റിയാസ് മൗലവി വധം; വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും
Kerala News
റിയാസ് മൗലവി വധം; വിചാരണ കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd April 2024, 6:07 pm

തിരുവനന്തപുരം: റിയാസ് മൗലവി വധക്കേസ് വിധിക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ അപ്പീല്‍ സമര്‍പ്പിക്കും. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തിറക്കി. കേസിലെ മൂന്ന് പ്രതികളെയും വെറുതെവിട്ട് കാസര്‍കോട് സെഷന്‍സ് കോടതി പുറപ്പെടുവിച്ച വിധിക്കെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കാന്‍ തീരുമാനിച്ചത്.

വിധിക്ക് പിന്നാലെ തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതിന് എ.ജിയെ സര്‍ക്കാര്‍ നേരത്തെ ചുമതലപ്പെടുത്തിയിരുന്നു. കേസില്‍ അന്വേഷണ സംഘത്തിനും പ്രോസിക്യൂഷനും വീഴ്ച സംഭവിച്ചെന്ന വിചാരണ കോടതിയുടെ വിധിന്യായം രാഷ്ട്രീയ ആയുധമാക്കി പ്രതിപക്ഷം സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രി പിണറായി വിജയനുമെതിരെ രംഗത്തെത്തിയ സാഹചര്യത്തിലാണ് നടപടി.

നിലവാരമില്ലാത്ത അന്വേഷണമാണ് നടന്നതെന്ന് വിധിന്യായത്തില്‍ അടിവരയിട്ട് പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് മേല്‍ കോടതിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. വിധിന്യായം പരിശോധിച്ച ശേഷം അപ്പീല്‍ പോകുന്നതിന് വേണ്ടിയുള്ള നടപടി എത്രയും പെട്ടെന്ന് സ്വീകരിക്കണമെന്നാണ് സര്‍ക്കാര്‍ എ.ജിക്ക് നിര്‍ദേശം നൽകിയത്.

റിയാസ് മൗലവി വധക്കേസിൽ മൂന്ന് പ്രതികളെയും വെറുതെ വിട്ട് കാസർകോട് ജില്ലാ പ്രിൻസിപ്പൽ സെഷൻ കോടതി ജഡ്ജി കെ.കെ. ബാലക്യഷ്ണൻ ശനിയാഴ്ചയാണ് വിധി പുറപ്പെടുവിച്ചത്. കേളുഗുഡെ സ്വദേശികളായ അജേഷ്, നിതിൻ കുമാർ, അഖിലേഷ് എന്നീ ആർ.എസ്.എസ് പ്രവർത്തകരാണ് കേസിലെ പ്രതികൾ. ഏഴ് വർഷത്തിന് ശേഷമാണ് കേസിൽ കോടതി വിധി പറഞ്ഞത്.

Content Highlight: Riyaz Maulvi murder; government will approach High Court against the trial court verdict