സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും രോഹിത് ശര്‍മയും ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് അപ്രതീക്ഷിതമായി വിരമിച്ചത് ആരാധകരേയും ക്രിക്കറ്റ് പ്രേമികളേയും ഏറെ നിരാശയിലാക്കിയിരുന്നു. ഇരുവരുടേയും വിരമിക്കല്‍ ബി.സി.സി.ഐയുടെ നിര്‍ബന്ധപ്രകാരമാണെന്ന് വലിയ വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
ഇപ്പോള്‍ ദി റോയല്‍ ക്രിക്കറ്റ് ഷോയില്‍ മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ രോഹിത്തിന്റെയും കോഹ്‌ലിയുടെയും വിരമിക്കല്‍ ഒരു സ്വാഭാവിക സംഭവമായി തോന്നിയില്ലെന്ന് പറഞ്ഞിരിക്കുകയാണ്. രോഹിത്തിനും വിരാടിനും മാത്രമേ വിരമിക്കലിന്റെ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂ എന്നും അവരുടേത് ഒരു സ്വാഭാവിക തീരുമാനമായി തോന്നിയില്ലെന്നും ഉത്തപ്പ പറഞ്ഞു. രോഹിത്തും വിരാടും ശക്തമായ ആവേശത്തോടെ തിരിച്ചെത്തിയത് കാണുന്നതില്‍ വളരെ സന്തോഷമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘അവരെ വിരമിക്കാന്‍ നിര്‍ബന്ധിച്ചതാണോ എന്ന് എനിക്ക് ഉറപ്പിച്ചു പറയാന്‍ കഴിയില്ല, പക്ഷേ അത് തീര്‍ച്ചയായും ഒരു സ്വാഭാവിക സംഭവമായി തോന്നിയില്ല. അവര്‍ക്ക് മാത്രമേ യഥാര്‍ത്ഥ കാരണങ്ങള്‍ വെളിപ്പെടുത്താന്‍ കഴിയൂ, അവരുടേത് ഒരു സ്വാഭാവിക തീരുമാനമായി തോന്നിയില്ല.
എന്നാല്‍ രോഹിത്തും വിരാടും ശക്തമായ ആവേശത്തോടെ തിരിച്ചെത്തിയത് നിങ്ങള്‍ക്ക് വ്യക്തമായി കാണാന്‍ കഴിയും, അതില്‍ വളരെ സന്തോഷമുണ്ട്. അന്താരാഷ്ട്ര തലത്തില്‍ ഇതിനകം തന്നെ വളരെയധികം നേട്ടങ്ങള്‍ കൈവരിച്ച കളിക്കാര്‍ ഇപ്പോഴും കളിക്കാന്‍ ആഗ്രഹം പ്രകടിപ്പിക്കുന്നത് ഹൃദയസ്പര്‍ശിയാണ്,’ റോബിന്‍ ഉത്തപ്പ പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി 2011ല്‍ ടെസ്റ്റ് അരങ്ങേറ്റം നടത്തിയ വിരാട് 123 മത്സരങ്ങളിലെ 210 ഇന്നിങ്സില്‍ നിന്ന് 9230 റണ്‍സ് സ്വന്തമാക്കിയിട്ടുണ്ട്. 46.9 ആവറേജിലും 55.6 എന്ന സ്‌ട്രൈക്ക് റേറ്റിലുമാണ് താരം ബാറ്റ് വീശിയത്. 30 സെഞ്ച്വറികളും 31 അര്‍ധ സെഞ്ച്വറികളുമാണ് ഫോര്‍മാറ്റില്‍ വിരാട് നേടിയത്. മാത്രമല്ല ടെസ്റ്റില്‍ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ കൂടിയായികരുന്നു വിരാട്.
അതേസമയം 2013ല്‍ ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച് താരമാണ് രോഹിത്. 67 മത്സരങ്ങളിലെ 116 ഇന്നിങ്സില്‍ നിന്ന് 4301 റണ്‍സ് താരം നേടിയിട്ടുണ്ട് 252 റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറും 41.6 എന്ന ആവറേജും രോഹിത്തിന് റെഡ് ബോളില്‍ ഉണ്ടായിരുന്നു. 12 സെഞ്ച്വറികളും 18 അര്‍ധ സെഞ്ച്വറികളും രോഹിത് ഫോര്‍മാറ്റില്‍ നേടി.
നിലവില്‍ ഏകദിനത്തില്‍ മാത്രമാണ് രോ-കോ സജീവം. വരാനിരിക്കുന്ന 2027 ഏകദിന ലോകകപ്പാണ് ഇരുവരുടേയും ലക്ഷ്യം. 2023ല്‍ അപരാജിതമായ മുന്നേറ്റം നടത്തിയെങ്കിലും ലോകകപ്പ് ഫൈനലില്‍ ഓസീസിനോട് പരാജയപ്പെട്ട ഇന്ത്യന്‍ ടീമിനെ ക്രിക്കറ്റ് പ്രേമികള്‍ മറന്നുകാണില്ല. എന്നാല്‍ അന്ന് നഷ്ടപ്പെട്ട കിരീടം സ്വന്തമാക്കാന്‍ കാത്തിരിക്കുകയാണ് വിരാടും രോഹിത്തും.
Content Highlight: Robin Uthappa Talking About Test Retirement Of Rohit Sharma And Virat Kohli