അവര്‍ എന്റെ വീട്ടില്‍ ഓഫീസ് തുറക്കട്ടെ, അതല്ലേ എളുപ്പം; ഇ.ഡിയെയും സി.ബി.ഐയെയും വീട്ടിലേക്ക് 'ക്ഷണിച്ച്' തേജസ്വി യാദവ്
national news
അവര്‍ എന്റെ വീട്ടില്‍ ഓഫീസ് തുറക്കട്ടെ, അതല്ലേ എളുപ്പം; ഇ.ഡിയെയും സി.ബി.ഐയെയും വീട്ടിലേക്ക് 'ക്ഷണിച്ച്' തേജസ്വി യാദവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 11th August 2022, 7:32 pm

ന്യൂദല്‍ഹി: എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും സി.ബി.ഐയും അടക്കമുള്ള കേന്ദ്ര അന്വേഷണ ഏജന്‍സികളെ തന്റെ വീട്ടിലേക്ക് ‘ക്ഷണിച്ച്’ ആര്‍.ജെ.ഡി നേതാവും ബിഹാര്‍ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്.

ബിഹാര്‍ ഉപമുഖ്യമന്ത്രിയായി അധികാരമേറ്റതിന് പിന്നാലെ എന്‍.ഡി.ടി.വിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തേജസ്വി യാദവ്. ഇ.ഡിയുടെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രതികാര നടപടിയുണ്ടാകുമോ എന്ന ആശങ്കയുണ്ടോ എന്ന ചോദ്യത്തിനുള്ള മറുപടിയായാണ് തേജസ്വി ഇ.ഡിയെ വീട്ടിലേക്ക് ക്ഷണിച്ചത്.

എന്തിനാണ് രണ്ട് മാസം കഴിഞ്ഞ് വന്ന് റെയ്ഡ് ചെയ്യാന്‍ കാത്തിരിക്കുന്നതെന്ന് ചോദിച്ച തേജസ്വി യാദവ് ഇ.ഡിക്കും സി.ബി.ഐക്കും തന്റെ വീട്ടില്‍ ഓഫീസ് തുറക്കാമെന്നും എത്രകാലം വേണമെങ്കിലും താമസിക്കാമെന്നും പരിഹാസരൂപേണ പറഞ്ഞു.

”അവര്‍ (അന്വേഷണ ഏജന്‍സികള്‍) വന്ന് എന്റെ വീട്ടില്‍ ഒരു ഓഫീസ് തുറക്കട്ടെ, നിങ്ങളുടെ ചാനലിലൂടെ ഞാന്‍ അവരെ ക്ഷണിക്കുകയാണ്. ഇ.ഡി, സി.ബി.ഐ, ഇന്‍കം ടാക്സ്, നിങ്ങള്‍ ആഗ്രഹിക്കുന്നിടത്തോളം എന്റെ വീട്ടില്‍ വന്ന് താമസിക്കൂ.

ഞങ്ങളെ റെയ്ഡ് ചെയ്യാന്‍ എന്തിനാണ് രണ്ട് മാസം കഴിയാന്‍ കാത്തിരിക്കുന്നത്? ഇവിടെ വന്ന് താമസിക്കൂ, ഇത് എളുപ്പമാണ്,” തേജസ്വി യാദവ് അഭിമുഖത്തില്‍ പറഞ്ഞു.

ബി.ജെ.പിയുടെ പാര്‍ട്ടി സെല്‍ പോലെയാണ് കേന്ദ്ര ഏജന്‍സികള്‍ പ്രവര്‍ത്തിക്കുന്നതെന്നും ആര്‍.ജെ.ഡി നേതാവ് കൂട്ടിച്ചേര്‍ത്തു.

തേജസ്വി യാദവിനെതിരെ നിരവധി അഴിമതിക്കേസുകള്‍ നിലവിലുണ്ട്.

അതേസമയം, കഴിഞ്ഞ ദിവസമായിരുന്നു ബിഹാറില്‍ എന്‍.ഡി.എ സഖ്യം വിട്ട ജെ.ഡി.യുവിന്റെ നേതാവ് നിതീഷ് കുമാര്‍ മുഖ്യമന്ത്രിയായും തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

ഇത് രണ്ടാം തവണയാണ് മഹാഗഡ്ബന്ധന്‍ സഖ്യസര്‍ക്കാര്‍ ബിഹാര്‍ ഭരിക്കുന്നത്. കോണ്‍ഗ്രസും ഇടതുപാര്‍ട്ടികളും ചേര്‍ന്നതാണ് മഹാസഖ്യം. മന്ത്രിസ്ഥാനങ്ങള്‍ പതിനാല് വീതം ആര്‍.ജെ.ഡി, ജെ.ഡി.യു പാര്‍ട്ടികള്‍ വീതം വെക്കുമെന്നാണ് റിപ്പോര്‍ട്ട്.

മുമ്പ് 2015ലായിരുന്നു ആദ്യഘട്ടത്തില്‍ മഹാഗഡ്ബന്ധന്‍ സര്‍ക്കാര്‍ ബിഹാറില്‍ അധികാരത്തിലെത്തിയത്. പിന്നീട് അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് 2017ല്‍ ആര്‍.ജെ.ഡിയുമായുള്ള സഖ്യം അവസാനിപ്പിച്ച് നിതീഷ് കുമാറും സംഘവും എന്‍.ഡി.എക്കൊപ്പം ചേരുകയായിരുന്നു.

Content Highlight: RJD leader Tejashwi Yadav invites ED and CBI to come and stay in his home