യെലഹങ്കയിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം, പുനരധിവാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി: ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി
national news
യെലഹങ്കയിലേത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ഗുണ്ടായിസം, പുനരധിവാസത്തിനെതിരെ പ്രവര്‍ത്തിക്കുന്നത് ബി.ജെ.പി: ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി
ആദര്‍ശ് എം.കെ.
Wednesday, 7th January 2026, 10:25 pm

കോഴിക്കോട്: യെലഹങ്കയിലെ ഫക്കീര്‍ കോളനിയിലും വസീം ലേഔട്ടിലും നടന്നത് ജനാധിപത്യരഹിതമായ സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് ക്രിമിനല്‍ ഗുണ്ടായിസമാണെന്ന് ആര്‍.ജെ.ഡി ദേശീയ സമിതി അംഗവും സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായ സലീം മടവൂര്‍.

യെലഹങ്കയില്‍ നടന്നത് രണ്ടാമത്തെ തുര്‍ക്മാന്‍ ഗേറ്റ് മോഡല്‍ ബുള്‍ഡോസര്‍ രാജാണെന്നും അദ്ദേഹം ഡൂള്‍ന്യൂസിനോട് പറഞ്ഞു.

വര്‍ഷങ്ങളായി ജീവിച്ചു വരുന്ന ആളുകള്‍ക്ക് ആവശ്യമായ നോട്ടീസുകള്‍ നല്‍കുകയോ നടപടിക്രമങ്ങള്‍ പാലിക്കുകയോ ചെയ്യാതെയാണ് തെരുവിലേക്ക് ഇറക്കിവിടാന്‍ ശ്രമിച്ചത്. കൊച്ചു കുട്ടികള്‍ക്കുള്ള അവകാശം പോലും പരസ്യമായി നിഷേധിച്ചു. സ്ത്രീകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ പോലും ഒരുക്കാത്ത അവസ്ഥയാണെന്നും വ്യക്തമാക്കി.

‘ഇവര്‍ കുടിയിറക്കപ്പെട്ട് 18 ദിവസം കഴിഞ്ഞു. ഇപ്പോഴും സര്‍വേ പോലും പൂര്‍ത്തിയായിട്ടില്ല. ഇത്തരത്തില്‍ വീടുകള്‍ തകര്‍ക്കുകയും കുടിയൊഴിപ്പിക്കുകയും ചെയ്യുമ്പോള്‍ അവിടെ എത്ര പേരാണ് താമസിക്കുന്നത്, എത്ര വീടുകളുണ്ട്, അതിന്റെ രേഖകള്‍ അവരുടെ പക്കലുണ്ടോ എന്നതിനെ സംബന്ധിച്ചുള്ള ഒരു ലിസ്റ്റ് സര്‍ക്കാരിന്റെ പക്കലുണ്ടാകേണ്ടതല്ലേ? എന്നാല്‍ ഈ രേഖകളുടെ പരിശോധന പോലും ഇതുവരെയും പൂര്‍ത്തിയായിട്ടില്ല. ഒരു മുന്‍കരുതലുമില്ലാതെ ഒരു സുപ്രഭാതത്തില്‍ വന്ന് പൊളിച്ചു എന്ന സംശയം ശക്തിപ്പെടുകയാണ്,’ സലീം മടവൂര്‍ പറഞ്ഞു.

കുടിയറക്കപ്പെട്ടവര്‍ക്കൊപ്പം സലീം മടവൂര്‍. പ്രമുഖ സോഷ്യലിസ്റ്റ് ആലിബാബ സമീപം.

ഈ തണുപ്പില്‍ ആളുകള്‍ ഇന്നും ഷീറ്റുകള്‍ക്കുള്ളില്‍ കിടക്കുകയാണ്. കുളിക്കാനോ മലമൂത്രവിസര്‍ജനത്തിനോ പോലും സൗകര്യമില്ല. മൂത്രമൊഴിക്കേണ്ടി വരുമെന്ന് പേടിച്ച് വെള്ളം പോലും കുടിക്കാതെയാണ് സ്ത്രീകള്‍ ഉള്‍പ്പടെയുള്ളവര്‍ അവിടെ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാരിന്റെ നടപടി തീര്‍ത്തും മനുഷ്യത്വരഹിതമാണ്. താത്കാലിക ഷെല്‍ട്ടറിലേക്ക് മാറ്റാന്‍ പോലും സര്‍ക്കാര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല. ഇവരുടെ പുനരധിവാസത്തിനെതിരെ ഒരുപാട് പൊതുതാത്പര്യ ഹരജികള്‍ കര്‍ണാടക ഹൈക്കോടതിയിലേക്ക് വന്നുകൊണ്ടിരിക്കുകയാണ്. ഇതുകാരണം ഫ്‌ളാറ്റ് കൈമാറാന്‍ സാധിക്കുന്നില്ല എന്നാണ് സര്‍ക്കാര്‍ പറയുന്നത്. ബി.ജെ.പിയും മറ്റ് സംഘടനകളുമാണ് ഹൈക്കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

മികച്ച ഫ്‌ളാറ്റുകള്‍ തയ്യാറാക്കി മാടി വിളിച്ചിട്ടും വരാഞ്ഞിട്ടാണ് വീടുകള്‍ പൊളിച്ചതെന്ന അധികാരികളുടെയും അവരെ പിന്തുണയ്ക്കുന്നവരുടെയും ഭാഷ്യം പൊള്ളത്തരവും കള്ളത്തരവും ആണെന്ന് ഇപ്പോള്‍ തെളിഞ്ഞിരിക്കുകയാണെന്നും സലീം മടവൂര്‍ പറഞ്ഞു.

റേഷന്‍ കാര്‍ഡും വോട്ടര്‍ ഐ.ഡി കാര്‍ഡും ആധാര്‍ കാര്‍ഡും അടക്കമുള്ള രേഖകള്‍ ഇവരുടെ കൈവശമുണ്ടെന്നും സലീം മടവൂര്‍ വ്യക്തമാക്കി.

കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെട്ടതോടെയാണ് വിഷയം ചൂടുപിടിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയ തലത്തില്‍ ചര്‍ച്ചയാകാന്‍ കാരണം മുഖ്യമന്ത്രിയാണ്, അല്ലെങ്കില്‍ ഇതും ഉണ്ടാകില്ല.

വിഷയത്തില്‍ ബി.ജെ.പിയടക്കമുള്ളവര്‍ നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. കുടിയിറക്കപ്പെട്ടവരെ ബംഗ്ലാദേശികള്‍ എന്നാണ് ബി.ജെ.പി വിളിച്ചത്. എന്നാല്‍ അവിടെ എല്ലാ മതത്തില്‍ പെട്ടവരുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ താത്കാലിക വീടുകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടിട്ടും കര്‍ണാടക സര്‍ക്കാര്‍ മുഖം തിരിച്ചിരിക്കുന്നത് നാണക്കേടാണ്. ഇതിനെതിരെ ഹൈക്കോടതിക്ക് പരാതി നല്‍കുമെന്നും സലീം മടവൂര്‍ വ്യക്തമാക്കി.

 

Content Highlight: RJD state general secretary Saleem Madvoor about the eviction in Yelahanka

 

ആദര്‍ശ് എം.കെ.
ഡൂള്‍ന്യൂസ് മള്‍ട്ടിമീഡിയ ജേര്‍ണലിസ്റ്റ്, കാലിക്കറ്റ് യൂണിവേഴ്സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം.