ്പ് നേടിയിട്ടും ആ വിശ്വാസം ലഭിക്കുന്നില്ലെങ്കില്‍ പിന്നെ എപ്പോഴാണ് അത് ലഭിക്കുക,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.

അതേസമയം നിലവില്‍ നടന്നുകൊണ്ടിരിക്കുന്ന ഇംഗ്ലണ്ടിനെതിരെയുള്ള ടി-20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ സഞ്ജുവിന് അവസരം ലഭിച്ചിരുന്നില്ല. യുവതാരം വൈഭവ് സൂര്യവംശിയായിരുന്നു ഇന്ത്യക്കായി അരങ്ങേറിയിരുന്നത്. ടി-20 ലോകകപ്പിന് ശേഷം നടന്ന മൂന്ന് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്നതോടെയാണ് സഞ്ജുവിന് ടീമിലെ സ്ഥാനം നഷ്ടമായത്.

 

Content Highlight: Robin Uthappa talks about Sanju Samson

 

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.