ലണ്ടന്‍: കുടിയേറ്റക്കാരെ തടയാനുള്ള തന്റെ തീരുമാനത്തിലൂടെ കുടിയേറ്റക്കാരുടെ എണ്ണം 20 ശതമാനം കുറഞ്ഞതായി ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക്. ഇതിലൂടെ കുടിയേറ്റ നയത്തെച്ചൊല്ലി പാര്‍ട്ടിയിലും രാജ്യത്തും ഉള്ള വിമര്‍ശനം ലഘൂകരിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
അധികാരത്തില്‍ വന്നതിന് ശേഷം ഇംഗ്ലീഷ് ചാനല്‍ വഴി ചെറിയ ബോട്ടുകളില്‍ ലണ്ടനിലേക്ക് കുടിയേറുന്നത് തടയുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. എന്നാല്‍ ഇതിനെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു.
‘ഈ പദ്ധതി ആരംഭിച്ച് അഞ്ച് മാസത്തിനുള്ളില്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ശതമാനം കുടിയേറ്റക്കാര്‍ കുറഞ്ഞിട്ടുണ്ട്. ഈ പദ്ധതി വിജയിക്കുന്നുണ്ട്. എന്നാല്‍ പാര്‍ലമെന്റില്‍ പുതിയ നിയമം പാസാക്കുന്നതിന് വേണ്ടി പരിശ്രമിക്കും,’ അദ്ദേഹം പറഞ്ഞു.
അതേസമയം അഭയാര്‍ത്ഥികളെ തടയുന്നതില്‍ നിന്ന് സുനക് പരാജയപ്പെട്ടെന്ന് പ്രതിപക്ഷ ലേബര്‍ പാര്‍ട്ടി ആരോപിച്ചു. ഈ വര്‍ഷം ഇത് വരെ 7,600 പേരാണ് ഇംഗ്ലീഷ് ചാനല്‍ കടന്ന് വന്നതെന്നും അവര്‍ പറഞ്ഞു.
തെക്കന്‍ തീരങ്ങള്‍ വഴി എത്തിച്ചേരുന്നവരുടെ എണ്ണം നിയന്ത്രിക്കാന്‍ ബ്രിട്ടന്‍ വളരെ കാലമായി ശ്രമിക്കുകയാണ്. എന്നാല്‍ കുടിയേറ്റക്കാരുടെ എണ്ണം കുറക്കുന്നതിന് മറ്റ് യൂറോപ്യന്‍ക്കാരുമായി കരാറിലേര്‍പ്പെടാന്‍ സുനക് തയ്യാറാണെന്ന് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.
നിലവില്‍ അല്‍ബേനിയയില്‍ നിന്ന് കുടിയേറുന്നവരുടെ എണ്ണം 90 ശതമാനമായി കുറഞ്ഞിട്ടുണ്ടെന്നും എന്നാല്‍ 50ല്‍ ഒന്ന് എന്ന നിലയില്‍ അല്‍ബേനിയക്കാരെ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഇത് വരെ അല്‍ബേനിയയില്‍ നിന്നും ചെറുബോട്ടുകളില്‍ വരുന്നവരുടെ എണ്ണം 90 ശതമാനമായി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബ്രിട്ടന്‍ 50ല്‍ ഒന്ന് എന്ന രീതിയില്‍ അല്‍ബേനിയക്കാരെ സ്വീകരിക്കുന്നുണ്ട്,’ അദ്ദേഹം പറഞ്ഞു.
ചെറു വള്ളങ്ങളില്‍ വരുന്നവരെ അവരുടെ ആളുകളില്‍ നാട്ടിലേക്ക് അല്ലെങ്കില്‍ റുവാണ്ട പോലെ സുരക്ഷിതമായ മൂന്നാം ലോക രാജ്യങ്ങളിലേക്കോ നാടുകടത്താന്‍ അനുവദിക്കുന്ന തന്റെ പുതിയ കുടിയേറ്റ വിരുദ്ധ ബില്ല് പാസാക്കണമെന്ന് പാര്‍ലമെന്റിനോട് സുനക് അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
മാര്‍ച്ചില്‍ നിയമസഭയില്‍ അനധികൃത കുടിയേറ്റ ബില്‍ അവതരിപ്പിച്ചിരുന്നു. ബ്രിട്ടീഷ് പാര്‍ലമെന്റ് ആഭ്യന്തര സെക്രട്ടറി സുവെല്ല ബ്രാവെര്‍മാന്‍ ആണ് ബില്‍ അവതരിപ്പിച്ചത്. അനധികൃതമായ മാര്‍ഗങ്ങളിലൂടെ യു.കെയിലെത്തുന്നവരെ തടയാനുള്ള നിര്‍ദ്ദേശങ്ങളാണ് ബില്‍ മുന്നോട്ടുവെക്കുന്നത്.
അനധികൃതമായി യു.കെയിലേക്ക് കടക്കാന്‍ ശ്രമിക്കുന്നവരെ രാജ്യത്ത് അഭയം തേടാന്‍ അനുവദിക്കില്ലെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. വ്യാജമായ മനുഷ്യാവകാശ വാദങ്ങള്‍ ഉപയോഗിച്ച് രാജ്യത്ത് തുടരാന്‍ സാധിക്കില്ലെന്നും ഇവരെ രാജ്യത്തു നിന്നും ബഹിഷ്‌ക്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
‘രാജ്യത്ത് അനധികൃതമായി കുടിയേറുന്നവര്‍ക്ക് രാജ്യത്തെ ആധുനിക അടിമത്ത സംരക്ഷണ നയങ്ങളെ ഉപയോഗപ്പെടുത്താന്‍ സാധിക്കില്ല. ഇത്തരക്കാര്‍ക്ക് മനുഷ്യാവകാശ വാദങ്ങള്‍ ഉന്നയിച്ച് രാജ്യത്ത് തുടരാനും സാധിക്കില്ല. ഇത്തരത്തില്‍ പിടിക്കപ്പെടുന്നവരെ രാജ്യത്തു നിന്നും എന്നെന്നേക്കുമായി ബഹിഷ്‌ക്കരിക്കും. അല്ലെങ്കില്‍ അവരുടെ സ്വന്തം നാട്ടിലേക്ക് പറഞ്ഞയക്കുകയോ സുരക്ഷിതമായ മറ്റൊരു രാജ്യത്തേക്ക് മാറ്റുകയോ ചെയ്യും,’ റിഷി സുനക് പറഞ്ഞു.