മുട്ടുകുത്തിയിരുന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് കുശലാന്വേഷണം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി; ഫോട്ടോ വൈറൽ
World News
മുട്ടുകുത്തിയിരുന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രിയോട് കുശലാന്വേഷണം നടത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി; ഫോട്ടോ വൈറൽ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 11th September 2023, 5:13 pm

ന്യൂദൽഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് കുശലാന്വേഷണം നടത്തുന്ന ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആകുന്നു. ഷെയ്ഖ് ഹസീന ഇരിക്കുന്ന മരക്കസേരയുടെ അരികിലായി തറയിൽ മുട്ടുകുത്തി ഇരുന്നാണ് ഋഷി സുനക് സംസാരിക്കുന്നത്.

സുനകിനെ പ്രകീർത്തിച്ചുകൊണ്ട് നിരവധി പേരാണ് സമൂഹ മാധ്യമമായ എക്‌സിൽ ഫോട്ടോ ഷെയർ ചെയ്തത്. ദൽഹിയിൽ നടന്ന ജി20 ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനിടയിൽ ഇരുവരും സൗഹൃദ സംഭാഷണത്തിൽ ഏർപ്പെട്ടിരിക്കുന്ന ഫോട്ടോ, സമൂഹ മാധ്യമങ്ങളിൽ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചു.

‘ഇത്ര വലിയ മനുഷ്യനായിട്ടും ഈഗോ ഇല്ല! പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയോട് സംസാരിക്കുവാനുള്ള സൗകര്യത്തിനായി അദ്ദേഹം നിലത്തിരിക്കുന്നു,’ ഫോട്ടോ പങ്ക് വച്ചുകൊണ്ട് ഒരു എക്സ് ഉപഭോക്താവ് എഴുതി.

ഞായറാഴ്ച പങ്കാളി അക്ഷത മൂർത്തിയോടൊപ്പം സുനക് ദൽഹിയിലെ അക്ഷർദാം ക്ഷേത്രത്തിൽ സന്ദർശനം നടത്തിയിരുന്നു. താനൊരു “പ്രൗഡ് ഹിന്ദു” ആണെന്നും ഇന്ത്യ സന്ദർശിക്കുമ്പോൾ ഒരു ക്ഷേത്രത്തിലെങ്കിലും സന്ദർശനം നടത്തുമെന്നും മുമ്പ് അദ്ദേഹം പറഞ്ഞിരുന്നു.
ഇൻഫോസിസ് സ്ഥാപകരിലൊരാളായ എൻ.ആർ. നാരായണ മൂർത്തിയുടെയും എഴുത്തുകാരി സുധ മൂർത്തിയുടെയും മകളാണ് അക്ഷത മൂർത്തി.

ജി20 ഉച്ചകോടിയിൽ സ്വതന്ത്ര വ്യാപാര കരാറിന്റെ (എഫ്.ടി.എ) പുരോഗതിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ചർച്ച ചെയ്തിരുന്നു. കരാറുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉടൻ പരിഹരിക്കപ്പെടുമെന്നും ഇരുപക്ഷത്തിനും ഗുണകരമായ എഫ്.ടി.എ ഒപ്പുവെക്കാൻ സാധിക്കുമെന്നും പ്രതീക്ഷിന്നുവെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

കൂടുതൽ ചർച്ചകൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഋഷി സുനകിനെ ഉഭയകക്ഷി സന്ദർശനത്തിന് ക്ഷണിച്ചിരുന്നു.

Content Highlight: Rishi Sunak’s heart-touching moment with Sheikh Hasina at G20. Viral photo