ലക്ഷ്യം ഒറ്റ ഇന്ത്യക്കാരനും അടിക്കാത്ത 'സെഞ്ച്വറി' ചരിത്രത്തിലേക്ക് പറന്നുയരാന്‍ പന്ത്
Cricket
ലക്ഷ്യം ഒറ്റ ഇന്ത്യക്കാരനും അടിക്കാത്ത 'സെഞ്ച്വറി' ചരിത്രത്തിലേക്ക് പറന്നുയരാന്‍ പന്ത്
Sudev A
Friday, 5th June 2026, 3:27 pm

ഇന്ത്യ-അഫ്ഗാനിസ്ഥാന്‍ വണ്‍ ഓഫ് ടെസ്റ്റ് മത്സരത്തിന് നാളെയാണ് തുടക്കമാവുന്നത്. പഞ്ചാബിലെ മുല്ലാന്‍പൂരിലാണ് മത്സരം നടക്കുന്നത്. ഐ.പി.എല്ലിന് ശേഷം ഇന്ത്യ ആദ്യമായി കളത്തിലിറങ്ങുന്ന പരമ്പരയാണിത്. ഐ.പി.എല്ലിൽ ലഖ്‌നൗ സൂപ്പർ ജയന്റ്സിനൊപ്പം നിരാശപ്പെടുത്തിയ പ്രകടനം നടത്തിയ റിഷബ് പന്തിന്റെ തിരിച്ചുവരവാണ് ഈ പരമ്പരയിൽ ആരാധകർ ഉറ്റുനോക്കുന്നത്.

റിഷബ് പന്തിന് ഈ പരമ്പരയില്‍ തിളങ്ങാന്‍ സാധിച്ചാല്‍ ഒരു ചരിത്രനേട്ടവും സ്വന്തമാക്കാന്‍ സാധിക്കും. ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യക്ക് വേണ്ടി 100 സിക്‌സുകള്‍ നേടുന്ന ആദ്യ താരമെന്ന നേട്ടമാണ് പന്തിന്റെ മുന്നിലുള്ളത്. ഇതുവരെ 49 ടെസ്റ്റില്‍ 86 ഇന്നിങ്സുകളില്‍ നിന്നും 94 സിക്‌സുകളാണ് പന്ത് അടിച്ചെടുത്തത്.

ആറ് സിക്‌സുകള്‍ നേടാനായാല്‍ ഈ ചരിത്രനേട്ടവും പന്തിന് സ്വന്തമാക്കാനാവും. ടെസ്റ്റില്‍ മൂന്ന് താരങ്ങള്‍ മാത്രമാണ് 100 സിക്‌സുകള്‍ നേടിയിട്ടുള്ളൂ. ബെന്‍ സ്റ്റോക്‌സ്, ബ്രെണ്ടന്‍ മക്കല്ലം, ആദം ഗില്‍ക്രിസ്റ്റ് എന്നിവരാണ് ഈ നേട്ടം കൈവരിച്ചിട്ടിട്ടുള്ളത്. ആറ് സിക്‌സുകള്‍ കൂടി നേടിയാല്‍ ഈ ലിസ്റ്റില്‍ നാലാമനാവാനും പന്തിന് സാധിക്കും.

റിഷബ് പന്ത്

ടെസ്റ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സുകള്‍ നേടിയ താരം, സിക്‌സുകളുടെ എണ്ണം, ടീം

ബെന്‍ സ്റ്റോക്‌സ്-136-ഇംഗ്ലണ്ട്

ബ്രെണ്ടന്‍ മക്കല്ലം-107-ന്യൂസിലാന്‍ഡ്

ആദം ഗില്‍ക്രിസ്റ്റ്-100-ഓസ്‌ട്രേലിയ

ക്രിസ് ഗെയ്ല്‍-98-വെസ്റ്റ് ഇന്‍ഡീസ്

ടിം സൗത്തി-98-ന്യൂസിലാന്‍ഡ്

ജാക് കാലിസ്-97-സൗത്ത് ആഫ്രിക്ക

റിഷബ് പന്ത്-94-ഇന്ത്യ

വിരേന്ദര്‍ സെവാഗ്-91-ഇന്ത്യ

എയ്ഞ്ചലോ മാത്യൂസ്-90-ശ്രീലങ്ക

ബ്രയാന്‍ ലാറ-88-വെസ്റ്റ് ഇന്‍ഡീസ്

രോഹിത് ശര്‍മ-88-ഇന്ത്യ

അതേസമയം 2026 ഐ.പി.എല്‍ സീസണില്‍ പന്തിന്റെ കീഴില്‍ പത്താം സ്ഥാനത്തായിരുന്നു ലഖ്‌നൗ ഫിനിഷ് ചെയ്തത്. 14 മത്സരങ്ങളില്‍ നാല് മത്സരങ്ങള്‍ മാത്രമായിരുന്നു എല്‍.എസ്.ജി വിജയിച്ചത്. 10 മത്സരങ്ങളില്‍ പരാജയപ്പെടുകയും ചെയ്തു.

2026 ലെ ഐ.പി.എല്ലില്‍ 14 മത്സരങ്ങളില്‍ നിന്ന് 28.36 ശരാശരിയില്‍ 312 റണ്‍സ് മാത്രമാണ് പന്ത് നേടിയത്. കഴിഞ്ഞ സീസണില്‍ 14 മത്സരങ്ങളില്‍ നിന്ന് 269 റണ്‍സായിരുന്നു പന്ത് നേടിയത്. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും പന്തിന്റെ പരാജയമാണ് ലഖ്‌നൗവിനെ തകര്‍ച്ചയിലേക്ക് എത്തിച്ചതെന്നാണ് ക്രിക്കറ്റ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. സീസണിലെ മോശം പ്രകടനങ്ങള്‍ക്ക് പിന്നാലെ പന്ത് എല്‍.എസ്.ജി ക്യാപ്റ്റന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തു.

ഈ പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ വൈസ് ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും പന്തിനെ നീക്കം ചെയ്തിരുന്നു. പന്തിന് പകരം കെ.എല്‍ രാഹുലിനെയാണ് വൈസ് ക്യാപ്റ്റനായി നിയമിച്ചത്. ഇപ്പോള്‍ റെഡ് ബോള്‍ ക്രിക്കറ്റിലൂടെ ശക്തമായി തിരിച്ചു വരാന്‍ ഒരുങ്ങുകയാണ് താരം.

അഫ്ഗാനിസ്ഥാനെതിരെയുള്ള ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യ സ്‌ക്വാഡ്

ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), യശസ്വി ജെയ്‌സ്വാള്‍, കെ.എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), സായ് സുദര്‍ശന്‍, റിഷബ് പന്ത്, ദേവദത്ത് പടിക്കല്‍, വാഷിങ്ടണ്‍ സുന്ദര്‍, കുല്‍ദീപ് യാദവ്, മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ, മാനവ് സുത്താര്‍, ഗുര്‍നൂര്‍ ബ്രാര്‍, ഹര്‍ഷ് ദുബെ, ധ്രുവ് ജുറെല്‍.

Content Highlight: Rishabh Pant need six sixes to complete 100 six in test cricket

Sudev A
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. നിലവില്‍ ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി.