പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍
Cricket
പന്ത് ഇനി സഞ്ജുവിനൊപ്പം; ചരിത്രനേട്ടത്തില്‍ തിളങ്ങി ലഖ്നൗ നായകന്‍
സുദേവ് എ
Tuesday, 19th May 2026, 9:44 pm

ഐ.പി.എല്ലില്‍ ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് 221 റണ്‍സ് വിജയലക്ഷ്യം. രാജസ്ഥാന്റെ തട്ടകമായ സവായ് മാന്‍സിങ് സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത എല്‍.എസ്.ജി അഞ്ച് വിക്കറ്റ് നഷ്ടത്തിലാണ് 220 റണ്‍സ് അടിച്ചെടുത്തത്.

മിച്ചല്‍ മാര്‍ഷിന്റെയും ജോഷ് ഇംഗ്ലിസിന്റെയും വെടിക്കെട്ട് ഇന്നിങ്‌സിന്റെ കരുത്തിലാണ് ലഖ്നൗ മികച്ച ടോട്ടല്‍ സ്വന്തമാക്കിയത്. 57 പന്തില്‍ 96 റണ്‍സാണ് മാര്‍ഷ് അടിച്ചെടുത്തത്. സെഞ്ച്വറിക്ക് നാല് റണ്‍സകലെ ഓസീസ് താരം റണ്‍ ഔട്ടാവുകയിരുന്നു. ഇംഗ്ലിസ് 29 പന്തില്‍ 60 റണ്‍സും സ്വന്തമാക്കി. ഏഴ് ഫോറുകളും മൂന്ന് സിക്‌സുകളും അടങ്ങുന്നതാണ് താരത്തിന്റെ പ്രകടനം.

റിഷബ് പന്ത്. Photo: IndianPremierLeague/x.com

ക്യാപ്റ്റന്‍ റിഷബ് പന്തിന്റെ പ്രകടനവും ലഖ്നൗവിന് മികച്ച സ്‌കോര്‍ നല്‍കുന്നതില്‍ നിര്‍ണായകമായി. 23 പന്തില്‍ 35 റണ്‍സാണ് പന്ത് അടിച്ചെടുത്തത്. രണ്ട് വീതം ഫോറുകളും സിക്‌സുകളുമാണ് പന്ത് നേടിയത്.

മത്സരത്തില്‍ നേടിയ രണ്ട് സിക്സുകളോടെ ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടുന്ന രണ്ടാമത്തെ താരമായും പന്ത് മാറി. 175 സിക്‌സുകളാണ് പന്ത് അടിച്ചെടുത്തത്. ഈ പട്ടികയില്‍ മലയാളി താരം സഞ്ജു സാംസണിനൊപ്പമാണ് ലഖ്നൗ നായകന്‍.

ഐപിഎല്ലില്‍ വിക്കറ്റ് കീപ്പറെന്ന നിലയില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം

എം.എസ് ധോണി-259

റിഷബ് പന്ത്-175

സഞ്ജു സാംസണ്‍-175

കെ.എല്‍ രാഹുല്‍-170

ദിനേശ് കാര്‍ത്തിക്-147

രാജസ്ഥാന്‍ ബൗളിങ്ങില്‍ യാഷ് പുഞ്ച രണ്ട് വിക്കറ്റുകളും ജോഫ്ര അര്‍ച്ചര്‍ ഒരു വിക്കറ്റും സ്വന്തമാക്കി.

അതേസമയം ഈ മത്സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് വിജയം അനിവാര്യമാണ്. പ്ലേ ഓഫ് പ്രതീക്ഷകള്‍ സജീവമാക്കണമെങ്കില്‍ രാജസ്ഥാന്‍ ഇന്ന് എല്‍.എസ്.ജിയെ മറികടക്കണം. എന്നാല്‍ മറുഭാഗത്ത് എല്‍.എസ്.ജി നേരത്തെ പുറത്തായിരുന്നു. ഇനിയുള്ള മത്സരങ്ങളെല്ലാം വിജയിച്ചുകൊണ്ട് മടങ്ങാനാവും പന്തും സംഘവും ലക്ഷ്യം വെക്കുക.

Content Highlight: Rishabh Pant reached Sanju Samson  huge record in ipl

സുദേവ് എ
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.