ഇതിഹാസങ്ങളെ നിരത്തിവെട്ടിയ സ്‌പെഷ്യല്‍ സെഞ്ച്വറി; ലോക ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരന്‍
Cricket
ഇതിഹാസങ്ങളെ നിരത്തിവെട്ടിയ സ്‌പെഷ്യല്‍ സെഞ്ച്വറി; ലോക ചരിത്രത്തിലെ ആദ്യ ഇന്ത്യക്കാരന്‍
ശ്രീരാഗ് പാറക്കല്‍
Tuesday, 18th August 2026, 2:10 pm

അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രം കുറിച്ച് ഇന്ത്യന്‍ സൂപ്പര്‍ താരം റിഷബ് പന്ത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തില്‍ മിന്നും പ്രകടനം പുറത്തെടുത്ത പന്ത് ടെസ്റ്റ് കരിയറില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കിയിരിക്കുകയാണ്. ഇന്ത്യയ്ക്കായി ഈ വമ്പന്‍ മൈല്‍സ്റ്റോണിലെത്തുന്ന ആദ്യ താരമാണ് റിഷബ് പന്ത്. മറ്റൊരു ഇന്ത്യന്‍ താരത്തിനും ഇതുവരെ 100 സിക്‌സര്‍ പൂര്‍ത്തിയാക്കാന്‍ സാധിച്ചിട്ടില്ലായിരുന്നു. ക്രിക്കറ്റ് ചരിത്രത്തിലെ ഇതിഹാസ താരങ്ങളെ മറികടന്നാണ് പന്ത് ഈ നേട്ടത്തിലെത്തിയത്. മാത്രമല്ല ടെസ്റ്റ് ക്രിക്കറ്റിന്റെ തന്നെ ചരിത്രത്തില്‍ 100 സിക്‌സര്‍ പൂര്‍ത്തിയാക്കുന്ന നാലാമത്തെ താരമായിരിക്കുകയാണ് പന്ത്.

ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്‌സര്‍ നേടുന്ന താരങ്ങള്‍

ബെന്‍ സ്റ്റോക്സ് (ഇംഗ്ലണ്ട്) – 138

ബ്രണ്ടന്‍ മക്കല്ലം (ന്യൂസിലാന്‍ഡ്) – 107

ആദം ഗില്‍ക്രിസ്റ്റ് (ഓസ്ട്രേലിയ) – 100

റിഷബ് പന്ത് (ഇന്ത്യ) – 100*

ടിം സൗത്തി (ന്യൂസിലാന്‍ഡ്) – 98

ക്രിസ് ഗെയ്ല്‍ (വെസ്റ്റ് ഇന്‍ഡീസ്) – 98

ജാക്വസ് കാലിസ് (സൗത്ത് ആഫ്രിക്ക) – 97

വിരേന്ദര്‍ സെവാഗ് (ഇന്ത്യ) – 91

മത്സരത്തില്‍ മറ്റ് താരങ്ങള്‍ക്ക് ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കാഞ്ഞപ്പോള്‍ പന്താണ് ടീമിന്റെ സ്‌കോര്‍ ഉയര്‍ത്തിയത്. 69 പന്തില്‍ രണ്ട് സിക്‌സും എട്ട് ഫോറും ഉള്‍പ്പെടെ 66 റണ്‍സ് നേടിയാണ് പന്ത് കൂടാരം കയറിയത്.

നിലവില്‍ 42 ഓവര്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടാം ഇന്നിങ്‌സില്‍ ബാറ്റ് ചെയ്യുന്ന ഇന്ത്യ ആറ് വിക്കറ്റ് നഷ്ടത്തില്‍ 178 റണ്‍സാണ് നേടിയത്. ക്രീസിലുള്ളത് രവീന്ദ്ര ജഡേജയും മാനവ് സുതറുമാണ്.

ദേവ്ദത്ത് പടിക്കല്‍ ഇന്ത്യയുടെ ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോകാന്‍ ശ്രമിച്ചെങ്കിലും 44 റണ്‍സിന് പുറത്താകുകയായിരുന്നു. 75 പന്തില്‍ നിന്ന് ആറ് ഫോര്‍ ഉള്‍പ്പെടെയാണ് പടിക്കല്‍ സ്‌കോര്‍ ചെയ്തത്.
താരത്തിന് പുറമെ കെ.എല്‍. രാഹുല്‍ 35 റണ്‍സിനും ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ എട്ട് റണ്‍സിനും കൂടാരം കേറി.

അതേസമയം ഒന്നാം ഇന്നിങ്‌സില്‍ ഇന്ത്യ 462 റണ്‍സിന് ഓള്‍ ഔട്ട് ആയപ്പോള്‍ ലങ്ക 284 റണ്‍സിനും പുറത്തായിരുന്നു. ശ്രീലങ്കന്‍ നിരയില്‍ മികച്ച ബാറ്റിങ് പ്രകടനം നടത്തിയത് സോനല്‍ ദിനുഷയാണ്. 168 പന്തുകളില്‍ നിന്നും 100 റണ്‍സ് നേടിയാണ് താരം തിളങ്ങിയത്. നാല് ഫോറുകളും രണ്ട് സിക്സുകളുമാണ് താരത്തിന്റെ ബാറ്റില്‍ നിന്നും പിറന്നത്. നിരോഷന്‍ ഡിക്‌വെല്ല അര്‍ധ സെഞ്ച്വറിയും സ്വന്തമാക്കി. 115 പന്തില്‍ 80 റണ്‍സാണ് താരം നേടിയത്.

ഇന്ത്യന്‍ ബൗളിങ്ങില്‍ നാല് വിക്കറ്റുകള്‍ നേടി മാനവ് സുതര്‍ തിളങ്ങിയപ്പോള്‍ രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും നേടി ശ്രീലങ്കന്‍ ബാറ്റിങ് നിരയെ തകര്‍ത്തു. മുഹമ്മദ് സിറാജ്, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ ഓരോ വിക്കറ്റും കൈപ്പിടിയിലാക്കി.

Content Highlight: Rishabh Pant Complete 100 Sixes In Test Cricket

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ