ലാ ലിഗയില്‍ വിജയക്കുതിപ്പ് തുടരുകയാണ് ബാഴ്‌സലോണ. കഴിഞ്ഞ ദിവസം സ്വന്തം തട്ടകമായ എസ്റ്റാഡി ഒളിംപിക് ലൂയീസ് കോംപാനീസില്‍ ജിറോണയ്‌ക്കെതിരെ നടന്ന മത്സരത്തില്‍ ഒന്നിനെതിരെ നാല് ഗോളിനാണ് കറ്റാലന്‍മാര്‍ വിജയിച്ചുകയറിയത്.
വിജയത്തിന് പിന്നാലെ രണ്ടാം സ്ഥാനത്തുള്ള റയല്‍ മാഡ്രിഡിനേക്കാള്‍ മൂന്ന് പോയിന്റ് ലീഡുമായി ബാഴ്‌സ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഈ ഗോളിന് പിന്നാലെ ബാഴ്‌സ സൂപ്പര്‍ താരം റോബര്‍ട്ട് ലെവന്‍ഡോസ്‌കിയുടെ പേരില്‍ ഒരു തകര്‍പ്പന്‍ നേട്ടവും കുറിക്കപ്പെട്ടിരുന്നു. 36 വയസിന് ശേഷം ഏറ്റവുമധികം ലാ ലിഗ ഗോളുകള്‍ നേടുന്ന താരമെന്ന നേട്ടമാണ് ബാഴ്‌സയുടെ പോളിഷ് ഗോളടിയന്ത്രം തന്റെ പേരിലെഴുതിച്ചേര്‍ത്തത്. ഹംഗേറിയന്‍ ഫുട്‌ബോള്‍ ഐക്കണ്‍ ഫെറന്‍സ് പുസ്‌കാസിന്റെ പേരിലാണ് നേരത്തെ ഈ റെക്കോഡുണ്ടായിരുന്നത്.
36 വയസിന് ശേഷം 21 ഗോളുകളാണ് പുസ്‌കാസ് സ്വന്തമാക്കിയത്. ജിറോണയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് 20 ഗോളുകളാണ് ബാഴ്‌സ ജേഴ്‌സിയില്‍ ലെവ സ്വന്തമാക്കിയത്. ജിറോണയ്‌ക്കെതിരായ ആദ്യ ഗോളിന് പിന്നാലെ വെലന്‍ഡോസ്‌കി പുസ്‌കാസിനൊപ്പമെത്തുകയും രണ്ടാം ഗോള്‍ നേടിയതിന് പിന്നാലെ റയല്‍ മാഡ്രിഡ് ഇതിഹാസത്തെ മറികടക്കുകയുമായിരുന്നു.
36 വയസ് പൂര്‍ത്തിയാക്കുന്നതിന് മുമ്പ് തന്നെ മെസിയും റൊണാള്‍ഡോയും ലാ ലിഗ വിട്ടിരുന്നു. ഇനി ഇരുവര്‍ക്കും ഈ നേട്ടം സ്വന്തമാക്കണമെങ്കില്‍ സ്പാനിഷ് മണ്ണിലേക്ക് തിരിച്ചുവരേണ്ടി വരും.
മത്സരത്തിന്റെ 43ാം മിനിട്ടില്‍ ലാഡിസ്ലാവ് ക്രെസ്ജിയുടെ സെല്‍ഫ് ഗോളില്‍ ബാഴ്‌സയാണ് മുമ്പിലെത്തിയത്. നേരത്തെ ജൂള്‍സ് കൗണ്ടേ ഗോള്‍ നേടിയെങ്കിലും റഫറി ഓഫ് സൈഡ് വിളിച്ചു. ഇതോടെ ഒരു ഗോളിന്റെ ലീഡില്‍ ബാഴ്‌സ ആദ്യ പകുതി അവസാനിപ്പിച്ചു.
രണ്ടം പകുതിയുടെ എട്ടാം മിനിട്ടില്‍ ഡാന്‍ജുമയിലൂടെ ജിറോണ ഒപ്പമെത്തി.
മത്സരത്തിന്റെ 61ാം മിനിട്ടില്‍ ലെവയിലൂടെ ബാഴ്‌സ ലീഡ് നേടി. 77ാം മിനിട്ടില്‍ ലെവന്‍ഡോസ്‌കിയിലൂടെ ലീഡ് വര്‍ധിപ്പിക്കുകയും ചെയ്തു.
ഈ മത്സരത്തിന് മുമ്പ് കോപ്പ ഡെല്‍ റേ സെമി ഫൈനലിന്റെ രണ്ടാം പാദ മത്സരത്തിലും കറ്റാലന്‍മാര്‍ കളത്തിലിറങ്ങും. അത്‌ലറ്റിക്കോ മാഡ്രിഡാണ് എതിരാളികള്‍. ആദ്യ പാദ മത്സരത്തില്‍ ഇരു ടീമുകളും 4-4 എന്ന നിലയില്‍ സമനില പാലിച്ചിരുന്നു.
Content Highlight: Robert Lewandowski surpassed Ferenc Puskás’ record of most La Liga goals after 36