രാജസ്ഥാനില്‍ സഞ്ജുവിന് സ്ഥാനമെവിടെയാണ്? റോബിന്‍ ഉത്തപ്പ
Sports News
രാജസ്ഥാനില്‍ സഞ്ജുവിന് സ്ഥാനമെവിടെയാണ്? റോബിന്‍ ഉത്തപ്പ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 13th August 2025, 7:32 pm

സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിടാന്‍ താത്പര്യം പ്രകടിപ്പിച്ചുവെന്ന അഭ്യൂഹങ്ങളില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ. രാജസ്ഥാന്‍ റോയല്‍സ് യുവതാരങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുക്കുന്നതിനാല്‍ തന്റെ ബാറ്റിങ് പൊസിഷന്‍ നഷ്ടമാവുന്നതായിരിക്കാം സഞ്ജുവിന്റെ നീക്കത്തിന് പിന്നിലെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യയ്ക്കായി ഓപ്പണിങ്ങില്‍ എത്തുമ്പോള്‍ ഫ്രാഞ്ചൈസിക്കായി നാലാം സ്ഥാനത്ത് ഇറങ്ങാന്‍ ഒരാള്‍ക്കും താത്പര്യം ഉണ്ടാവില്ലെന്നും അദ്ദേഹം തന്റെ യൂട്യൂബ് ചാനലില്‍ കൂട്ടിച്ചേര്‍ത്തു.

‘അവര്‍ക്ക് മികച്ച പ്രകടനം നടത്തുന്ന യശസ്വി ജെയ്സ്വാളും സൂര്യവംശിയുമുണ്ട്. മൂന്നാമതായി റിയാന്‍ പരാഗും എത്തും. അപ്പോള്‍ എവിടെയാണ് സഞ്ജുവിന് സ്ഥാനം? നാലാം സ്ഥാനത്തായിരിക്കാം അവന്‍ ബാറ്റിങ്ങിനെത്തുക. ഇന്ത്യയ്ക്കായി ഓപ്പണിങ്ങില്‍ എത്തുമ്പോള്‍ ആരെങ്കിലും നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ആഗ്രഹിക്കുമോ? ഒരിക്കലുമില്ല. യുവതാരങ്ങളെ പിന്തുണക്കുന്നതിനാല്‍, ആര്‍.ആറില്‍ തന്റെ ഈ റോള്‍ മാറില്ലെന്ന് അവന് തോന്നിയിരിക്കാം,’ ഉത്തപ്പ പറഞ്ഞു.

യുവതാരങ്ങളെ പിന്തുണക്കുന്നതാണ് രാജസ്ഥാന്റെ സംസ്‌കാരമെന്നും അത് മുന്നോട്ട് പോവാനുള്ള ഒരു സൂചനയായി സഞ്ജു കണ്ടിരിക്കാമെന്നും ഉത്തപ്പ പറഞ്ഞു. ടീം മാറുന്നതിലൂടെ തനിക്ക് കൂടുതല്‍ അവസരം കണ്ടെത്താമെന്ന് അവന് തോന്നിയിരിക്കാം. അവിടെ ഓപ്പണിങ്ങില്‍ എത്തി ഇന്ത്യന്‍ ടീമിലെ ടോപ് ഓര്‍ഡറില്‍ സ്ഥാനത്തിനായി മത്സരിക്കാന്‍ അവസരമായേക്കാമെന്ന് അവന്‍ കരുതിക്കാണും എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നേരത്തെ, 2026 ഐ.പി.എല്‍ സീസണിന് മുന്നോടിയായി സഞ്ജു ടീം വിടാന്‍ താത്പര്യമറിയിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. തന്നെ റിലീസ് ചെയ്യുകയോ ട്രേഡ് വിന്‍ഡോയിലൂടെ കൈമാറ്റം ചെയ്യുകയോ വേണമെന്ന് താരം ടീമിനെ അറിയിച്ചുവെന്നായിരുന്നു റിപ്പോര്‍ട്ട്. ഇതിനെ പിന്നാലെ താരം ധോണിയുടെ പിന്‍ഗാമിയായി ചെന്നൈ സൂപ്പര്‍ കിങ്‌സില്‍ എത്തുമെന്നും അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു.

പിന്നാലെ, ആര്‍. അശ്വിന്‍ ചെന്നൈ സൂപ്പര്‍ കിങ്സ് വിടാന്‍ ആഗ്രഹിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്ത് വന്നിരുന്നു. അതോടെ അശ്വിനുമായി സഞ്ജുവിനെ ട്രേഡ് ചെയ്ത് ചെന്നൈയില്‍ എത്തിച്ചേക്കുമെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു. ഇതിലും ഉത്തപ്പ സംസാരിച്ചു.

‘ചെന്നൈയ്ക്ക് സഞ്ജുവിനെ ടീമിലെത്തിക്കാന്‍ കഴിഞ്ഞാല്‍ അതൊരു മികച്ച നീക്കമാവും. എം.എസ് ധോണിക്ക് ഒരു പിന്‍ഗാമിയെ ആവശ്യമായതിനാല്‍ സഞ്ജുവിന് ടീമില്‍ സ്ഥാനം ഉറപ്പാണെന്നാണ് എനിക്ക് തോന്നുന്നത്.

അങ്ങനെ വന്നാല്‍ ഡെവോണ്‍ കോണ്‍വേയെ പോലെ ഒരാളെ വിക്കറ്റ് കീപ്പിങ്ങിന് പരിഗണിക്കേണ്ടി വരില്ല. അവന്‍ ചെന്നൈയ്ക്കൊപ്പം ചേര്‍ന്നാല്‍ ടീമിന് ഒരുപാട് പോസിറ്റീവുകളുണ്ട്,’ ഉത്തപ്പ പറഞ്ഞു.

Content Highlight: Robin Uthappa says that Sanju Samson may looking to maintain his position in Indian top order by moving from Rajasthan Royals