തിയേറ്ററില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ് അഖില്‍ സത്യന്റെ സംവിധാനത്തില്‍ നിവിന്‍ പോളി നായകനായെത്തിയ സര്‍വ്വം മായ. പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിന് ശേഷം അഖില്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ റിയ ഷിബു, അജു വര്‍ഗീസ് തുടങ്ങിയവരും പ്രധാനവേഷങ്ങളിലെത്തിയിരുന്നു.
സിനിമയില്‍ ഡെലൂലു എന്ന കഥാപാത്രമായാണ് റിയ എത്തിയത്. ഇപ്പോള്‍ റേഡിയോ മാംഗോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അജു വര്‍ഗീസിനെ കുറിച്ച് സംസാരിക്കുകയാണ് റിയ ഷിബു.
‘അജുവേട്ടന്‍ ഫ്രഷായിട്ടാണ് സിനിമ കണ്ടത്. അജുവേട്ടന് പുള്ളിയുടെ പോര്‍ഷന്‍സ് മാത്രമെ അറിയുകയുള്ളു. സാധാരണഗതിയില്‍ തിരക്കഥ വായിക്കാതെയാണ് പുള്ളി സിനിമ ചെയ്യുക. അതുകൊണ്ട് സര്‍വ്വം മായയുടെ മുഴുവന്‍ കഥ അറിയില്ല, എന്റെ പോര്‍ഷന്‍സൊന്നും അറിയുകയേ ഇല്ല. ഒരുമിച്ച് ചെയ്ത കോമ്പോ സീനുകളെ പറ്റി മാത്രം കുറച്ച് അറിയാം.
മുഴുവന്‍ കഥ അറിയാതെ കണ്ടതുകൊണ്ട് അജുവേട്ടന്റെ റിയാക്ഷന്‍സ് കുറച്ച് കൂടി എന്റര്‍ടെയ്‌നിങ് ആയിരുന്നു. തിയേറ്ററില്‍ അദ്ദേഹത്തിന്റെ റിയാക്ഷന്‍സ് നല്ല രസമായിരുന്നു. വളരെ ജെനുവിനായ റിയാക്ഷനായിരുന്നു. സിനിമയിലെ ഒരു സീന്‍ കണ്ട് അജുവേട്ടന്‍ ഭയങ്കരമായി ഞെട്ടി. നിവിന്‍ ചേട്ടനും അഖില്‍ ചേട്ടനും ശാന്തമായിരുന്നാണ് സിനിമ കണ്ടത്,’ റിയ ഷിബു പറഞ്ഞു.
അഖില്‍ താന്‍ സെറ്റിലൊരു പപ്പി കുട്ടിയെ പോലെയാണെന്നാണ് പറഞ്ഞിരുന്നതെന്നും ഒരു കുട്ടിയെ പോലെയാണ് തന്നെ സെറ്റില്‍ എല്ലാവരും ട്രീറ്റ് ചെയ്തിരുന്നതെന്നും റിയ പറഞ്ഞു. താനൊരു പക്വതയുള്ള ആളാണെന്ന് പറഞ്ഞാലും അവര്‍ അത് കാര്യമായി എടുത്തിരുന്നില്ലെന്നും റിയ കൂട്ടിച്ചേര്‍ത്തു. സെറ്റില്‍ താന്‍ നല്ല കംഫര്‍ട്ടബിളായിരുന്നുവെന്നും റിയ പറഞ്ഞു.