ന്യൂസിലാന്‍ഡിനെതിരെയുള്ള ഏകദിന പരമ്പരയാണ് ഇന്ത്യയ്ക്ക് മുന്നിലുള്ള അടുത്ത പരീക്ഷണം. ഇതിനായുള്ള ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ മികച്ച പ്രകടനം നടത്തിയിട്ടും ടീമില്‍ ഇടം പിടിച്ചിരുന്നില്ല. അതില്‍ ഒരാളാണ് ഋതുരാജ് ഗെയ്ക്വാദ്. താരം അവസാനം കളിച്ച മത്സരത്തില്‍ സെഞ്ച്വറി നേടിയതിന് ശേഷം താരത്തെ ടീമില്‍ നിന്ന് പുറത്തായത്.
ഇപ്പോള്‍ ഇതിനെതിരെ രൂക്ഷ വിമര്‍ശനമാണ് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ ഉയര്‍ത്തുന്നത്. ടീമില്‍ നിന്ന് ഒഴിവാക്കിയത് ഗെയ്ക്വാദിന് ബുദ്ധിമുട്ടായിരിക്കുമെന്നും പോരാട്ടം തുടരുക എന്ന മാത്രമാണ് അവനോട് തനിക്ക് പറയാനുള്ളതെന്നും അദ്ദേഹം പറഞ്ഞു.
താരങ്ങള്‍ക്ക് സര്‍വൈവല്‍ മോഡില്‍ തുടരേണ്ടി വരുന്നെന്നാണ് ഇന്ത്യന്‍ ക്രിക്കറ്റിന്റെ യാഥാര്‍ഥ്യമെന്നും മുംബൈ, ദല്‍ഹി, പഞ്ചാബ് എന്നിവിടങ്ങളിലെ താരങ്ങള്‍ക്ക് ലഭിക്കുന്ന പരിഗണന മറ്റ് താരങ്ങള്‍ക്ക് ലഭിക്കുന്നില്ലെന്നും ഉത്തപ്പ കൂട്ടിച്ചേര്‍ത്തു. തന്റെ യൂട്യൂബ് ചാനലില്‍ സംസാരിക്കുകയായിരുന്നു ഉത്തപ്പ.
‘ഇങ്ങനെയുള്ള നിമിഷങ്ങളെ അതിജീവിക്കുക എന്നത് ശരിക്കും പ്രയാസകരമാണ്. പലപ്പോഴും ‘എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു’ എന്ന ചിന്ത നമ്മളെ വല്ലാതെ തളര്‍ത്തിക്കളയും. തളര്‍ന്നുപോകുന്ന നിമിഷങ്ങളില്‍ പോലും പോസിറ്റീവ് ആയി ചിന്തിക്കാനും സ്വയം വിശ്വസിക്കാനും കഴിഞ്ഞാല്‍ മാത്രമേ ഈ സമ്മര്‍ദ്ദങ്ങളെ അതിജീവിച്ച് മുന്നേറാന്‍ സാധിക്കൂ. തോറ്റുകൊടുക്കാതെ പോരാടുക എന്നത് മാത്രമാണ് ഏക വഴി.
ഇന്ത്യന്‍ ക്രിക്കറ്റിലെ ഒരു യാഥാര്‍ത്ഥ്യം എന്നത് എപ്പോഴും താരങ്ങള്‍ക്ക് ഒരു സര്‍വൈവല്‍ മോഡില്‍ തുടരേണ്ടി വരുന്നു എന്നാണ്. അതില്‍ നിന്ന് പുറത്തുകടക്കാന്‍ വലിയ മനക്കരുത്തും, നിരന്തരമായ സ്വയം പ്രചോദനവും ആവശ്യമാണ്.
പ്രത്യേകിച്ച് മുംബൈയോ ദല്‍ഹിയോ പഞ്ചാബോ പോലെ ക്രിക്കറ്റില്‍ വലിയ സ്വാധീനമുള്ള സംസ്ഥാനങ്ങളില്‍ നിന്നല്ലാത്തവര്‍ക്ക് ഇത് കൂടുതല്‍ കഠിനമാണ്. അങ്ങനെയുള്ളവര്‍ക്ക് തളരാതെ പോരാടാനും ടീമില്‍ നിലനില്‍ക്കാനും സ്വയം മോട്ടിവേറ്റ് ചെയ്തുകൊണ്ടേ ഇരിക്കേണ്ടി വരും,’ ഉത്തപ്പ പറഞ്ഞു.