തിരുവനന്തപുരം: ഇടതുമുന്നണിയിലെ സീറ്റ് വിഭജനത്തെയും പദവികളെ ചൊല്ലിയുള്ള തര്‍ക്കങ്ങളെയും രൂക്ഷമായി വിമര്‍ശിച്ച് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ്. എല്‍.ഡി.എഫിലെ എട്ട് കക്ഷികള്‍ക്ക് ഒരു എം.എല്‍.എ പോലുമില്ലാത്ത അവസ്ഥയാണെന്നും, ഘടകകക്ഷികളില്‍ ഒന്ന് പിളര്‍ന്നു നില്‍ക്കുമ്പോഴും മുന്നണി നേതൃത്വത്തിന് യാതൊരു വ്യാകുലതയുമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതിനു പകരം സ്ഥാനമാനങ്ങളെ ചൊല്ലി സി.പി.എമ്മും സി.പി.ഐയും തമ്മില്‍ നടത്തുന്ന തര്‍ക്കം അര്‍ത്ഥശൂന്യമാണെന്നും അദ്ദേഹം തുറന്നടിച്ചു. പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തര്‍ക്ക പശ്ചാത്തലത്തിലാണ് ആര്‍.ജെ.ഡി നേതാവിന്റെ ഈ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.എമ്മിനേക്കാള്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചു എന്ന അവകാശവാദത്തോടെയാണ് സി.പി.ഐ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിനായി രംഗത്തുവരുന്നത്. എന്നാല്‍ എല്ലാം പങ്കിടണമെന്ന് പറയുന്ന സി.പി.ഐ സ്വയം അത് ശീലിക്കണമെന്ന് വര്‍ഗീസ് ജോര്‍ജ് കുറ്റപ്പെടുത്തി.

2022ല്‍ ആര്‍.ജെ.ഡിയുടെ രാജ്യസഭാ സീറ്റ് ഒഴിഞ്ഞപ്പോള്‍ പാര്‍ലമെന്റില്‍ അംഗബലം കുറവാണെന്ന ന്യായം പറഞ്ഞ് സി.പി.ഐ അത് കൈക്കലാക്കിയിരുന്നു. എന്നാല്‍ 2024ല്‍ സി.പി.ഐയുടെ ബിനോയ് വിശ്വം ഒഴിഞ്ഞപ്പോള്‍, ഏത് കക്ഷിയുടെ സീറ്റാണോ ഒഴിഞ്ഞത് അവര്‍ക്ക് തന്നെ നല്‍കണമെന്ന വാദമുയര്‍ത്തി ആ സീറ്റും അവര്‍ സ്വന്തമാക്കി.

രണ്ട് വര്‍ഷത്തിനിടെ രണ്ട് രാജ്യസഭാ സീറ്റുകള്‍ സി.പി.ഐ നേടിയതോടെ എല്‍.ഡി.എഫിലെ പരമ്പരാഗത സീറ്റ് വിഭജന സമവാക്യങ്ങള്‍ ആകെ തകിടം മറിഞ്ഞു. മുന്‍കാലങ്ങളില്‍ ഘടകകക്ഷികളായ ജനതാദളിന്റെ അരങ്ങില്‍ ശ്രീധരന്‍, ആര്‍.എസ്.പിയുടെ എന്‍.കെ. പ്രേമചന്ദ്രന്‍, കേരള കോണ്‍ഗ്രസിന്റെ വക്കച്ചന്‍ മറ്റത്തില്‍ തുടങ്ങിയവര്‍ക്ക് വിട്ടുനല്‍കിയിരുന്ന സീറ്റുകളാണ് ഇപ്പോള്‍ സി.പി.ഐ കൈവശം വെച്ചിരിക്കുന്നത്.

തെരഞ്ഞെടുപ്പിലെ വിജയശതമാനം പരിശോധിച്ചാല്‍ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തിന്മേല്‍ ഒരു കക്ഷിക്കും വലിയ അവകാശവാദമുന്നയിക്കാന്‍ കഴിയില്ലെന്ന് വര്‍ഗീസ് ജോര്‍ജ് ചൂണ്ടിക്കാട്ടി.

മുന്നണിയിലെ പ്രധാന കക്ഷിയായ സി.പി.എം 90 സീറ്റുകളില്‍ മത്സരിച്ചപ്പോള്‍ കേവലം 25 സീറ്റുകളില്‍ മാത്രമാണ് വിജയിക്കാനായത്. സി.പി.ഐ ആകട്ടെ 25 സീറ്റുകളില്‍ മത്സരിച്ച് 8 സീറ്റുകളില്‍ മാത്രമാണ് വിജയം കണ്ടത്. ആര്‍.ജെ.ഡി മത്സരിച്ച 3 സീറ്റുകളില്‍ ഒന്നില്‍ വിജയിച്ചു. ഇത്തരത്തില്‍ മുന്നണിയിലാകെ വലിയ തകര്‍ച്ച നേരിട്ടിട്ടും ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുക്കുന്നതില്‍ കാണിക്കുന്ന വിമുഖത എല്‍.ഡി.എഫിനെ കൂടുതല്‍ ദുര്‍ബലപ്പെടുത്തുമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

നിയമസഭയില്‍ ഒരു മുറി കിട്ടുന്നതുമായി ബന്ധപ്പെട്ട് പ്രതിപക്ഷ ഉപനേതാവ് പദവിയെ ചൊല്ലി തര്‍ക്കിക്കുന്നവര്‍ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ മറക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിന് ശേഷം ജനങ്ങളെ ബാധിക്കുന്ന ഒരു വിഷയത്തില്‍ പോലും സംയുക്തമായൊരു പ്രക്ഷോഭം നടത്താന്‍ മുന്നണിക്ക് കഴിഞ്ഞിട്ടില്ല.

ജൂണ്‍ 15-ന് ചേരുമെന്ന് പറഞ്ഞ എല്‍.ഡി.എഫ് യോഗം ഒരു മാസം കഴിഞ്ഞിട്ടും ചേര്‍ന്നിട്ടില്ല. ആദ്യ നിയമസഭാ സമ്മേളനം കഴിഞ്ഞിട്ടും നിയമസഭാ കക്ഷി യോഗം പോലും വിളിച്ചു ചേര്‍ത്തിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇക്കാര്യങ്ങള്‍ ഉന്നയിച്ച് എല്‍.ഡി.എഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണനെ മൂന്നാഴ്ച മുന്‍പ് തന്നെ ഫോണില്‍ വിളിച്ച് അടിയന്തരമായി യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായും വര്‍ഗീസ് ജോര്‍ജ് വ്യക്തമാക്കി.

എത്രയും വേഗം ഈ അര്‍ത്ഥശൂന്യമായ തര്‍ക്കങ്ങള്‍ അവസാനിപ്പിച്ച് മുന്നണി യോഗവും നിയമസഭാ കക്ഷി യോഗവും വിളിച്ചുചേര്‍ക്കണമെന്നാണ് ആര്‍.ജെ.ഡിയുടെ നിലപാട്.

 

Content highlight: RJD criticizes CPI