ബെംഗളൂരു: കർണാടകയിൽ വൻ എ.ടി.എം കൊള്ള. സെക്യൂരിറ്റി ജീവനക്കാരെ വെടിവെച്ച് കൊലപ്പെടുത്തി കവർച്ചക്കാർ 93 ലക്ഷം രൂപ കവർന്നു. കർണാടകയിലെ ബിദാറിൽ ആണ് സംഭവം. ബിദാറിലെ ശിവാജി ചൗക്കിൽ 93 ലക്ഷം രൂപ എസ്.ബി.ഐ എ.ടി.എമ്മിൽ നിറക്കാൻ ഉദ്യോഗസ്ഥർ എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്.
എ.ടി.എം പണം നിറയ്ക്കുന്നത് കൈകാര്യം ചെയ്യുന്ന സി.എം.എസ് ഏജൻസിയിലെ ജീവനക്കാരാണ് കൊല്ലപ്പെട്ടത്. ഗിരി വെങ്കിടേഷ്, ശിവ കാശിനാഥ് എന്നിവരാണ് കൊല്ലപ്പെട്ടത്. ബൈക്കിലെത്തിയ മോഷ്ടാക്കൾ എട്ട് റൗണ്ട് വെടിയുതിർത്ത് കാവൽക്കാരെ വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
രാവിലെ 11.30ഓടെ സുരക്ഷാ ഉദ്യോഗസ്ഥർ എ.ടി.എമ്മിൽ എത്തിയപ്പോഴാണ് കവർച്ച നടന്നത്. വെടിവയ്പ്പിനുശേഷം, അക്രമികൾ പണവുമായി വേഗത്തിൽ സ്ഥലത്തുനിന്നും രക്ഷപ്പെട്ടു. ലോക്കൽ പൊലീസ് ഉടൻ തന്നെ സംഭവസ്ഥലത്തെത്തുകയും സമീപത്തെ എല്ലാ റോഡുകളും ബാരിക്കേഡുകൾ ഉപയോഗിച്ച് അടക്കുകയും ചെയ്തു. കവർച്ചയിൽ ഉൾപ്പെട്ട പ്രതികളെ കണ്ടെത്താൻ പൊലീസ് ഒന്നിലധികം സംഘങ്ങളെ രൂപീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.