ലഖ്നൗ സൂപ്പര്‍ ജയന്റ്‌സ് നായക സ്ഥാനം രാജിവെച്ച് റിഷബ് പന്ത്. ഐ.പി.എല്ലില്‍ ഈ സീസണില്‍ എല്‍.എസ്.ജിയുടെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെയാണ് പന്തിന്റെ നിര്‍ണായക തീരുമാനം. ക്യാപ്റ്റന്‍ സ്ഥാനം ഒഴിയാന്‍ പന്ത് അഭ്യര്‍ത്ഥിച്ച വിവരം ലഖ്നൗ ഔദ്യോഗിക പ്രസ്താവനയിലൂടെ പുറത്തുവിട്ടു. എല്‍.എസ്.ജി ക്രിക്കറ്റ് ഡയറക്ടര്‍ പന്തിന്റെ ഈ തീരുമാനത്തെക്കുറിച്ച് പ്രതികരിക്കുകയും ചെയ്തു.
‘ഈ വിഷയത്തില്‍ റിഷബ് പന്ത് ഫ്രാഞ്ചൈസിയെ സമീപിച്ചു. അദ്ദേഹത്തിന്റെ അഭ്യര്‍ത്ഥന ഞങ്ങള്‍ ബഹുമാനപൂര്‍വ്വം സ്വീകരിച്ചു. ഇത്തരം തീരുമാനം എടുക്കുന്നത് ഒരിക്കലും എളുപ്പമുള്ള കാര്യമല്ല. ക്യാപ്റ്റനെന്ന നിലയില്‍ ഡ്രസിങ് റൂമിന് പന്ത് നല്‍കിയ സംഭാവനകള്‍ക്ക് ഞങ്ങള്‍ നന്ദിയുള്ളവരാണ്. ടീമിനെ പുനര്‍നിര്‍മ്മിക്കുന്നതിനും പുനഃസംഘടിപ്പിക്കുന്നതിനും ആണ് ഇപ്പോള്‍ ഞങ്ങള്‍ ശ്രദ്ധ നല്‍കുന്നത്,’ ടോം മൂഡി വ്യക്തമാക്കി.
Official announcement. pic.twitter.com/7WeOwpkDr6
— Lucknow Super Giants (@LucknowIPL) May 29, 2026
ഈ സീസണില്‍ പന്തിന്റെ കീഴില്‍ പത്താം സ്ഥാനത്തായിരുന്നു ലഖ്നൗ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമായിരുന്നു എല്‍.എസ്.ജി വിജയിച്ചത്. 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.
2025 മെഗാ ലേലത്തില്‍ 27 കോടിയുടെ വമ്പന്‍ തുക കൊടുത്താണ് പന്തിനെ ലഖ്നൗ സ്വന്തമാക്കിയത്. ഐ.പി.എല്‍ ചരിത്രത്തില്‍ തന്നെ ഏറ്റവും വിലയേറിയ താരമായിരുന്നു പന്ത്. എന്നാല്‍ ഇത്രയധികം തുക കൊടുത്തുകൊണ്ട് താരത്തെ ടീമിലെത്തിച്ചിട്ടും നിരാശപ്പെടുത്തിയ പ്രകടനമാണ് പന്ത് നടത്തിയത്. 2025ലും സമാനമായ പ്രകടനമായിരുന്നു ലഖ്നൗ കാഴ്ചവെച്ചത്.

റിഷബ് പന്ത്. Photo: IndianPremierLeague/x.com
2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സായിരുന്നു പന്ത് നേടിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്തിന്റെ പരാജയമാണ് ലഖ്നൗവിനെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്.
അതേസമയം അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പന്തിനെ നീക്കം ചെയ്തിരുന്നു. പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്.
Content Highlight: Rishabh Pant step down Lucknow super giants captain
