ആര്‍.ജെ.ഡി നേതാവ് ശരത് യാദവ് അന്തരിച്ചു; വിടപറഞ്ഞത് നിതീഷ് ബി.ജെ.പിയുമായി സഖ്യത്തിലായതോടെ ജെ.ഡി.യു വിട്ട നേതാവ്
national news
ആര്‍.ജെ.ഡി നേതാവ് ശരത് യാദവ് അന്തരിച്ചു; വിടപറഞ്ഞത് നിതീഷ് ബി.ജെ.പിയുമായി സഖ്യത്തിലായതോടെ ജെ.ഡി.യു വിട്ട നേതാവ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 13th January 2023, 8:08 am

പട്ന: ആര്‍.ജെ.ഡി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ ശരത് യാദവ്(75) അന്തരിച്ചു.
വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഏഴ് തവണ ലോക്സഭയിലേക്കും മൂന്ന് തവണ രാജ്യസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

മധ്യപ്രദേശിലെ ഹോഷങ്കബാദ് ജില്ലയില്‍ ഒരു കര്‍ഷക കുടുംബത്തിലാണ് ജനനം. ഇലക്ട്രോണിക്ക് എഞ്ചിനീയറിങ്ങില്‍ ബിരുദമുള്ള ശരത് യാദവ് സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി അറിയപ്പെടുന്ന ജയപ്രകാഷ് നാരായണന്റെ ശിക്ഷണത്തിലാണ് രാഷ്ട്രീയത്തില്‍ പ്രവേശിക്കുന്നത്.

ജെ.പി മൂവ്‌മെന്റില്‍ അംഗമായി 1974-ല്‍ ജബല്‍പുരില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ആദ്യമായി മത്സരിച്ച് ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

2003ല്‍ ജനതാദള്‍(യുണൈറ്റഡ്) രൂപീകരിച്ചതിന് ശേഷം 2016വരെ ദേശീയ പ്രസിഡന്റായിരുന്നു. നിതീഷ് കുമാര്‍ ബി.ജെ.പിയുമായി സഖ്യത്തിലായതോടെ ജെ.ഡി.യു വിട്ട് 2018ല്‍ എല്‍.ജെ.ഡി(ലോക്താന്ത്രിക് ജനതാദള്‍) രൂപീകരിച്ചു. ഇതോടെ കൂറുമാറ്റ നിരോധന നിയമപ്രകാരം രാജ്യസഭാ അംഗത്വം നഷ്ടമായി. തടര്‍ന്ന് 2019ല്‍ മധേപുരയില്‍ മത്സരിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

2022ല്‍ ലാലുപ്രസാദ് യാദവിന്റെ ആര്‍.ജെ.ഡിയില്‍ (രാഷ്ട്രീയ ജനതാദള്‍) എല്‍.ജെ.ഡി ലയിച്ചു. വഴിപിരിഞ്ഞ് 25 വര്‍ഷങ്ങള്‍ക്ക് ശേഷമായിരുന്നു ലാലു പ്രസാദ് യാദവുമായി ശരത് യാദവ് വീണ്ടും ഒന്നിച്ചിരുന്നത്. വിവിധ ജനതാദള്‍ പാര്‍ട്ടികളെ ശാക്തീകരിക്കലാണ് ലക്ഷ്യം എന്നായിരുന്നു ഈ ഒത്തുചേരലിനെക്കുറിച്ച് ശരത് യാദവ് പറഞ്ഞിരുന്നത്.